പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു
ഗള്‍ഫ് മേഖലയിലാകെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തി ഇറാന്. യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ആമസോണിന്റെ ബഹ്റൈനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നടത്തിയ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാനില്‍ തുര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചു
ട്രംപിന്റെ താരിഫിനെതിരെ കാനഡ
കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50% അധിക തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ശക്തമായി വിമര്‍ശിച്ചു. ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമായ നടപടിയാണ് ട്രംപിന്റേതെന്നും കാനഡയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ പുതിയ സംഘര്‍ഷത്തിന് ഈ നീക്കം വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
എണ്ണവില 90 ഡോളറിനരികെ
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും തുടരുന്നതിനിടെ ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഒരു ശതമാനത്തോളം ഉയര്‍ന്ന് 89.75 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില. ക്രൂഡ് വില ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയും ഇന്ന് സമ്മര്‍ദ്ദത്തിലായിരുന്നു. നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 24,187 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 238 പോയന്റ് നഷ്ടത്തില്‍ 77470 ല്‍ ക്ലോസ് ചെയ്തു.
സ്വര്‍ണം കുതിക്കുന്നു
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണര്‍വ് ദൃശ്യമാണ്. 1.5% ഉയര്‍ന്ന് 4067 ഡോളറിലാണ് ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,220 രൂപയിലെത്തി. പവന് 560 രൂപ ഉയര്‍ന്ന് 1,05,760 രൂപയാണ് ഇന്നത്തെ വില.
എസ്ബിഐ ഫണ്ട്സിന് തണുത്ത അരങ്ങേറ്റം
എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഓഹരിക്ക് വിപണിയില്‍ തണുത്ത അരങ്ങേറ്റം. ആദ്യ ദിനം ലാഭമെടുപ്പിനെ തുടര്‍ന്ന് ലിസ്റ്റിംഗ് വിലയ്ക്ക് താഴെയാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 613.30 ലാണ് എന്‍എസ്ഇയില്‍ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഓഹരി ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 574 നെ അപേക്ഷിച്ച് 6.85% നേട്ടം മാത്രമാണ് ലിസ്റ്റിംഗില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചത്. വില്‍പ്പന സമ്മര്‍ദം ശക്തമായതോടെ 609.75 ലേക്ക് താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ലിസ്റ്റിംഗ് വിലയേക്കാള്‍ 0.58% താഴെയാണ് ഇത്. എങ്കിലും ഐപിഒ വിലയെ അപേക്ഷിച്ച് ഏകദേശം 6.3% നേട്ടം നിലനിര്‍ത്തി. കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 1.24 ലക്ഷം കോടി രൂപയാണ്. ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍, ഓഹരിക്ക് 750 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐപിഒ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 31% വരെ വളര്‍ച്ചാ സാധ്യത ഓഹരിക്ക് ഉണ്ടെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തല്‍.




