കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി, ഐഎബിടി, ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 സംസ്ഥാനതല അധ്യാപക വികസന കോൺഫറൻസ് സംഘടിപ്പിച്ചു. ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിൽ കേരളത്തിൽ വിവിധയിടങ്ങളിൽ നിന്നായി നൂറോളം അധ്യാപകർ പങ്കെടുത്തു. ഇൻക്ലൂസീവ് വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമാണെന്നും എല്ലാ അധ്യാപകർക്കും അതിലുള്ള അറിവും പരിശീലനവും നൽകേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ച ചെയ്തു.
ഉമ തോമസ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. “രക്ഷിതാക്കള്‍ കഴിഞ്ഞാല്‍, കുട്ടികളിലെ പഠനവൈകല്യങ്ങള്‍ ആദ്യം തിരിച്ചറിയുന്നത് അധ്യാപകരാണ്. ക്ലാസ് മുറിക്കുള്ളില്‍ ഈ ആവശ്യങ്ങള്‍ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും അധ്യാപകരെ സജ്ജമാക്കുന്ന ഇതുപോലുള്ള സമ്മേളനം അത്യന്താപേക്ഷിതമാണ്…” എം.എൽ.എ. പറഞ്ഞു. ഈ സംരംഭത്തിന് നേതൃത്വം നൽകിയ പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന് എം.എൽ.എ അഭിനന്ദനങ്ങൾ അറിയിച്ചു.
ചടങ്ങിൽ മികച്ച ഇൻക്ലൂസീവ് ടീച്ചർ, മികച്ച ഇൻക്ലൂസീവ് സ്കൂൾ എന്നീ പുരസ്കാരങ്ങൾ നൽകി. മികച്ച ഇൻക്ലൂസീവ് പ്രീ സ്കൂൾ പുരസ്കാരം കാറ്റർപില്ലർസ് പ്രീസ്കൂളും, മികച്ച ഇൻക്ലൂസീവ് സ്കൂൾ പുരസ്കാരം കൊച്ചിൻ ഇന്റർനാഷണൽ സ്കൂളും സ്വന്തമാക്കി. മികച്ച ഇൻക്ലൂസീവ് കോളേജ് വിഭാഗത്തിൽ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കപ്പെട്ടു. അധ്യാപക വിഭാഗത്തിൽ സ്പെൽസ് ആൻഡ് സ്റ്റോറീസിലെ ഷീജ അജയൻ മികച്ച ഇൻക്ലൂസീവ് പ്രീ സ്കൂൾ അധ്യാപികയ്ക്കുള്ള പുരസ്കാരവും, സെന്റ് മിഷേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ നാദിയ ജോസ് മികച്ച ഇൻക്ലൂസീവ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപികയ്ക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി. ഇൻക്ലൂസീവ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും എല്ലാ കുട്ടികൾക്കും തുല്യമായ പഠനാവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി ശ്രദ്ധേയമായ പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമായാണ് പുരസ്കാരങ്ങൾ നൽകിയത്.
ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളും സംവാദങ്ങളും നടത്തി.വ്യത്യസ്ത പഠന ആവശ്യങ്ങളുള്ള വിദ്യാർത്ഥികളെ കൂടുതൽ ഫലപ്രദമായി പിന്തുണയ്ക്കാനും ക്ലാസ് മുറികളിൽ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസരീതികൾ കാര്യക്ഷമമായി നടപ്പാക്കാനുമാവശ്യമായ അറിവും പ്രായോഗിക നൈപുണ്യവും അധ്യാപകർക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഫറൻസ് സംഘടിപ്പിച്ചത്. കൂടാതെ ബി.എഡ്, എം.എഡ്, സൈക്കോളജി വിദ്യാർത്ഥികൾക്കായി സയിന്റിഫിക് സെഷനുകളും നടന്നു.
“കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യത്യസ്ത പഠന ആവശ്യങ്ങളും കഴിവുകളും ഉള്ള കുട്ടികളെ നേരത്തേ തിരിച്ചറിയാൻ സഹായിക്കുന്നതിനായി 170 സ്കൂളുകളിൽ പ്രയത്ന സെൻസിറ്റൈസേഷൻ പരിപാടികൾ സംഘടിപ്പിച്ചു. ഈ സെഷനുകൾക്ക് അധ്യാപകരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ‘ചോക്ക്’ കോൺഫറൻസ് സംഘടിപ്പിക്കാൻ പ്രചോദനമായത്. പരിശീലനത്തിന് ശേഷം വൈവിധ്യമാർന്ന പഠന ആവശ്യങ്ങൾ തിരിച്ചറിയാനും അവ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള ആത്മവിശ്വാസത്തോടെയാണ് അധ്യാപകർ മടങ്ങുന്നത്,” പ്രയത്ന സെന്ററിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.




