2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കേരളത്തിലും മാഹിയിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ‘പബ്ലിക് വ്യൂവിംഗ് റൈറ്റ്സ്’ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്സി കേരള സ്വന്തമാക്കി. ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ‘സീ ടിവി’യില്‍നിന്നാണ് മേത്തര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഈഗിള്‍സ് എഫ്സി കേരള ഈ അവകാശം നേടിയത്. ഇതോടെ കേരളത്തിലും മാഹിയിലും സംഘടിപ്പിക്കുന്ന എല്ലാത്തരം പൊതുജന സ്ക്രീനിങ്ങുകള്‍ക്കും ഈഗിള്‍സ് എഫ്സി കേരളയുടെ മുന്‍കൂര്‍ അനുമതിയും ലൈസന്‍സും നിര്‍ബന്ധമാകും.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഔദ്യോഗിക ലോഞ്ചിങ് ചടങ്ങില്‍ വെച്ച് സീ5 മലയാളം-തമിഴ് ബിസിനസ് ഹെഡ് ലോയ്ഡ് സേവ്യര്‍, ഈഗിള്‍സ് എഫ്സി കേരളയുടേയും മേത്തര്‍ ഗ്രൂപ്പിന്റേയും ചെയര്മാന് ഷാഫി മേത്തര്‍ക്ക് അവകാശരേഖകള്‍ കൈമാറി. ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.
എല്ലാ ജില്ലകളിലും ഒഫീഷ്യല്‍ ഫാന്‍ പാര്‍ക്കുകള്‍
ലോകകപ്പ് സെമി ഫൈനലുകള്‍, തേര്‍ഡ് പ്ലേസ് പ്ലേയോഫ്, ഫൈനല്‍ മത്സരങ്ങള്‍ എന്നിവ ബിഗ് എല്‍ഇഡി സ്ക്രീനുകളില്‍ തത്സമയം കാണിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഈഗിള്‍സ് എഫ്സി കേരള ഔദ്യോഗിക ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കും.
കേരളത്തിലെ ഫുട്ബോള്‍ ആവേശത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ മാത്രം 7 ഔദ്യോഗിക ഫാന്‍ പാര്‍ക്കുകളാണ് ഒരുങ്ങുന്നത്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഈ ഫാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുക. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തില്‍ മലയാളിക്ക് ലോകകപ്പ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഫാന്‍ പാര്‍ക്കുകളില്‍ അരങ്ങേറും.
കേരള ഫുട്ബോള്‍ അസോസിയേഷന്റെയും (കെഎഫ്എ) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വ്യാജ സ്ക്രീനിങ്ങുകള്‍ക്ക് തടയിടും
ഫിഫയുടെ ചട്ടങ്ങള്‍ക്കും ഐപിആര്‍ (ഐപി റൈറ്റ്സ്) നിയമങ്ങള്‍ക്കും വിധേയമായി കേരളത്തിലും മാഹിയിലും നടക്കുന്ന എല്ലാ പൊതു സ്ക്രീനിങ്ങുകള്‍ക്കും ഈഗിള്‍സ് എഫ്സി കേരളയുടെ ലൈസന്‍സ് ഉണ്ടായിരിക്കണം. മുന്‍കാലങ്ങളിലെ വ്യാജവും നിയമവിരുദ്ധവുമായ സ്ക്രീനിങ്ങുകള്‍ ഒഴിവാക്കി സുരക്ഷിതവും നിയമപരവുമായ രീതിയില്‍ ആരാധകരിലേക്ക് ലോകകപ്പ് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൈസന്‍സിങ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.EaglesFCKerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ലൈസന്‍സ് ആര്‍ക്കെല്ലാം?
വാണിജ്യ സ്ഥാപനങ്ങള്‍: ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, മാളുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, പ്രൊഫഷണല്‍ ഇവന്റ് ഓര്‍ഗനൈസര്‍മാര്‍.
പ്രാദേശിക കൂട്ടായ്മകള്‍: സന്നദ്ധ സംഘടനകള്‍, ഫാന്‍സ് ക്ലബ്ബുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പ്രാദേശിക സ്പോര്‍ട്സ് ക്ലബ്ബുകള്‍.
റസിഡന്‍ഷ്യല്‍ ഏരിയകള്‍: റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഹൗസിങ് സൊസൈറ്റികള്‍ എന്നിവടങ്ങളില്‍ നടത്തുന്ന കൂട്ടായ്മ സ്ക്രീനിങ്ങുകള്‍.
പ്രവേശന ഫീസ് ഈടാക്കുന്നതോ അല്ലാത്തതോ ആയ എല്ലാ പൊതുപ്രദര്‍ശനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ വീടുകളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് കാണുന്ന സ്വകാര്യ ദൃശ്യങ്ങള്‍ക്ക് ഇത് ബാധകമല്ല.




