സൗദി എണ്ണക്കപ്പലുകള്‍ മടങ്ങി
ഇറാന് വളരെ വലിയ പ്രശ്നത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കഴിഞ്ഞ 20 വര്‍ഷമായി ഇറാന് എവിടെയാണ് നിക്ഷേപം നടത്തിക്കൊണ്ടിരുന്നതെന്ന് അവരുടെ തിരിച്ചടിയില്‍ നിന്ന് വ്യക്തമാണെന്നും ഫിലിപ്പീന്‍സില്‍ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ റൂബിയോ പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണം ചെറുത്തെന്ന് ജോര്‍ദാന്‍ അറിയിച്ചു. ഇന്ത്യയിലേക്കും ചൈനയിലേക്കും ക്രൂഡ് ഓയിലുമായി പുറപ്പെട്ട മൂന്ന് സൗദി അറേബ്യ കപ്പലുകള്‍ ചെങ്കടലില്‍ ഹൂത്തികളുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് പിന്തിരിഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം പ്രതിസന്ധിക്കാലത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളര്‍ തൊട്ടു. ജൂണ്‍ 26-ന് 72 ഡോളറായിരുന്ന ബ്രെന്റ് വില ഒരു മാസത്തിനുള്ളില്‍ ഏകദേശം 29% ഉയര്‍ന്നാണ് ഈ നിലയിലെത്തിയത്. എണ്ണക്കപ്പലുകളുടെ ഗതാഗതം കുത്തനെ കുറഞ്ഞതും പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമായതുമാണ് വിലക്കയറ്റത്തിന് കാരണം. ഹോര്‍മുസിലൂടെയുള്ള എണ്ണവ്യാപാരം തല്ക്കാലം നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികളും തീരുമാനിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഇറാഖില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ റദ്ദാക്കി.
ബിപിസിഎലിന് 3,962 കോടി രൂപ അറ്റ നഷ്ടം
ജൂണ്‍ പാദത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎലിന് 3,962 കോടി രൂപയുടെ അറ്റ നഷ്ടം. ഇറാന് യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ 6124 കോടി രൂപ ലാഭത്തിലായിരുന്നു ബിപിസിഎല്‍. അതേസമയം കമ്പനിയുടെ വരുമാനം 23% ഉയര്‍ന്ന് 1,59,479 കോടി രൂപയിലെത്തി.
വേദാന്തക്ക് തിരിച്ചടി
ഗുജറാത്തിലെ സുവാലി ഓഫ്ഷോര്‍ ഓയില്‍ ബ്ലോക്കിന്റെ പ്രവര്‍ത്തനാവകാശം വേദാന്തയില്‍ നിന്ന് ഏറ്റെടുത്ത് ഒഎന്‍ജിസിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഡെല്‍ഹി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാരിനെ സമ്മര്‍ദത്തിന് വിധേയമാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, വേദാന്തയുടെ ഹര്‍ജി തള്ളുകയും ഒഎന്‍ജിസിയുടെ ഏറ്റെടുക്കല്‍ അംഗീകരിക്കുകയുമായിരുന്നു. സര്‍ക്കാരിന്റെ വിഹിതം വേദാന്ത ഏകപക്ഷീയമായി വെട്ടിക്കുറച്ചത് കരാര്‍ ദീര്‍ഘിപ്പിക്കാതിരിക്കാന്‍ മതിയായ കാരണമാണെന്ന് കോടതി നിരീക്ഷിച്ചു.
സ്വര്‍ണവില കുതിക്കുന്നു
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 1% ഉയര്‍ന്ന് 4117 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 210 രൂപ ഉയര്‍ന്ന് 13,430 രൂപയായി. പവന് 1,680 രൂപ ഉയര്‍ന്ന് 1,06,440 രൂപയാണ് ഇന്നത്തെ വില. ഇന്ത്യ-യുകെ വ്യാപാര കരാര്‍ പ്രകാരം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് യുകെയിലേക്ക് ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു. ഡെല്‍ഹിയില്‍ വാണിജ്യ ഭവനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിന്‍ഡി കാമറോണ്‍, കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേ,് അഗര്‍വാള്‍, മലബാര്‍ ഗോള്‍ഡ് നോര്‍ത്ത് ഇന്ത്യ റീജണല്‍ ഹെഡ് മുഹമ്മദ് ജിഷാദ് എന്നിവര്‍ പങ്കെടുത്തു.




