വിപണി മൂല്യത്തില്‍ തായ്വാന് വിപണിയെയും ദക്ഷിണ കൊറിയന്‍ വിപണിയെയും പിന്നിലാക്കി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അഞ്ചാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യന്‍ വിപണി. 5.05 ട്രില്യണ്‍ ഡോളറിലേക്കാണ് ഇന്ത്യന്‍ വിപണിയുടെ മൂല്യം ഉയര്‍ന്നത്. തായ്വാന് വിപണിയുടെ മൂല്യം 4.97 ട്രില്യണ്‍ ഡോളറും ദക്ഷിണ കൊറിയന്‍ വിപണിയുയേത് 4.66 ട്രില്യണ്‍ ഡോളറുമാണ്. എഐ, സെമികണ്ടക്റ്റര്‍, ടെക് ഓഹരികളിലെ വമ്പന്‍ വിറ്റഴിക്കലാണ് തായ്വാന്, കൊറിയ വിപണികളെ പിന്നോട്ടടിച്ചത്. ഈ ഓഹരികളിലെ അതിശക്തമായ മുന്നേറ്റമാണ് രണ്ട് വിപണികളെയും കഴിഞ്ഞ ആഴ്ചകളില്‍ കുതിപ്പിന് സഹായിച്ചിരുന്നത്.
അതേസമയം ആഴ്ചയുടെ ആദ്യ വ്യാപാരദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 372 പോയിന്റ് ഇടിഞ്ഞ് 76,728 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി നിര്‍ണായക ലെവലായ 24,000-ന് താഴെ 23,946 ല്‍ വ്യാപാരം അവസാനിപ്പിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി ഉള്‍പ്പെടെയുള്ള ഓട്ടോ ഓഹരികളിലുണ്ടായ കനത്ത വില്‍പ്പനയാണ് വിപണിയെ പ്രധാനമായും ഇടിച്ചത്. ആഗോള വിപണിയിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ ലാഭമെടുപ്പും വിപണിക്ക് സമ്മര്‍ദ്ദമായി. അതേസമയം ഫാര്‍മ, മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി.
പെര്സിസ്റ്റന്റിന്റെ 8,500 കോടി രൂപയുടെ ഏറ്റെടുക്കല്‍; വിപണി ആശങ്കയില്‍
ഐടി കമ്പനിയായ പെഴ്സിസ്റ്റന്റ് സിസ്റ്റംസ്, യൂറോപ്യന്‍ ഐടി സേവന സ്ഥാപനമായ നഗാരോയുടെ ജര്‍മന്‍ യൂണിറ്റ് ഏകദേശം 8,500 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ആശങ്ക ശക്തമായി. ഇത്രയും വലിയ ഏറ്റെടുക്കല്‍ വിജയകരമായി സംയോജിപ്പിക്കാനും ലാഭക്ഷമത മെച്ചപ്പെടുത്താനും കഴിയുമോയെന്ന സംശയമാണ് നിക്ഷേപകരെ അലട്ടുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 10% ഇടിഞ്ഞു. ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഈ ഏറ്റെടുക്കല്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ഇറാന് യോഗത്തിന് അപേക്ഷിച്ചെന്ന് ട്രംപ്, നിഷേധിച്ച് ടെഹ്റാന്
ഇറാനിലെ അനിശ്ചിതാവസ്ഥ ലോകത്തെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇറാന് ഒരു യോഗത്തിനായി അപേക്ഷിച്ചെന്നും ചൊവ്വാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഈ യോഗം നടക്കുമെന്നും യുഎസ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇത്തരത്തില്‍ ഒരു യോഗവും നടക്കുന്നില്ലെന്ന് ഇറാന് വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചു. ദൂതന്മാര് മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്സിസ് ബാങ്ക് സിഎഫ്ഒ പുനീത് ശര്‍മ്മ രാജിവെച്ചു
ആക്സിസ് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പുനീത് ശര്‍മ്മ രാജിവെച്ചു. ആറ് വര്‍ഷത്തിലേറെ ബാങ്കിന്റെ ധനകാര്യ വിഭാഗത്തിന് നേതൃത്വം നല്കിയ അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്ന് ബാങ്ക് അറിയിച്ചു. ജൂലൈ 31 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. പുതിയ സിഎഫ്ഒയെ നിയമിക്കുന്നതിനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ആക്സിസ് ബാങ്ക് ഓഹരികള്‍ 1.48% ഇടിഞ്ഞു.
ഭവന വില്‍പ്പന 6% ഇടിഞ്ഞു
ഇന്ത്യയിലെ മുന്‍നിര നഗരങ്ങളിലെ ഭവന വില്‍പ്പന ഈ വര്‍ഷം 6 ശതമാനം കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. ഉയര്‍ന്ന ഭവനവില, വായ്പാ പലിശനിരക്ക്, സാമ്പത്തിക അനിശ്ചിതത്വം എന്നിവ കാരണം ഉപഭോക്താക്കള്‍ വീട് വാങ്ങലുകള്‍ നീട്ടിവയ്ക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രത്യേകിച്ച് പ്രീമിയം, ലക്ഷ്വറി സെഗ്മെന്റുകളിലാണ് ആവശ്യകതയില്‍ കൂടുതല്‍ മന്ദഗതി അനുഭവപ്പെടുന്നത്. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരവല്‍ക്കരണവും വരുമാന വര്‍ധനവും ഭവന വിപണിക്ക് പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണവിലയില്‍ ഇടിവ്
സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 ല്‍ എത്തി. പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വര്‍ണവില 1 ശതമാനത്തോളം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4048 ഡോളറിലാണ്.




