മോദി പിടിച്ചത് 3.5 ലക്ഷം കോടിയുടെ നിക്ഷേപം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 5 ദിവസത്തെ വിദേശയാത്ര ഇന്ത്യയിലേക്കെത്തിക്കുക 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം. അഞ്ച് രാജ്യങ്ങളിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെ സെമികണ്ടക്റ്റര്‍, അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ്, ടെക്നോളജി, മനുപാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ അന്‍പതിലേറെ സിഇഒമാരുമായി മോദി ചര്‍ച്ചകള്‍ നടത്തി. ഈ കമ്പനികളുടെ സംയോജിത മൂലധനം 3 ട്രില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ ആകെ ജിഡിപി 4.15 ട്രില്യണ്‍ ഡോളറാണെന്നോര്‍ക്കണം. നിലവില്‍ 180 ബില്യണ്‍ ഡോളര്‍, ഈ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ ഗണ്യമായ വര്‍ധന നടത്താനുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് യുഎഇ നല്‍കിയത്. നെതര്‍ലന്‍ഡ്സ്, ഇറ്റലി, സ്വീഡന്, നോര്‍വെ എന്നീ രാജ്യങ്ങളില്‍ നിന്നും ഗണ്യമായ നിക്ഷേപ വാഗ്ദാനങ്ങളും കരാറുകളും ഇന്ത്യക്ക് ലഭിച്ചു. സെമികണ്ടക്ടര്‍ മേഖല ഈ സന്ദര്‍ശനങ്ങള്‍ക്കിടയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നു. ‘ചൈന+1’ എന്ന ലോകത്തിന്റെ തന്ത്രത്തിന് യോജിക്കുന്ന, മികച്ച മാനുഫാക്ചറിംഗ് കേന്ദ്രമായി ഇന്ത്യയെ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്.
യൂറോപ്പില്‍ നടന്ന ചര്‍ച്ചകളില്‍ ചിപ്പ് നിര്‍മാണം പ്രധാന വിഷയമായി. നെതര്‍ലന്‍ഡ്സിലെ എഎസ്എംഎലും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള സെമികണ്ടക്ടര്‍ കരാറും ഇതിന്റെ ഭാഗമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സംശുദ്ധ ഊര്‍ജം, അത്യാധുനിക സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ ശ്രമിച്ചു.
നയതന്ത്രപരമായ നേട്ടങ്ങള്‍ സാമ്പത്തിക മേഖലയ്ക്ക് അതീതമായിരുന്നു. ഇന്ത്യയും നെതര്‍ലന്‍ഡ്സും വ്യാപാരം, പ്രതിരോധം, സെമികണ്ടക്ടറുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന തന്ത്രപ്രധാന റോഡ്മാപ്പ് പ്രഖ്യാപിച്ചു. അതേസമയം, ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയര്‍ത്തി. ഇറ്റലി സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യ-ഇറ്റലി ബന്ധം ‘സ്പെഷ്യല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
സംയോജിത നഷ്ടം 35,000 കോടി രൂപ; ചന്ദ്രയോട് ഭാവി പദ്ധതികള്‍ ആരാഞ്ഞ് നോയല്‍ ടാറ്റ
ടാറ്റ സണ്‍സില്‍ നിന്ന് 3 വര്‍ഷത്തെ ബിസിനസ് പ്ലാന്‍ തേടി ടാറ്റ ട്രസ്റ്റ്. കമ്പനിയുടെ തന്ത്രപരമായ ബിസിനസുകളെക്കുറിച്ചും പുതിയ സംരംഭ പദ്ധതികളെക്കുറിച്ചുമാണ് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരനില്‍ നിന്ന് ടാറ്റ ട്രസ്റ്റ് ചെയര്മാന് നോയല്‍ ടാറ്റ വിശദീകരണം തേടിയത്. എയര്‍ ഇന്ത്യ, ടാറ്റ ഡിജിറ്റല്‍, ടാറ്റ ഇലക്ട്രോണിക്സ്, ടാറ്റ ടെലിസര്‍വീസസ്, ടാറ്റ പ്രൊജക്റ്റസ് എന്നീ കമ്പനികള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടി രൂപയിലേറെ സംയോജിത നഷ്ടമാണുണ്ടാക്കിയത്. അടുത്തിടെ ഏറ്റെടുത്ത എയര്‍ ഇന്ത്യ മാത്രം 10,500 കോടി രൂപ നഷ്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ഈ മാസം നടക്കുന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന് മുന്നോടിയായി ഭാവി പദ്ധതികളെപ്പറ്റി നോയല്‍ ടാറ്റ വിശദീകരണം തേടിയിരിക്കുന്നത്.
