വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന് തള്ളി. താല്‍ക്കാലിക ധാരണയല്ല, സ്ഥിരവും നീതിപൂര്‍വവുമായ പരിഹാരമാണ് ആവശ്യമെന്നും, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഇറാന് വ്യക്തമാക്കി. ഇസ്രായേലിന്റെ സൈനിക നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ വെറും ഇടക്കാല വെടിനിര്‍ത്തലിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് ടെഹ്റാന്റെ നിലപാട്. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ നീളുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു
ജൂലൈ 18-ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 1.08 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 676.237 ബില്യണ്‍ ഡോളറിലെത്തി. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിദേശ കറന്‍സി ആസ്തികളിലെ വര്‍ധനയാണ് ശേഖരം ഉയരാന്‍ പ്രധാന കാരണം. കരുതല്‍ സ്വര്‍ണ ശേഖരത്തിലും ചെറിയ ഇടിവുണ്ടായി. ഇന്ത്യയുടെ കരുതല്‍ സ്വര്‍ണത്തിന്റെ മൂല്യം 3.45 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 101.74 ബില്യണ്‍ ഡോളറിലെത്തി. ശക്തമായ വിദേശനാണ്യ ശേഖരം രൂപയുടെ സ്ഥിരതയ്ക്കും ബാഹ്യ സാമ്പത്തിക ആഘാതങ്ങളെ നേരിടുന്നതിനും ഇന്ത്യയ്ക്ക് കരുത്ത് നല്‍കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
രാസവസ്തു ഉല്‍പ്പാദനം ഉയര്‍ത്താന്‍ ‘ഭവ്യ രസായന്‍’ പദ്ധതി
രാജ്യത്ത് രാസവ്യവസായ മേഖലയിലെ ഉല്‍പ്പാദനവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ 3,030 കോടി രൂപ ചെലവില്‍ ‘ഭവ്യ രസായന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് വലിയ കെമിക്കല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കല്‍, വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യയെ ആഗോള രാസവ്യവസായ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിലെ പ്രധാന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കാനിന് ക്ഷാമം; കോളക്ക് വില കൂട്ടി കോക്ക്
ഇന്ത്യയില്‍ ഡയറ്റ് കോക്കിന്റെ വില 10 ശതമാനത്തിലധികം വര്‍ധിപ്പിച്ച് കൊക്കക്കോള. ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവും അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയുമാണ് ഉല്‍പ്പന്ന വില കൂട്ടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം അലുമിനിയം കാനുകള്ക്കുണ്ടായ ക്ഷാമമാണ് കോള കമ്പനിക്ക് തിരിച്ചടിയായത്.
സില്‍വര്‍സ്റ്റോം ഐപിഒയ്ക്ക് മികച്ച തുടക്കം
പ്രമുഖ വിനോദസഞ്ചാര-തീം പാര്‍ക്ക് ശൃംഖലയായ സില്‍വര്‍സ്റ്റോമിന്റെ ഐപിഒയ്ക്ക് മികച്ച തുടക്കം. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 21.97 കോടി രൂപ സമാഹരിച്ച ആവേശത്തിലാണ് വെള്ളിയാഴ്ച ഐപിഒ ഓപ്പണായത്. ആദ്യദിനം ഓഹരി 0.28 തവണയാണ് സ്ബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. റേഡിയന്റ് ഗ്ലോബല്‍ ഫണ്ട് (മൗറീഷ്യസ്), എസ്എംസി ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, വിബി ക്യൂബ് വെഞ്ച്വേഴ്സ് ഫണ്ട് എന്നിവ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്നായി ആകെ 21.97 കോടി രൂപ സില്‍വര്‍സ്റ്റോം സമാഹരിച്ചു. ജൂലൈ 28 വരെ സില്‍വര്‍സ്റ്റോം ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ട്.




