കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് വര്‍ക്ക് സ്പേസ് ഓപ്പറേറ്ററായ ‘സ്പേസ് വണ്‍’ കൊച്ചിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. കാക്കനാട് കേന്ദ്രീകരിച്ച് വന്‍ വികസന പദ്ധതികള്‍ക്കാണ് കമ്പനി തുടക്കമിടുന്നത്. ഇന്‍ഫോപാര്‍ക്കില്‍ പുതിയ സെന്റര്‍ തുറക്കുന്നതിനൊപ്പം, നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാം ഘട്ട വികസനവും നടപ്പാക്കും.
ഇതോടെ കാക്കനാട് മേഖലയില്‍ മാത്രം സ്പേസ് വണ്ണിന് നാല് പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ കാസ്പിയന്‍ ടവര്‍, ജെ ടവര്‍, പിറ്റ്സ് പ്ലാസ, സീപ്പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ഇന്‍ഫ്രാ ഫ്യൂച്ചര്‍ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, സീപ്പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്.

‘കാക്കനാട് ഒരു പ്രധാന ബിസിനസ് കേന്ദ്രമായി അതിവേഗം വളരുകയാണ്. മികച്ച ലൊക്കേഷനുകള്‍ക്കൊപ്പം ബിസിനസ് വളരുന്നതിനനുസരിച്ച് എളുപ്പത്തില്‍ വികസിപ്പിക്കാന്‍ സാധിക്കുന്ന ഓഫീസ് ഇടങ്ങളാണ് കമ്പനികള്‍ ഇന്നിഷ്ടപ്പെടുന്നത്. ഈ നാല് കേന്ദ്രങ്ങളിലൂടെ കൊച്ചിയിലെ ഞങ്ങളുടെ പ്രവര്‍ത്തനം ഇരട്ടിയാക്കുകയാണ്. ഇത് കേരളത്തിലും ദക്ഷിണേന്ത്യയിലുടനീളവുമുള്ള ഞങ്ങളുടെ വിപുലീകരണത്തിന്റെ തുടക്കം മാത്രമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച സൗകര്യങ്ങളാണ് ഞങ്ങള്‍ ഒരുക്കുന്നത്,’ സ്പേസ് വണ്ണിന്റെ സഹസ്ഥാപകനും അക്വിസിഷന്‍സ് ഡയറക്ടറുമായ സിജോ ജോസ് പറയുന്നു.
ആവശ്യകത ഉയരുന്നു
നഗരത്തിലുടനീളമുള്ള ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകള്‍ (GCC), ഐ.ടി സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എന്റര്‍പ്രൈസുകള്‍ എന്നിവയില്‍ നിന്ന് മാനേജ്ഡ് വര്‍ക്ക് സ്പേസുകള്‍ക്ക് വരുന്ന വലിയ ആവശ്യകതയാണ് കമ്പനിയുടെ ഈ വളര്‍ച്ച കാണിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട കമ്പനികള്‍ക്ക് വരെ എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം തുടങ്ങാവുന്ന റെഡി-ടു-മൂവ് സൗകര്യങ്ങള്‍ക്ക് പുറമെ, കസ്റ്റം-ബില്‍റ്റ് ഓഫീസുകളും നല്കാന് സാധിക്കുന്നത് ഉപഭോക്താക്കള്‍ക്കൊപ്പം വളരാന്‍ കമ്പനിയെ സഹായിക്കുന്നെന്ന് സ്പേസ് വണ്‍ സഹസ്ഥാപകനും മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ ജെയിംസ് തോമസ് പറയുന്നു. വിവിധ മേഖലകളിലെ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യവും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മെട്രോ കണക്റ്റിവിറ്റി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കുന്ന പ്ലഗ്-ആന്‍ഡ്-പ്ലേ അന്തരീക്ഷം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ കൊച്ചിയിലെ ഏറ്റവും വലിയ ഐ.ടി-വ്യാവസായിക ഹബ്ബായി കാക്കനാട് മാറിയിട്ടുണ്ട്. ജി.സി.സികളുടെ വരവും സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ വളര്‍ച്ചയും ദീര്‍ഘകാല പാട്ടക്കരാറുകളും ഉയര്‍ന്ന മൂലധനച്ചെലവും ഒഴിവാക്കുന്ന മാനേജ്ഡ് ഓഫീസ് രീതികളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
മറ്റ് നഗരങ്ങളിലേക്കും
കൊച്ചിക്ക് പുറമെ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്പേസ് വണ്‍. കോയമ്പത്തൂരില്‍ നിലവില്‍ 24×7 പ്രവര്‍ത്തിക്കുന്ന 6 കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്. അടുത്തിടെ ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്പേസ് വണ്‍ മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിന് ഒരുങ്ങുകയാണ്.




