നേട്ടം മൂന്നാം വ്യാപാര സെഷനിലും
നേട്ടം തുടര്‍ച്ചയായ മൂന്നാം ദിവസത്തേക്കും നീട്ടി ഇന്ത്യന്‍ ഓഹരി വിപണി. ഇറാന് യുദ്ധം അവസാനിക്കുകയും ഹോര്‍മുസ് കടലിടുക്ക് വ്യാപാരത്തിനായി തുറക്കുകയും ചെയ്തതാണ് വിപണിയെ ആവേശത്തിലെത്തിച്ചിരിക്കുന്നത്. ഇന്ധനവില താഴ്ന്നതോടെ ഏതാനും മാസത്തെ നഷ്ടം നികത്താനുള്ള ബുള്‍ റണ്ണിലാണ് ഓഹരി വിപണി. സെന്‍സെക്സ് ഇന്ന് 544 പോയന്റ് ഉയര്‍ന്ന് 76,809 ല്‍ എത്തി. നിഫ്റ്റി 135 പോയന്റ് നേട്ടത്തോടെ 23,989 ല്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി 4% മുന്നേറ്റമാണ് സൂചികകള്‍ നടത്തിയത്. ഇന്നത്തെ വ്യാപാരത്തില്‍ നിക്ഷേപകരുടെ ആസ്തി 1.75 ലക്ഷം കോടി രൂപ വര്‍ധിച്ചു.
ഐടി ഓഹരികളില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. ഐടി സൂചിക 1.785 മുന്നേറി. എച്ച്സിഎല്‍ ടെക്നോളജീസ് 3.7% നേട്ടവുമായി നിഫ്റ്റിയെ മുന്നില്‍ നിന്നു നയിച്ചു. ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം എഐയുടെ 10.5% ഓഹരികള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം എച്ച്സിഎല്‍ ടെക്കിന് നേട്ടമായി. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ 2% ല്‍ ഏറെ കുതിച്ചു. കുതിപ്പവസാനിപ്പിച്ച് മെറ്റല്‍ ഓഹരികള്‍ താഴേക്കു നീങ്ങുകയാണ്. അലുമിനിയം വില ഇടിഞ്ഞ സാഹചര്യത്തില്‍ ഹിന്‍ഡാല്‍കോ ഓഹരി വില ഇന്ന് 3% ഇടിഞ്ഞു. ഡെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി ലൈഫ്, ഐഷര്‍, മാരുതി സുസുക്കി തുടങ്ങിയ ഓഹരികളും വീണു.
ഫെഡ് നിലപാടിനായി കാത്തിരിപ്പ്
ഇതൊക്കെയാണെങ്കിലും നിക്ഷേപകരെ സംബന്ധിച്ച് ഈയാഴ്ച ജാഗ്രതയുടേതാണ്. പുതിയതായി ചുമതലയേറ്റ യുഎസ് ഫെഡ് ചെയര്മാന് കെവിന് വാര്‍ഷിന്റെ പ്രസ്താവനകള്ക്കായാണ് ഇനി വിപണി കാത്തിരിക്കുന്നത്. ഇന്നും നാളെയുമായാണ് ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി യോഗം ചേരുക. പലിശ നിരക്കുകളെ സംബന്ധിച്ചും സാമ്പത്തിക സാഹചര്യത്തെക്കുറിച്ചും ബുധനാഴ്ചയാവും കെവിന് വാര്‍ഷ് പ്രസ്താവന നടത്തുക. പലിശ നിരക്കില്‍ മാറ്റമുണ്ടാവില്ലെന്നാണ് വിപണി പ്രതീക്ഷ.
നിക്ഷേപം ട്രാക്ക് ചെയ്യാന്‍ കൂടുതല്‍ സൂചികകള്‍
കുതിപ്പിന്റെ കാലത്തെ അവസരമാക്കുകാണ് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച്. 11 മേഖലാ സൂചികകള്‍ കൂടി എന്‍എസ്ഇ ഇന്‍ഡിസസ് പ്രഖ്യാപിച്ചു. ഇതോടെ നിഫ്റ്റിയിലെ സൂചികകള്‍ 34 ആയി ഉയര്‍ന്നു. പവര്‍, കാപ്പിറ്റല്‍ ഗുഡ്സ്, ടെലികമ്യൂണിക്കേഷന്‍സ്, കണ്‍സ്ട്രക്ഷന്‍, റീട്ടെയ്ല്‍, കൊമേഴ്സ്യല്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ്, ഹോസ്പിറ്റല്‍സ്, എന്‍ബിഎഫ്സി, ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയാണ് പുതിയ സൂചികകള്‍. തീമുകളെ അടിസ്ഥാനമാക്കി നിക്ഷേപകര്‍ സെക്ടര്‍ റൊട്ടേഷന്‍ നടത്തുന്നത് വ്യാപകമായതോടെയാണ് കുടുതല്‍ സൂചികകള്‍ കൊണ്ടുവന്നിരിക്കുന്നത്.
തുരുമ്പിച്ച കത്തി വേണ്ടെന്ന് എഫ്എസ്എസ്എഐ
അടുക്കളകളില്‍ നിന്നും പ്രോസസിംഗ് യൂണിറ്റുകളില്‍ നിന്നും പഴകിയതും മോശമായതുമായ കത്തികളും മറ്റ് കട്ടിംഗ് ഉപകരണങ്ങളും അടിയന്തരമായി മാറ്റണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രാജ്യത്തെ എല്ലാ ഫുഡ് ബിസിനസുകള്‍ക്കും നിര്‍ദേശം നല്കി. 2011 ലെ എഫ്എസ്എസ്എഐ നിയമത്തിലെ ഷെഡ്യൂള്‍ 4 ലെ നിര്‍ദേശമാണ് കര്‍ശനമാക്കിയിരിക്കുന്നത്. തുരുമ്പ് പിടിച്ചതും മറ്റുമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ആഹാരത്തെ ഗുണനിലമാവരമില്ലാത്തതായി മാറ്റുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




