മാസം രണ്ട് ലക്ഷം രൂപ ശമ്പളവും യാതൊരുവിധ കടങ്ങളോ തിരിച്ചടവുകളോ ഇല്ലാതിരുന്നിട്ടും തനിക്ക് സാമ്പത്തിക സുരക്ഷിതത്വം തോന്നുന്നില്ലെന്നും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് 26-കാരനായ ഒരു ബെംഗളൂരു ടെക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇദ്ദേഹം തന്റെ ആശങ്കകള്‍ വ്യക്തമാക്കിയത്.
ദാരിദ്ര്യം നിറഞ്ഞ ബാല്യം
കുട്ടിക്കാലത്ത് കുടുംബത്തിന്റെ മാസവരുമാനം വെറും 6,000-7,000 രൂപ മാത്രമായിരുന്നു. ഒരു ചെറിയ മുറിയിലാണ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ പ്രതിമാസം 2 ലക്ഷം രൂപ വരുമാനം ഉണ്ട്. ബാങ്ക് അക്കൗണ്ടില്‍ എമര്‍ജന്‍സി ഫണ്ടായി 6 ലക്ഷം രൂപയുണ്ട്. മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍, എഫ്ഡി, സ്വര്‍ണം എന്നിവയിലായി നല്ലൊരു തുക നിക്ഷേപമുണ്ട്. തനിക്കും മാതാപിതാക്കള്‍ക്കും വേണ്ട ഇന്‍ഷുറന്‍സും ഉണ്ട്. സ്വന്തമായി സ്കൂട്ടര്‍, മാക്ബുക്ക്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങി മാതാപിതാക്കള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ വരെ വാങ്ങി നല്‍കിയിട്ടുണ്ട്.
ഇത്രയൊക്കെ ഉണ്ടെങ്കിലും അനുഭവപ്പെടുന്ന മാനസിക വിഷമത്തെകുറിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്. സാമ്പത്തികമായി ഇത്രയധികം മുന്നേറിയിട്ടും സാമ്പത്തിക സുരക്ഷിതത്വം തോന്നുന്നില്ല എന്ന കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷ്യം പൂര്‍ത്തിയാക്കുമ്പോള്‍, ഉദാഹരണത്തിന് വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍, അടുത്ത ലക്ഷ്യത്തിന് പണം തികയാതെ വരുമോ എന്ന ഭയം ഉണ്ട്. വരാനിരിക്കുന്ന കല്യാണച്ചെലവ്, കാര്‍, വസ്തു വാങ്ങല്‍ ഇതിനെകുറിച്ചെല്ലാം ആകുലതകള്‍ ഉണ്ട്. 750 രൂപയില്‍ കൂടുതല്‍ വിലയുള്ള ഒരു ഷര്‍ട്ട് വാങ്ങുമ്പോള്‍ പോലും കുറ്റബോധവും ഉത്കണ്ഠയും അനുഭവപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. പതിനായിരങ്ങള്‍ കടമെടുത്ത് വിലകൂടിയ ബൈക്കുകള്‍ വാങ്ങുകയും പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ സന്തോഷത്തോടെ ജീവിക്കുമ്പോള്‍, കടബാധ്യതകള്‍ ഇല്ലാതെ കൃത്യമായ ആസൂത്രണത്തോടെ ജീവിക്കുന്ന താന്‍ എന്തുകൊണ്ട് ഇപ്പോഴും പിരിമുറുക്കത്തിലാകുന്നു എന്ന ചോദ്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്.
സോഷ്യല്‍ മീഡിയയുടെ പ്രതികരണം
ഈ പോസ്റ്റ് വന്‍തോതില്‍ ചര്‍ച്ചചെയ്യപ്പെടുകയും നിരവധി ആളുകള്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കുട്ടിക്കാലത്തുണ്ടായ ദാരിദ്ര്യത്തിന്റെ ആഘാതവും ഭയവുമാണ് (ട്രോമ) ഉയര്‍ന്ന വരുമാനം ലഭിക്കുമ്പോഴും ദാരിദ്ര്യം മാറാത്തത് എന്ന് പലരും ചൂണ്ടിക്കാട്ടി. പണം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ അതില്‍ നിന്ന് കിട്ടുന്ന ജീവിതസന്തോഷം ആസ്വദിക്കാനും താന്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനം കൊള്ളാനും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന വരുമാനം ഉണ്ടെന്നത് കൊണ്ടുമാത്രം ഒരാള്‍ക്ക് സാമ്പത്തികമായി സമാധാനം ലഭിക്കണമെന്നില്ല; ദാരിദ്ര്യത്തില്‍ നിന്ന് വളര്‍ന്നുവന്നവരുടെ മനസ്സില്‍ പണം നഷ്ടപ്പെടുമോ എന്ന ഭയം എപ്പോഴും നിലനില്ക്കും എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.