സിഗരറ്റ് വിലവര്‍ധന തിരിച്ചടിയായില്ല; ഐടിസിക്ക് 5,470 കോടി രൂപ ലാഭം
എഫ്എംസിജി വമ്പനായ ഐടിസിയുടെ ലാഭം നാലാം പാദത്തില്‍ 72% ഇടിഞ്ഞ് 5,470 കോടി രൂപയിലെത്തി. എന്നാല്‍ മൂന്നാം പാദത്തേക്കാള്‍ ലാഭം 9% വര്‍ധിച്ചു. എഫ്എംസിജി വിഭാഗത്തില്‍ നാലാം പാദത്തില്‍ 15% വളര്‍ച്ചയുണ്ടായി. സിഗരറ്റിന്റെ വില കൂട്ടിയത് കമ്പനിക്ക് കാര്യമായ തിരിച്ചടിയായില്ല. സിഗരറ്റില്‍ നിന്നുള്ള വരുമാനം 32% ഉയര്‍ന്ന് 11,066 കോടി രൂപയായി. 8 രൂപ ലാഭവിഹിതവും ഓഹരിയുടമകള്‍ക്കായി കമ്പനി പ്രഖ്യാപിച്ചു.
യുറേനിയം വിദേശത്തേക്ക് മാറ്റരുതെന്ന് ഖേൃമനേയിയുടെ ഉത്തരവ്
യുഎസുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാന്റെ കൈവശമുള്ള യുറേനിയം ഒരിക്കലും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന സാഹചര്യമുണ്ടാവരുതെന്ന് പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനേയിയുടെ ഉത്തരവ്. ഇറാന്റെ പക്കലുള്ള യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇസ്രയേലിന് ഉറപ്പ് നല്‍കിയിരുന്നു. ഇത്തരമൊരു നിര്ദേശത്തിലൂന്നിയാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. റഷ്യ പോലെ ഇറാന്റെ ഏതെങ്കിലും സുഹൃദ് രാഷ്ട്രങ്ങളിലേക്ക് യുറേനിയം മാറ്റാമെന്ന പ്രൊപ്പോസലാണ് യുഎസ് മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാല്‍ ആണവായുധം ഉണ്ടാക്കാവുന്ന തരത്തില്‍ സമ്പുഷ്ടീകരിച്ചു കഴിഞ്ഞ യുറേനിയം ഇപ്രകാരം മാറ്റിയാല്‍ ഭാവിയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം വര്‍ധിക്കാമെന്നാണ് ഇറാന് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നത്. ഖമനേയിയുടെ പുതിയ ഉത്തരവ് ട്രംപിനെയും ഇസ്രയേലിനെയും പ്രകോപിപ്പിക്കാന്‍ ഇടയാക്കിയേക്കും.
ക്രൂഡ് ഉയരത്തില്‍, സ്വര്‍ണത്തിലും മുന്നേറ്റം
ക്രൂഡ് ഓയില്‍ വില ഉയരെ തന്നെ തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 106.8 ഡോളറിലാണ് ട്രേഡ് ചെയ്യുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,660 രൂപയിലെത്തി. പവന് 360 രൂപ കൂടി 1,17,280 രൂപയായി. അതേസമയം സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില 0.68% താഴ്ന്ന് 4506 ഡോളറായി.




