കാൽപ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് മാറ്റുകൂട്ടാൻ കേരളത്തിലൊരുങ്ങുന്ന ‘യുണൈറ്റ് ആൻഡ് സ്പോർട്സ് ഫിഫ ലോകകപ്പ് 2026’ ഔദ്യോഗിക ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ പബ്ലിക് സ്ക്രീനിംഗ് വേദികളിലേക്കുള്ള ആദ്യ ടിക്കറ്റുകൾ മേത്തർ ഈഗിൾസ് എഫ്.സി. കേരള ചെയർമാൻ ഷാഫി മേത്തർ കൈമാറി. മുൻ ഏഷ്യൻ ഓൾ സ്റ്റാർസ് ഇലവൻ താരവും ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര കളിക്കാരനും 1973-ലെ ചരിത്രപ്രസിദ്ധമായ സന്തോഷ് ട്രോഫി ചാമ്പ്യനുമായ സി.സി. ജേക്കബ്, മുൻ ഇന്ത്യൻ താരവും 1982-ൽ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ക്യാപ്റ്റനുമായ എം.എം. ജേക്കബ് എന്നിവരാണ് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങിയത്.
സ്റ്റേഡിയത്തിന് സമാനമായ ആവേശവും അന്തരീക്ഷവും സമ്മാനിക്കുന്ന തരത്തിലാണ് ഈ ഫാൻ പാർക്കുകൾ ഒരുക്കിയിരിക്കുന്നത്. വലിയ എൽഇഡി സ്ക്രീനുകൾ, തത്സമയ വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഫുഡ് സോണുകൾ, കാണികൾക്കായി പ്രത്യേക മത്സരങ്ങൾ റകുടങ്ങിയവ ഫാൻ പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ സമ്മാന പദ്ധതികളും ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടന ചടങ്ങിൽ മേത്തർ ഈഗിൾസ് എഫ്.സി. ചെയർമാൻ ഷാഫി മേത്തർ പ്രഖ്യാപിച്ചു.
കാണികൾക്ക് സൗദി പ്രോ ലീഗ് മത്സരങ്ങൾ നേരിട്ട് കാണാനുള്ള ടിക്കറ്റുകൾ, കൊച്ചി നഗരത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റർ യാത്ര, ഐഫോൺ, ലാപ്ടോപ്പുകൾ, ആപ്പിൾ എയർപോഡ്സ് എന്നിവയ്ക്ക് പുറമെ വിവിധ മത്സരങ്ങളിലൂടെ ആകർഷകമായ ക്യാഷ് പ്രൈസുകളും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് പുറമെ പ്രീമിയം, വി.ഐ.പി. ടിക്കറ്റുകളും ലഭ്യമാണ്.
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം കൊച്ചി, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം തിരുവനന്തപുരം, കാലിക്കറ്റ് ട്രേഡ് സെന്റർ എന്നിങ്ങനെ കേരളത്തിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്ക്രീനുകളിലാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്. ‘ടിക്കറ്റ്ജീനി’ ആപ്പ് വഴിയും മറ്റ് പാർട്ണർ ചാനലുകൾ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.




