കേന്ദ്ര സര്‍ക്കാരിന് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതം പ്രഖ്യാപിച്ച് ആര്‍ബിഐ. 2,86,588.46 കോടി രൂപയാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായി ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് കൈമാറുക. വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈമാറിയ 2.69 ലക്ഷം കോടി രൂപയേക്കാള്‍ 6% അധിക തുകയാണ് ഇത്തവണ റിസര്‍വ് ബാങ്ക് നല്‍കുന്നത്. ഇറാന് യുദ്ധത്തിന്റെയും ക്രൂഡ് പ്രതിസന്ധിയുടെയും രൂപയുടെ വിലയിടിവിന്റെയും കാലത്ത് കേന്ദ്ര സര്‍ക്കാരിന് കാര്യമായ ആശ്വാസമാണ് ഈ ഡിവിഡന്റ്.
വിദേശ കറന്‍സി നിക്ഷേപങ്ങള്‍, ബോണ്ടുകളിലെ നിക്ഷേപങ്ങള്‍, ബാങ്കുകള്‍ക്ക് നല്കുന്ന വായ്പകള്‍, കറന്‍സി ലഭ്യമാക്കല്‍, പലിശ നിരക്ക് നിയന്ത്രണം തുടങ്ങി വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍ബിഐ ലാഭമുണ്ടാക്കുന്നത്. ഉയര്‍ന്ന സ്വര്‍ണ വിലയും വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന പലിശയുമെല്ലാം റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടം റെക്കോഡ് ഉയരത്തിലെത്തിച്ചിട്ടുണ്ട്.
നികുതി വര്‍ധിപ്പിക്കുകയോ കടമെടുക്കുകയോ ചെയ്യാതെ അധിക ഫണ്ട് ലഭിക്കുന്നെന്നതാണ് ഈ ഡിവിഡന്റിലൂടെ സര്‍ക്കാരിനുള്ള നേട്ടം. ഇറാന് സംഘര്‍ഷം ഇന്ത്യയെയും സാമ്പത്തികമായി ഞെരുക്കാനാരംഭിച്ച സമയത്താണ് ഇത്തരമൊരു വമ്പന്‍ ഫണ്ട് ലഭിക്കുന്നതെന്നത് നിര്‍ണായകമാണ്. ക്ഷേമ, വികസന പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാരിന് ഈ പണം ചെലവാക്കാനാകും. ബജറ്റ് കമ്മി കുറയ്ക്കാനും സര്‍ക്കാരിന് ഈ പണം ഉപകരിക്കും
പണപ്പെരുപ്പത്തിന്റെയും എണ്ണവില വര്‍ധനയുടെയും ആശങ്കകളുണ്ടെങ്കിലും ആര്‍ബിഐ ജൂണിലെ ധനനയ യോഗത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഒക്ടോബറിലോ 2027 സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തിലോ 25-50 ബേസിസ് പോയന്റുകളുടെ വര്‍ധന പലിശ നിരക്കുകളില്‍ വരുത്തിയേക്കാമെന്നും 11 സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ നടത്തിയ സര്‍വേ പറയുന്നു. ചില്ലറ പണപ്പെരുപ്പം 60 ബേസിസ് പോയന്റ് വരെ ഉയരാമെന്ന് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.
ഇറാന് സമാധാന ചര്‍ച്ചകളില്‍ പുരോഗതിയെന്ന് റൂബിയോ
ഇറാന് സമാധാന കരാര്‍ ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഈ പുരോഗതിയെ താന്‍ പെരുപ്പിച്ചു കാണിക്കുന്നില്ലെന്നും റൂബിയോ പറഞ്ഞു. അതേസമയം കരാറിന്റെ കരട് രൂപം ഏകദേശം തയാറാണെന്നും മണിക്കൂറുകള്‍ക്കകം ഇത് പ്രഖ്യാപിച്ചേക്കുമെന്നും സൗദി മാധ്യമമായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് പൂര്‍ണമായും പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇതിനിടെ യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തുവന്നു.
ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് വിതരണക്കാരായി വെനസ്വേല
ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ വിതരണ രാജ്യമായി വെനസ്വേല. മേയ് മാസത്തില്‍ ഓരോ ദിവസവും ശരാശരി 3.81 ലക്ഷം ബാരല്‍ എണ്ണയാണ് വെനസ്വേല ഇന്ത്യക്ക് നല്‍കിയത്. യുഎസ് ഉപരോധം പിന്‍വലിച്ച സാഹചര്യത്തിലാണ് ഇന്ത്യ വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാനാരംഭിച്ചത്. പ്രതിദിനം 19 ലക്ഷം ബാരല്‍ ക്രൂഡുമായി റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാഷ്ട്രം. 5.54 ലക്ഷം ബാരല്‍ ക്രൂഡുമായി യുഎഇ രണ്ടാമതും 4.1 ലക്ഷം ബാരല്‍ ക്രൂഡുമായി സൗദി അറേബ്യ മൂന്നാമതുമുണ്ട്. ഒമാന്‍, ബ്രസീല്‍, അംഗോള തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്.
വിപണി കയറി; സ്വര്‍ണം താഴ്ന്നു
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച മുന്നേറ്റം ദൃശ്യമായി. സെന്‍സെക്സ് 231 പോയന്റ് ഉയര്‍ന്ന് 75,415 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 65 പോയന്റ് നേട്ടത്തോടെ 23,719 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ ഇന്ന് നേട്ടം ദൃശ്യമായിരുന്നു. മാക്സ് ഹെല്‍ത്ത്കെയര്‍ 6% വീണു. 15,000 കോടി രൂപയുടെ ഷെയര്‍ ബൈബാക്ക് ജൂണ്‍ 5 ന് നടത്തുമെന്ന് വിപ്രോ പ്രഖ്യാപിച്ചു.
അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം 40 രൂപ കുറഞ്ഞ് 14,620 രൂപയിലെത്തി. പവന് 320 രൂപ താഴ്ന്ന് 1,16,960 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 0.5% താഴ്ന്ന് 4520 ഡോളറിനരികെയാണ് ട്രേഡ് ചെയ്യുന്നത്.




