ഓഹരി വിപണിയിൽ വീണ്ടും കനത്ത തിരിച്ചടി. ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് 600 പോയിന്റിലധികം ഇടിഞ്ഞു. ഇതോടെ സൂചിക 77,000ന് താഴെയെത്തി. അതേസമയം, നിഫ്റ്റിയും കനത്ത സമ്മർദത്തിലാണ്. 24,000 പോയിന്റിന് താഴേക്ക് വീണ്ടും വീഴുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും വിപണി നിരീക്ഷകരും.
ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണികളിലെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളറിന് മുകളിലെത്തിയതോടെ ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു. ഉയർന്ന എണ്ണവില പണപ്പെരുപ്പത്തിനും വ്യാപാരക്കമ്മിക്കും കമ്പനികളുടെ ലാഭക്ഷമതയ്ക്കും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.
ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി താരിഫ് ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഫാർമ ഓഹരികളെ ശക്തമായി ബാധിച്ചു. ഇതോടെ ഫാർമ സൂചിക ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു. സിപ്ല, സൺ ഫാർമ, ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് എന്നിവയുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ഇതിനൊപ്പം എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയുടെ ഓഹരികളും സമ്മർദത്തിലായി.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




