ഇറാന്-യുഎസ് സമാധാന കരാറിന് വഴി തെളിയുന്നു
യുഎസ് മുന്നോട്ടുവെച്ച 14 ഇന സമാധാന പദ്ധതി വിലയിരുത്തി വരികയാണെന്ന് ഇറാന്. സമാധാന കരാര്‍ വളരെ അടുത്താണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് ആണവ സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുക, യുഎസ് ഉപരോധം പൂര്‍ണമായി പിന്‍വലിച്ച് ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ പുനസ്ഥാപിക്കുക, ഹോര്‍മുസിലെ ഉപരോധം ഇരു രാജ്യങ്ങളും പൂര്‍ണമായും പിന്‍വലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കരാറിലുള്ളത്.
എണ്ണവില കുത്തനെ ഇടിഞ്ഞു, സ്വര്‍ണത്തിന് മുന്നേറ്റം
സംഘര്‍ഷ സാഹചര്യം ഒഴിവാകുന്നെന്ന സൂചനയില്‍ അന്താരാഷ്ട്ര എണ്ണവിലയില്‍ ശക്തമായ ഇടിവ്. ബ്രെന്റ് ക്രൂഡ് 10 ശതമാനത്തിലേറെ ഇടിഞ്ഞ് 98.13 ഡോളറിലെത്തി. ആഴ്ചകള്‍ക്ക് ശേഷമാണ് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് താഴേക്കെത്തുന്നത്. ഡോളറിനെതിരെ രൂപ 61 പൈസ തിരിച്ചുപിടിച്ച് 94.57 ലേക്ക് മൂല്യമുയര്‍ത്തി. സ്വര്‍ണവിലയിലും കുത്തനെ വര്‍ധനവുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 3.3% ഉയര്‍ന്ന് ഔണ്‍സിന് 4706 ഡോളറിനരികെയാണ് ട്രേഡ് ചെയ്യുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് രണ്ടു തവണയായി 270 രൂപ വര്‍ധിച്ച് 13,945 രൂപയായി. പവന് 2160 രൂപ വര്‍ധിച്ച് 1,11,560 രൂപയായി.
വിപണിയില്‍ വമ്പന്‍ കുതിപ്പ്
ഇറാന് സംഘര്‍ഷത്തില്‍ അയവുണ്ടാവുന്നെന്ന വാര്‍ത്തകള്‍ ഏറ്റെടുത്ത് കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. 76,773 ല്‍ നിന്ന് 1250 പോയന്റ് തിരിച്ചുപിടിച്ച് 77,958 ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 1.24% നേട്ടത്തോടെ 24330 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എണ്ണവില 100 ഡോളറിന് താഴെയെത്തിയതും വിപണിക്ക് ആവേശം പകര്‍ന്നു. ബാങ്കിംഗ്, ഫിനാന്‍സ്, റിയല്‍റ്റി, ഓട്ടോ, ഫാര്‍മ സെക്ടറുകള്‍ രണ്ട് ശതമാനത്തിലേറെ മുന്നേറി. യുഎസ് വിപണിയും പോസിറ്റീവാണ്. വാള്‍സ്ട്രീറ്റ് ഫ്യൂച്ചേഴ്സ് 1.7% മുന്നേറി.
കൊച്ചിന് ഷിപ്യാര്ഡ് ഗുജറാത്തില്‍ കപ്പല്‍ശാല നിര്‍മിക്കും
കൊച്ചിന് ഷിപ്യാര്ഡ് ഗുജറാത്തിലേക്കും. 1,570 കോടി രൂപയുടെ വഡിനാര്‍ കപ്പല്‍ അറ്റകുറ്റപ്പണിശാലയ്ക്ക് കേന്ദ്ര കാബിനെറ്റ് അംഗീകാരം നല്കി. കൊച്ചിന് ഷിപ്പ്യാര്ഡും ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റിയും (ഡിപിഎ) ചേര്‍ന്നാണ് കപ്പല്‍ശാല നിര്‍മിക്കുക. ഷിപ്പ് റിപ്പയറിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൊച്ചിന് ഷിപ്യാര്ഡ് 920 കോടി രൂപ നിക്ഷേപിക്കും. 300 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി ഇവിടെ സാധ്യമാകും. കൊച്ചിന് ഷിപ്യാര്ഡ് ഓഹരി വില ഇന്ന് 3 ശതമാനത്തിലേറെ മുന്നേറി.




