പണപ്പെരുപ്പവും വ്യാപാര കമ്മിയും ഉയര്‍ന്നു
ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം 4.4 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ 4 ശതമാനത്തിനും മുകളിലേക്ക് കടന്നിരിക്കുന്ന പണപ്പെരുപ്പം 6 ശതമാനം ഉയര്‍ന്ന പരിധിയിലേക്കെത്തുമെന്ന ആശങ്കകള്‍ ശക്തമായി. ഭക്ഷ്യവസ്തുക്കളുടെയും ചില അവശ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ധനയാണ് സിപിഐ ഉയരാന്‍ പ്രധാന കാരണം. ഇതോടൊപ്പം ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മിയും 30.43 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. മേയില്‍ 28.21 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. കയറ്റുമതിയില്‍ ഇറക്കുമതിയേക്കാള്‍ വേഗത്തില്‍ ഇടിവുണ്ടായതാണ് കമ്മി വര്‍ധിക്കാന്‍ പ്രധാന കാരണം. ആഗോള സാമ്പത്തിക അനിശ്ചിതത്വവും പ്രധാന വിപണികളിലെ ആവശ്യകത കുറഞ്ഞതും ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.
———-
ഇറാന്-യുഎസ് സംഘര്‍ഷം രൂക്ഷമാകുന്നു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. ഇറാന് ഗള്‍ഫ് മേഖലയിലാകെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇറാന് മിസൈലുകള്‍ വ്യോമപ്രതിരോധമുപയോഗിച്ച് തകര്‍ത്തെന്ന് ബഹ്റൈന്‍ പ്രതികരിച്ചു. അമേരിക്ക മധ്യ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുഎസുമായുള്ള ധാരണ പ്രതിസന്ധിയിലായിക്കഴിഞ്ഞെന്നും യുഎസാണ് കരാര്‍ തെറ്റിച്ചതെന്നും ഇറാന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
എണ്ണവില 80 ഡോളറിലേക്ക്; സ്വര്‍ണത്തില്‍ കനത്ത ഇടിവ്
ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള എണ്ണവിലയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന ആശങ്ക വിപണികളില്‍ ഉയരുന്നുണ്ട്. രണ്ട് ശതമാനത്തോളം ഉയര്‍ന്ന് ബ്രെന്റ് ക്രൂഡ് വില 78.6 ഡോളറിലെത്തി. സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണവില 1.5% ഇടിഞ്ഞ് ഔണ്‍സിന് 4062 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം 130 രൂപ ഇടിഞ്ഞ് 13,100 രൂപയായി. 1040 രൂപ ഇടിഞ്ഞ് 1,04,800 രൂപയാണ് പവന് വില.
ഐടിയുടെ കരുത്തില്‍ തിരിച്ചുകയറി വിപണി
അതേസമയം തുടക്കത്തിലെ വമ്പന്‍ ഇടിവില്‍ നിന്ന് ഓഹരി വിപണി കരകയറി. 700 പോയന്റ് വീണ സെന്‍സെക്സ് 47 പോയന്റ് നേട്ടത്തോടെ 77,616 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്കിംഗ് ഓഹരികളിലെ വാങ്ങലാണ് വിപണിക്ക് കരുത്തായത്. ഐടി സൂചിക ഇന്ന് 3.59% കുതിച്ചു. ടിസിഎസ് രണ്ടു ദിവസം കൊണ്ട് 7% മുന്നേറി. ആഗോള വ്യാപാര ചര്‍ച്ചകളും കമ്പനികളുടെ ത്രൈമാസ ഫലങ്ങളുമാണ് ഇനി വിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ട്രാക്കിലെന്ന് ഗോയല്‍
ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും, മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള വ്യാപാര കരാറില്‍ ഇന്ത്യ വീണ്ടും തടസവാദങ്ങളുന്നയിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്ട്ടിനേട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരാറിന്റെ ചട്ടക്കൂട് തയാറാണെന്നും ശരിയായ സമയം വരുമ്പോള്‍ കരാര്‍ ഒപ്പിടുമെന്നും കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും പറഞ്ഞു.




