ചൈനീസ് കമ്പനികള്‍ക്ക് വീണ്ടും സ്വാഗതം
2020 ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് നല്കി, ചൈനയുമായി ബന്ധമുള്ള നാല് പവര്‍ ഉപകരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ടിബിഇഎ എനര്‍ജി, നാന്‍ജിംഗ് ഇലക്ട്രിക് ഇന്ത്യ, ന്യൂ നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് ഇന്ത്യ, തൈകൈ ഇലക്ട്രിക് ഇന്ത്യ എന്നീ കമ്പനികള്‍ക്കാണ് രണ്ട് വര്‍ഷത്തേക്ക് ഇളവ് ലഭിച്ചത്. ഇന്ത്യയിലെ വൈദ്യുത ഗ്രിഡുകളുടെ വികസനത്തിനും പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് തീരുമാനം. എന്നാല്‍ ഈ ഇളവ് മറ്റുള്ള ചൈനീസ് കമ്പനികള്‍ക്ക് ബാധകമാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ട്രിക് ബസുകള്‍ക്ക് വന്‍ പ്രോത്സാഹനം; ?20,000 കോടി പദ്ധതിയുമായി കേന്ദ്രം
ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും പൊതുഗതാഗതം വൈദ്യുതവല്ക്കരിക്കാനുമായി 20,000 കോടി രൂപയുടെ പുതിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കുന്നു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ ഇലക്ട്രിക് ബസുകളിലേക്ക് ആകര്‍ഷിക്കാന്‍ സബ്സിഡിയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തിയ പദ്ധതിയാണ് പരിഗണനയില്‍. സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകളെ മാത്രം ആശ്രയിക്കാതെ സ്വകാര്യ മേഖലയെയും ഉള്‍പ്പെടുത്തി രാജ്യത്തെ ഇലക്ട്രിക് ബസ് ശൃംഖല വേഗത്തില്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ക്രൂഡ് ഓയില്‍ വിലയിലെ അനിശ്ചിതത്വവും ഇന്ധന സുരക്ഷയും കണക്കിലെടുത്താണ് ഈ നീക്കം. പദ്ധതി നടപ്പായാല്‍ ആഭ്യന്തര ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും ബാറ്ററി മേഖലയ്ക്കും വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഐടി, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ വിപണി മുന്നേറ്റം; നിഫ്റ്റി വീണ്ടും 24,250ന് മുകളില്‍
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 260 പോയിന്റിലേറെ ഉയര്‍ന്നപ്പോള്‍, നിഫ്റ്റി 50 സൂചിക 24,250ന് മുകളിലാണ് ക്ലോസ് ചെയ്തത്. ഐടി, ഫാര്‍മ മേഖലകളിലെ ശക്തമായ വാങ്ങലാണ് വിപണിക്ക് പ്രധാന പിന്തുണയായത്. ഐടി ഓഹരിയായ എച്ച്സിഎല്‍ ടെക് 6 ശതമാനത്തിലേറെ മുന്നേറി. പലിശനിരക്കില്‍ ഉടന്‍ വലിയ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയും വിദേശ നിക്ഷേപകരുടെ സെലക്ടീവ് വാങ്ങലും വിപണിക്ക് ഗുണകരമായി. അതേസമയം, ചൈനീസ് പവര്‍ ഉപകരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതോടെ ആഭ്യന്തര പവര്‍ ഉപകരണ കമ്പനികളുടെ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായി.
സ്വര്‍ണം കുതിക്കുന്നു
സ്വര്‍ണവില വീണ്ടും കുതിക്കുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 295 രൂപ വര്‍ധിച്ച് 13,475 രൂപയിലെത്തി. പവന് 2360 രൂപ വര്‍ധിച്ച് 1,07,800 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില 1.43% ഉയര്‍ന്ന് 4,178 ഡോളറിലെത്തി. യുഎസില്‍ ഫെഡ് പലിശ നിരക്കുകള്‍ ഉയര്‍ത്താത്തത് സ്വര്‍ണത്തിന് കരുത്തായി.
52,000 കോടി രൂപയുടെ പ്രതിരോധ വാങ്ങലിന് അംഗീകാരം
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ഏകദേശം 52,000 കോടി രൂപ വിലമതിക്കുന്ന പ്രതിരോധ വാങ്ങലുകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്കി. സൈന്യത്തിന് ആന്റി-ഡ്രോണ്‍ ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, മാന്‍ പോര്‍ട്ടബിള്‍ ആന്റി-ടാങ്ക് മിസൈലുകള്‍, മീഡിയം റേഞ്ച് സര്‍ഫേസ്-ടു-എയര്‍ മിസൈല്‍, വി-ഷോറാഡ്സ്, ടാങ്ക് പ്രൊട്ടക്ഷന്‍ സിസ്റ്റങ്ങള്‍ എന്നിവ വാങ്ങാനാണ് പദ്ധതി. നാവികസേനയ്ക്ക് പുതിയ മൈന്‍ സംവിധാനങ്ങളും കപ്പലുകളില്‍ ഉപയോഗിക്കാവുന്ന ആളില്ലാ വ്യോമ സംവിധാനങ്ങളും ലഭിക്കും. വ്യോമസേനയ്ക്ക് ഹൈ-ആള്‍ട്ടിറ്റിയൂഡ് സര്‍വൈലന്‍സ് പ്ലാറ്റ്ഫോമുകളും അംഗീകരിച്ചിട്ടുണ്ട്. അതിര്‍ത്തി സുരക്ഷയും ഡ്രോണ്‍ യുദ്ധ ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.




