ബാങ്കിംഗ് മേഖലയില്‍ ഉണര്‍വ് പ്രകടമാക്കി മികച്ച പാദ ഫലങ്ങള്‍ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ ബാങ്കുകള്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 5% വാര്‍ഷിക വളര്‍ച്ചയോടെ 19,059 കോടി രൂപ അറ്റ ലാഭം നേടി. അറ്റ പലിശാ വരുമാനം 6.7% ഉയര്‍ന്ന് 33,530 കോടി രൂപയായി. വായ്പകള്‍ 15.4% നിക്ഷേപങ്ങള്‍ 13.3% എന്നിങ്ങനെ വര്‍ധിച്ചു. രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ റെക്കോഡ് ലാഭമാണ് നേടിയിരിക്കുന്നത്. 15.9% വളര്‍ച്ചയോടെ 14,804.5 കോടി രൂപ അറ്റ ലാഭമാണ് ബാങ്ക് നേടിയത്. അറ്റ പലിശ വരുമാനം 12.7% ഉയര്‍ന്ന് 24,380 കോടി രൂപയായി.
ഇന്ന് ഫലം പ്രഖ്യാപിച്ച മറ്റ് ബാങ്കുകളിലേക്ക് വന്നാല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് ശക്തമായ ആദ്യപാദ ഫലം പ്രഖ്യാപിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റ ലാഭം 25.6% വര്‍ധിച്ച് 4,123 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 8% ഉയര്‍ന്ന് 7,928 കോടി രൂപയായി. ആക്സിസ് ബാങ്കിന്റെ അറ്റ ലാഭം ആദ്യ പാദത്തില്‍ 23% വര്‍ധിച്ച് 7,114 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 8% ഉയര്‍ന്ന് 14,646 കോടി രൂപയായി. കിട്ടാക്കട അനുപാതം 0.39 ശതമാനത്തിലേക്ക് താഴ്ന്നു. ഐഡിബിഐ ബാങ്ക് ആദ്യപാദത്തില്‍ 5% വാര്‍ഷിക വളര്‍ച്ചയോടെ 2,115 കോടി രൂപ അറ്റ ലാഭം നേടി. കഴിഞ്ഞ ദിവസം ഫെഡറല്‍ ബാങ്കും മികച്ച ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
പശ്ചിമേഷ്യ പുകയുന്നു
ഇറാന്-യുഎസ് ആക്രമണങ്ങളില്‍ അയവില്ല. കഴിഞ്ഞ രാത്രിയിലുടനീളം ഇറാനില്‍ യുഎസ് വ്യോമാക്രമണങ്ങള്‍ നടന്നു.ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസിന്റെ നടപടിയെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അപലപിച്ചു. അയല്‍ രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റില്‍ ജല ശുദ്ധീകരണശാലകള്‍ ഇറാന് തകര്‍ത്തു. ഹോര്‍മുസില്‍ തായ്ലന്ഡ് കപ്പലും ഇറാന് സൈന്യം ആക്രമിച്ചു. അതേസമയം ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന സൂചന നല്കി ഇസ്രായേലിലേക്ക് കൂടുതല്‍ എയര്‍-ടു-എയര്‍ റീഫ്യൂവലിംഗ് വിമാനങ്ങള്‍ അമേരിക്ക വിന്യസിക്കുകയാണ്. നിലവില്‍ 30 യുഎസ് ഇന്ധന വിമാനങ്ങള്‍ ഇസ്രയേലിലുണ്ട്.
കുതിച്ച്് ഇന്ധനവില; സ്വര്‍ണവും കയറ്റത്തില്‍
യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമായതോടെ ഇന്ധനവിലയും ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 85.5 ഡോളറിലേക്ക് ഉയര്‍ന്നു. അതേസമയം സ്വര്‍ണവില കനത്ത വീഴ്ചക്ക് ശേഷം തിരിച്ചുകയറുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 1% ഉയര്‍ന്ന് ഔണ്‍സിന് 4017 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,135 രൂപയിലെത്തി. പവന് 560 രൂപ വര്‍ധിച്ച് 1,05,080 രൂപയാണ് ഇന്നത്തെ വില.




