വിമാനയാത്ര പ്ലാൻ ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻ ഓഫറുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്കായി 20,000 ഫ്ലൈറ്റ് ടിക്കറ്റുകളാണ് ഇൻഡിഗോ സൗജന്യമായി നൽകുന്നത്! ‘IndiGoFree’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഓഫർ എങ്ങനെ ലഭിക്കുമെന്നും അതിനായി ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
10000 രൂപ റീഫണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര യാത്രക്കാർക്കായി 20,000 സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20,000 ഉപഭോക്താക്കൾക്ക് സൗജന്യമായി വിമാനയാത്ര നടത്താൻ ഈ സ്പെഷ്യൽ ഓഫറിലൂടെ അവസരം ലഭിക്കും. യാത്രക്കാർ ആദ്യം സാധാരണപോലെ ടിക്കറ്റ് ബുക്ക് ചെയ്യുകയും, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് അവർ അടച്ച ടിക്കറ്റ് തുക പരമാവധി 10,000 രൂപ വരെ (ഒരു പി.എൻ.ആറിന്) ഇൻഡിഗോ റീഫണ്ടായി ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചുകൊടുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
എങ്ങിനെ പങ്കെടുക്കാം?
ഈ ഓഫറിൽ പങ്കാളികളാകുന്നതിനായി ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 6 വരെയുള്ള ദിവസങ്ങളിൽ തന്നെ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.goindigo.in), മൊബൈൽ ആപ്പ് അല്ലെങ്കിൽ ഇൻഡിഗോയുടെ എ.ഐ അസിസ്റ്റന്റായ ‘6Eskai’ എന്നിവയിലൂടെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യണം. എന്നാൽ മറ്റ് ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് വെബ്സൈറ്റുകൾ വഴിയോ നടത്തുന്ന ബുക്കിംഗുകൾക്ക് ഈ ഓഫർ ലഭിക്കുകയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിർദ്ദിഷ്ട ദിവസങ്ങളിൽ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ നിന്നും ലക്കി ഡ്രോ മാതൃകയിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഇമെയിലിലോ വാട്ട്സ്ആപ്പിലോ ലഭിക്കുന്ന ലളിതമായ ഒരു ചോദ്യത്തിന് ശരിയായ ഉത്തരം നൽകുന്നതോടെ ബുക്കിംഗ് പ്രക്രിയ പൂർത്തിയാവുകയും, 3 മുതൽ 5 ദിവസത്തിനുള്ളിൽ അവർ അടച്ച ടിക്കറ്റ് തുക ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ടായി തിരിച്ചെത്തുകയും ചെയ്യും. ചുരുക്കത്തിൽ, തങ്ങളുടെ 20 വർഷത്തെ വിജയകരമായ യാത്ര ആഘോഷിക്കുന്നതിന്റെ ഭാഗമായി നേരിട്ട് ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് 10,000 രൂപ വരെയുള്ള 20,000 ഫ്ലൈറ്റ് ടിക്കറ്റുകൾ പൂർണ്ണമായും സൗജന്യമാക്കി നൽകുകയാണ് ഇൻഡിഗോ ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.




