കൊച്ചി: മലബാർ ഗ്രൂപ്പിന്റെ കുടുംബ വിനോദ സംരംഭമായ പ്ലേയാസ എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആറു പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

കേരളത്തിന് പുറത്തുള്ള പ്ലേയാസയുടെ ആദ്യ കേന്ദ്രം കര്‍ണാടകയിലെ മംഗളൂരുവിലെ നെക്സസ് ഫിസ മാളിൽ ആരംഭിക്കും. തുടർന്ന് ബെംഗളൂരു, ഹൈദരാബാദ്, മൈസൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
പുതിയ ആറു കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്ലേയാസയുടെ ആകെ പ്രവർത്തന വിസ്തൃതി ഏകദേശം 1.5 ലക്ഷം ചതുരശ്ര അടിയായി ഉയരും. ഈ വികസന പദ്ധതിക്കായി മലബാർ ഗ്രൂപ്പ് 70 കോടി രൂപയുടെ നിക്ഷേപമാണ് വകയിരുത്തിയിരിക്കുന്നത്.
കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന അമ്യൂസ്മെന്റ് റൈഡുകൾ, ആധുനിക ഗെയിമുകൾ, പ്രീമിയം ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര വിനോദ കേന്ദ്രങ്ങളായിരിക്കും പുതിയ പ്ലേയാസ കേന്ദ്രങ്ങൾ.
മലബാർ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയോടെ ഇന്ത്യയിലെ മുൻനിര ഫാമിലി എന്റർടൈൻമെന്റ് ബ്രാൻഡുകളിലൊന്നായി വളരാനാണ് പ്ലേയാസ ലക്ഷ്യമിടുന്നത്.




