കൊച്ചി: വിനോദസഞ്ചാര-വിനോദ ബോട്ടിംഗ് മേഖലയിലെ വിദേശ ആശ്രയത്വം അവസാനിപ്പിച്ച് കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട് നിര്‍മ്മാണ കേന്ദ്രമാക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ‘എം.കെ.ഇ.എല്‍ മറൈന്‍’ (MKEL Marine). ആഗോള നിലവാരത്തില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത അഞ്ച് പുതിയ ഫ്ളാഗ്ഷിപ്പ് വാട്ടര്‍ക്രാഫ്റ്റ് ലൈനുകള്‍ കമ്പനി പുറത്തിറക്കി.
ഞാറക്കലിലെ നിര്‍മ്മാണ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നാവികനും നാവികസേനാ മുന്‍ കമാന്‍ഡറുമായ അഭിലാഷ് ടോമി പുതിയ ബോട്ട് നിരകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാവിക ആര്‍ക്കിടെക്റ്റും എം.കെ.ഇ.എല്‍ മറൈന്‍ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോമ്പോസിറ്റ് റെസിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉയര്‍ന്ന കാര്യക്ഷമതയുള്ള ഈ യാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പുറത്തിറക്കിയ 5 പ്രമുഖ മോഡലുകള്‍:
ടൂറിങ് & എക്സ്പീഡിഷന്‍ കയാക്കുകള്‍: പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും കായിക വിനോദങ്ങള്‍ക്കുമായി ഭാരം കുറഞ്ഞ കോമ്പോസിറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത്.
വേലോര്‍ പവര്‍ബോട്ട് സീരീസ്: കോസ്റ്റല്‍ പട്രോളിംഗ്, ആഡംബര യാത്രകള്‍ എന്നിവയ്ക്കായി ആഘാത പ്രതിരോധശേഷിയുള്ള മറൈന്‍ റെസിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അതിവേഗ ബോട്ടുകള്‍.
വര്‍ക്ക് മോട്ടോര്‍ ബോട്ടുകള്‍: കായല്‍ ടൂറിസം, സ്പോര്‍ട്സ് ഫിഷിംഗ്, റിസോര്‍ട്ട് ആവശ്യങ്ങള്‍ എന്നിവയ്ക്ക അനുയോജ്യമായ കൂടുതല്‍ ഇന്ധനക്ഷമതയുള്ള ബോട്ടുകള്‍.
എയറോസെയിലിങ് ഫ്ലീറ്റ്: കടല്‍ യാത്രകള്‍ക്കും മത്സരങ്ങള്‍ക്കുമായി വായുപ്രധിരോധം കുറഞ്ഞ രീതിയില്‍ രൂപകല്‍പ്പന ചെയ്ത സെയ്ലിംഗ് യാട്ടുകള്‍.
റേസിംഗ് എക്സ് എലൈറ്റ്: സ്പോര്‍ട്സ് അക്കാദമികള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമായി വായുചലന ശാസ്ത്ര തത്വങ്ങള്‍ (Aerodynamics) അടിസ്ഥാനമാക്കി തയ്യാറാക്കിയ മത്സര ബോട്ടുകള്‍.
ആഗോള സാങ്കേതികവിദ്യ, പ്രാദേശിക നിര്‍മ്മാണം
ആഗോളതലത്തില്‍ ശ്രദ്ധേയരായ ഓസ്ട്രേലിയയിലെ പെര്‍ത്ത് ആസ്ഥാനമായ ‘ബി & ജി യാട്ട് ഡിസൈനുമായി’ (B&G Yacht Design) കമ്പനി പങ്കാളിത്ത കരാറിലെത്തി. പ്രശസ്ത ഡിസൈനര്‍ റോബര്‍ട്ടോ ബാരോസ് രൂപകല്‍പ്പന ചെയ്ത രണ്ട് സിഗ്നേച്ചര്‍ സെയ്ലിംഗ് യാട്ടുകള്‍ ആഗോള വിപണിയിലുടനീളം നിര്‍മ്മിച്ച് വിപണനം ചെയ്യാനുള്ള അവകാശം ഇനി എം.കെ.ഇ.എല്‍ മറൈനായിരിക്കും.
‘തദ്ദേശീയമായ നാവിക രൂപകല്‍പ്പനയും അന്താരാഷ്ട്ര സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഇന്ത്യയിലെ വിനോദ-ബോട്ടിംഗ് മേഖലയില്‍ വലിയ മാറ്റത്തിനാണ് തുടക്കമിടുന്നത്. കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട് നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം,’ എം.കെ.ഇ.എല്‍ മറൈന്‍ ഫൗണ്ടറും സി.ഇ.ഒയുമായ ജോസ് ബാബു മാളിയേക്കല്‍ പറഞ്ഞു.
10 കോടി രൂപയുടെ വികസന പദ്ധതികള്‍
നിലവില്‍ 2.5 കോടി രൂപ നിക്ഷേപിച്ച കമ്പനി, 2027 ഓടെ മൂലധന നിക്ഷേപം 10 കോടി രൂപയായി ഉയര്‍ത്തും. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ടെക്നിക്കല്‍ മേഖലയില്‍ ജീവനക്കാരുടെ എണ്ണം 2027 പകുതിയോടെ 50 ആയും 2028 ഓടെ 100 ആയും ഉയര്‍ത്തും.
യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിടുന്നതിലൂടെ, ഉയര്‍ന്ന ഗുണനിലവാരമുള്ള മറൈന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമായി കേരളത്തെ മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്.
ടോണി ചമ്മണി എം.എല്‍.എ., യൂറോടെക് മാരിടൈം അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ജെന്സണ് പോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.




