ഇന്ത്യക്കും യുഎസിനും സംയോജിത താല്‍പ്പര്യങ്ങള്‍ ഏറെയെന്ന് റൂബിയോ
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവരും ചര്‍ച്ചകളുടെ ഭാഗമായി. ഇന്ത്യ-യുഎസ് സഹകരണത്തിനൊപ്പം ആഗോള സമാധാനവും സുരക്ഷയും ചര്‍ച്ചയായെന്നും ലോക നന്മക്കായി ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇന്ത്യക്കും യുഎസിനും സംയോജിത താല്‍പ്പര്യങ്ങള്‍ ഏറെയുണ്ടെന്ന് റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ കത്ത് റൂബിയോ പ്രധാനമന്ത്രിക്ക് കൈമാറി. ഇരു നേതാക്കളും തമ്മില്‍ ഏറെ ശക്തമായ വ്യക്തിബന്ധമാണുള്ളതെന്നും ഇന്ത്യ-യുഎസ് ബന്ധത്തിന്റെ സുപ്രധാന അടിസ്ഥാനമായി ഈ ബന്ധം മാറിയിട്ടുണ്ടെന്നും റൂബിയോ പറഞ്ഞു.
സുരക്ഷ, വ്യാപാരം, അതിസങ്കീര്‍ണ സാങ്കേതിക വിദ്യകള്‍ എന്നിവയിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ഇറാന് യുദ്ധമടക്കം സങ്കീര്‍ണ സാഹചര്യങ്ങളിലൂടെ ലോകം കടന്നുപോകവെയാണ് ഈ സുപ്രധാന സന്ദര്‍ശനം നടക്കുന്നത്. ഡെല്‍ഹിയില്‍ ഓസ്ട്രേലിയ, ജപ്പാന് മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന ക്വാഡ് സഖ്യത്തിന്റെ യോഗത്തിലും റൂബിയോ പങ്കെടുക്കും.
ഇറാന് സമാധാന ചര്‍ച്ചകള്‍ സജീവം
ഇറാന് സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള പുതിയ ചര്‍ച്ചകള്‍ ടെഹ്റാനില്‍ ആരംഭിച്ചു. പാകിസ്ഥാന്റെയും ഖത്തറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. പാകിസ്ഥാന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീര്‍ ചര്‍ച്ചകളുടെ ഭാഗമാണ്. അതേസമയം ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ വീണ്ടും ആക്രമിക്കാനുള്ള എല്ലാ തയാറെടുപ്പുകളും യുഎസും ഇസ്രയേലും പൂര്‍ത്തിയാക്കി. മകന് ട്രംപ് ജൂനിയറിന്റെ വിവാഹത്തില്‍ പോലും പങ്കെടുക്കാതെ പ്രസിഡന്റ് ട്രംപ് യുഎസ് തലസ്ഥാനമായ വാഷിംഗ്ടണില്‍ തുടരുകയാണ്.
എണ്ണവില മൂന്നാമതും വര്‍ധിപ്പിച്ചു
സംഘര്‍ഷ സാഹചര്യമുണ്ടെങ്കിലും അന്താരാഷ്ട്ര എണ്ണവിലയില്‍ നേരിയ ആശ്വാസം കാണുന്നുണ്ട്. ബ്രെന്റ് ക്രൂഡ് 103.5 ഡോളറിലേക്കും യുഎസ് ഡബ്യുടിഐ ക്രൂഡ് 96.6 ഡോളറിലേക്കും താഴ്ന്നു. അതേസമയം ഇന്ത്യയില്‍ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. മൂന്നു തവണയായി അഞ്ച് രൂപയോളം ഇപ്പോള്‍ ഇന്ധനവില വര്‍ധിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണം 10,000 ഡോളര്‍ തൊടുമെന്ന് കിയോസ്കി
സ്വര്‍ണവില താഴേക്കുതന്നെയാണ്. അന്താരാഷ്ട്രവില ഔണ്‍സിന് 0.58% ഇടിഞ്ഞ് 4,516 ഡോളറായി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 14,580 രൂപയാണ് ഇന്നത്തെ വില. പവന് 320 രൂപ കുറഞ്ഞ് 1,16,640 രൂപയായി. സ്വര്‍ണവില സമീപ ഭാവിയില്‍ തന്നെ ഔണ്‍സിന് 10,000 ഡോളറിലേക്കും വെള്ളിവില നിലവിലെ 75 ഡോളറില്‍ നിന്ന് 200 ഡോളറിലേക്കും ഉയരുമെന്ന പ്രവചനവുമായി ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവും മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുമായ റോബര്‍ട്ട് കിയോസ്കി രംഗത്തെത്തി. വലിയൊരു ഓഹരി വിപണി തകര്‍ച്ചയും കിയോസ്കി പ്രവചിക്കുന്നുണ്ട്.
ഷിര്‍ദിയില്‍ മെഗാ ഡിഫന്‍സ് പാര്‍ക്ക്
മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നൈബ് ഗ്രൂപ്പിന്റെ വമ്പന്‍ പ്രതിരോധ ഉല്‍പ്പാദന കേന്ദ്രം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉത്ഘാടനം ചെയ്തു. 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റോക്കറ്റ് ലോഞ്ചറുകള്‍, കാമികാസെ ഡ്രോണുകള്‍ എന്നിവയാവും ഈ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിക്കുക. 3000 കോടി രൂപ നിക്ഷേപത്തിലാണ് പ്രതിരോധ ഉല്പാദന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.




