എന്‍എസ്ഇ ഐപിഒയ്ക്ക് കരട് രേഖകള്‍ സമര്‍പ്പിച്ചു
വിപണി കാത്തിരിക്കുന്ന ഐപിഒയ്ക്ക് സെബിയില്‍ കരട് രേഖ സമര്‍പ്പിച്ച് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലായിരിക്കും എന്‍എസ്ഇ ഐപിഒ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എംഎസ് സ്ട്രാറ്റജിക് (മൗറീഷ്യസ്) ലിമിറ്റഡ്, കാനഡ പെന്ഷന് പ്ലാന്‍ ഇന്‍വസ്റ്റ്മെന്റ് ബോര്‍ഡ്, അരന്ദ ഇന്‍വസ്റ്റ്മെന്റ്സ് (മൗറീഷ്യസ്) ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ, സ്റ്റോക്ക് ഹോള്‍ഡിങ് കോര്പറേഷന് ഓഫ് ഇന്ത്യ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ, ദ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ്, നാഷണല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്പനയ്ക്കുള്ളത്. ഓഹരി വില്പനയിലൂടെ ഏകദേശം 25,000 മുതല്‍ 30,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ ആവശ്യകത അനുസരിച്ച് തുക നിശ്ചയിക്കുന്ന ബുക്ക് ബിൽഡിങ് രീതിയിലാണ് ഓഹരി വില കണക്കാക്കുക. 50 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ ആനുപാതികമായി യോഗ്യരായ ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകര്‍ക്കും 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകര്‍ക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കിവച്ചിരിക്കുന്നു.
പിഎഫ് പിന്‍വലിക്കല്‍ യുപിഐയിലേക്ക്
ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് യുപിഐ, എടിഎം എന്നിവയിലൂടെ പിഎഫിലെ നിശ്ചിത തുക പിന്‍വലിക്കാനുള്ള സൗകര്യം ഈ മാസം അവസാനത്തോടെ നിലവില്‍ വരും. പുതിയ സംവിധാനം നടപ്പാക്കുന്നതിന് മൂന്ന് ദിവസത്തെ സെര്‍വര്‍ ബ്ലാക്ക്ഔട്ടും ഇപിഎഫ്ഒ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇപിഎഫ്ഒ ലോഞ്ച് ചെയ്യുന്ന പുതിയ ആപ്പ് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായും യുപിഐ ആപ്പുകളുമായും ബന്ധിപ്പിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ നല്‍കാനും തീരുമാനമായി. 7 കോടിയിലധികം അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പലിശ ഈ മാസം തന്നെ ക്രെഡിറ്റ് ചെയ്തേക്കും.
സ്വര്‍ണ ഇറക്കുമതി 75% കുറഞ്ഞു
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് ശേഷം രാജ്യത്തെ സ്വര്‍ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞെന്ന് കണക്കുകള്‍. പ്രതിമാസ ഇറക്കുമതി 25-30 ടണ്ണായി താഴ്ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 75 ശതമാനത്തോളമാണ് ഇടിവ്. മേയ് 13 നാണ് വിദേശ നാണ്യ കരുതല്‍ ശേഖരം പിടിച്ചു നിര്‍ത്താന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 6 ല്‍ നിന്ന് 15 ശതമാനത്തിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. സ്വര്‍ണത്തിന്റെ കള്ളക്കടത്ത് ഉയരുന്നുണ്ടെന്നും അധികൃതര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ടെലഗ്രാം പുതിയ ഡാര്‍ക്ക് വെബ്
ടെലഗ്രാം ആപ്പിനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കായി ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നീറ്റ് പ്രവേശന പരീക്ഷ 21 ന് നടക്കാനിരിക്കെയാണ് ടെലഗ്രാം ആപ്പ് കേന്ദ്രം താല്‍ക്കാലികമായി നിരോധിച്ചത്.
ബാറ്റയ്ക്ക് പുതിയ നേതാവ്
ബാറ്റ ഇന്ത്യ സിഇഒയായി നൈക്കി റീട്ടെയ്ലിന്റെ മുന്‍ മേധാവി സഞ്ജയ് റാവു ചുമതലയേറ്റു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഗുഞ്ജന്‍ ഷായ്ക്ക് പകരക്കാരനായാണ് റാവു എത്തുന്നത്. റീട്ടെയ്ല്‍ മേഖലയില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ അനുഭവ പരിചയമുണ്ട് അദ്ദേഹത്തിന്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബാറ്റ ഇന്ത്യ ഓഹരി ഇന്ന് 17% കുതിപ്പ് നടത്തി.
ഷവോമി ഗൃഹോപകരണ വിപണിയിലേക്കും
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ പ്രമുഖ കമ്പനിയായ ഷവോമി ഇന്ത്യയിലെ ഗൃഹോപകരണ വിപണിയിലേക്ക് കടക്കുന്നു. സാംസംഗ്, എല്‍ജി തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളിയാകാനാണ് നീക്കം. ഇന്ത്യയെ സൗത്ത് ഏഷ്യ ആസ്ഥാനമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




