തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ആകെ ബിസിനസ് 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. പ്രവര്‍ത്തനമാരംഭിച്ച് ഒന്‍പത് വര്‍ഷത്തിനുള്ളിലാണ് ബാങ്ക് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സാമൂഹിക വികസനം, ഉത്തരവാദിത്ത ബാങ്കിംഗ്, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നിവയില്‍ അധിഷ്ഠിതപ്പെടുത്തിയ നയങ്ങളാണ് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. ബാങ്കിംഗ് സേവനം അകലെയായിരുന്ന ഗ്രാമീണ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ മികച്ച സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യമൊട്ടാകെ ശക്തമായ സാന്നിധ്യമാകാനും ഇസാഫ് ബാങ്കിന് ഇക്കാലയളവില്‍ സാധിച്ചെന്ന് കമ്പനി പറഞ്ഞു.
50,000 കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിക്കാനായത് ഇസാഫിന്റെ യാത്രയിലെ അഭിമാനകരമായ നിമിഷമാണെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോള്‍ തോമസ് പറഞ്ഞു. ഇടപാടുകാരുടെ വിശ്വാസവും ജീവനക്കാരുടെ കഠിനാധ്വാനവും ഓഹരി ഉടമകളുടെ പിന്തുണയുമാണ് ഇസാഫിനെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ നേട്ടത്തിലേക്കെത്തിച്ചത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപ്പാക്കാന്‍ സ്ഥാപനം എക്കാലവും പ്രതിബദ്ധത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമാണുള്ളത്.




