സാധാരണയായി വലിയ വീടുകളും ആഡംബര കാറുകളും ബാങ്ക് ബാലന്‍സുമാണ് ഒരാളുടെ സമ്പത്തിന്റെ അളവുകോലായി ആളുകള്‍ കാണുന്നത്. എന്നാല്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശിക് പങ്കുവെച്ച സാമ്പത്തിക ചിന്തകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ 50 ലക്ഷം രൂപയുണ്ടായിട്ട് ഒരു കാര്യവുമില്ല.’
മനഃസമാധാനമാണ് യഥാര്‍ത്ഥ സമ്പത്ത്
പണമുണ്ടെന്നതുകൊണ്ട് മാത്രം ഒരാള്‍ സമ്പന്നനാകുന്നില്ല. പണം നല്കുന്ന സ്വാതന്ത്ര്യവും മനഃസമാധാനവുമാണ് യഥാര്‍ത്ഥ സമ്പത്ത്. ബജറ്റ് തയ്യാറാക്കുന്നതും പണം സമ്പാദിക്കുന്നതും നിക്ഷേപിക്കുന്നതുമൊന്നും ആഗ്രഹം കൊണ്ടോ ദുരാഗ്രഹം കൊണ്ടോ ആകരുത്. അത് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അതിലൂടെ മാനസിക സ്വാതന്ത്ര്യം ഉറപ്പാക്കാനും വേണ്ടിയാകണം.
സാമ്പത്തിക വിവേകമുള്ളവരുടെ 5 പ്രധാന ശീലങ്ങള്‍
സാമ്പത്തികമായി പക്വതയുള്ളവര്‍ പിന്തുടരുന്ന 5 കാര്യങ്ങള്‍ നിതിന്‍ കൗശിക് ചൂണ്ടിക്കാണിക്കുന്നു. പണത്തോടൊപ്പം മനസമാധാനവും വേണമെങ്കില്‍ ഇവ പിന്തുടരാം…
സാമ്പത്തിക നേട്ടങ്ങള്‍ പുകഴ്ത്തിപ്പറയില്ല: തങ്ങള്‍ ഉണ്ടാക്കിയ ലാഭത്തെക്കുറിച്ചോ പണത്തെക്കുറിച്ചോ സോഷ്യല്‍ മീഡിയയിലോ മറ്റുള്ളവരുടെ മുന്നിലോ പുകഴ്ത്തിപ്പറയാറില്ല. നിക്ഷേപത്തിന്റെ വളര്‍ച്ച തനിയെ സംസാരിച്ചോളും എന്ന് അവര്‍ക്കറിയാം.
വ്യക്തിപരമായ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് വിശദീകരണം നല്‍കില്ല: അനാവശ്യ ചെലവുകള്‍ക്കോ മോശം സാമ്പത്തിക ശീലങ്ങള്‍ക്കോ ‘നോ’ എന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ന്യായീകരണം നല്‍കേണ്ട ആവശ്യമില്ല.
ആഡംബരം പ്രദര്‍ശിപ്പിക്കില്ല: യഥാര്‍ത്ഥ സമ്പന്നര്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല, സ്വന്തം സമാധാനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പലരും പുതിയ കാര്‍, വിലകൂടിയ ഫോണ്‍, അല്ലെങ്കില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വാങ്ങുന്നത് മറ്റുള്ളവരെ കാണിക്കാനും പ്രശംസ പിടിച്ചുപറ്റാനുമാണ്. എന്നാല്‍ ഇതിലൂടെ കിട്ടുന്ന സന്തോഷം വളരെ താത്കാലികമാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി അനാവശ്യമായി പണം ചെലവഴിക്കുമ്പോള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡും ലോണും എടുക്കുമ്പോള്‍, അത് നിങ്ങളുടെ ഭാവിയിലെ സമാധാനത്തെയാണ് നഷ്ടപ്പെടുത്തുന്നത്.
മാര്‍ക്കറ്റിലെ അനാവശ്യ ബഹളങ്ങള്‍ ഗൗനിക്കില്ല: ഓഹരി വിപണിയിലോ സാമ്പത്തിക ലോകത്തോ ഉണ്ടാകുന്ന താത്കാലിക പരിഭ്രാന്തികളെ കണ്ട് ഭയപ്പെടാതെ, ശാന്തതയോടെയും ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യും.
ക്ഷമയും സ്ഥിരതയും പുലര്‍ത്തും: മറ്റുള്ളവരുടെ പ്രശംസയേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കുന്നത് സ്വന്തം സാമ്പത്തിക ക്രമീകരണങ്ങള്‍ക്കും സ്ഥിരതയാര്‍ന്ന തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ക്കുമാണ്.
പണം നല്കുന്ന ധൈര്യം
പെട്ടെന്ന് ജോലി നഷ്ടപ്പെടുകയോ മറ്റ് തിരിച്ചടികള്‍ വരികയോ ചെയ്താല്‍ 6 മാസത്തേക്ക് ജീവിക്കാനുള്ള പണം മാറ്റിവെക്കുമ്പോള്‍ ലഭിക്കുന്ന ഒരു ധൈര്യമുണ്ട്. മാസാമാസം കൃത്യമായി മാറ്റി വെക്കേണ്ട ഇഎംഐ ഭാരം ഇല്ലാതിരിക്കുമ്പോള്‍ രാത്രി സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കും. പ്രായമാകുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ സ്വന്തം കാര്യങ്ങള്‍ നോക്കി ജീവിക്കാനുള്ള ഉറപ്പും പണം നല്‍കും.
ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ലഭിക്കുന്ന ഏറ്റവും വലിയ കാര്യം, സമയം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇഷ്ടമില്ലാത്ത ജോലിയില്‍ നിന്ന് മാറി നില്ക്കാന്,
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍, പെട്ടെന്ന് ഒരു ആരോഗ്യപ്രശ്നം വന്നാല്‍ സാമ്പത്തികമായി തളര്‍ന്നുപോകാതിരിക്കാന്‍… ഇതിനൊക്കെയാണ് പണം നമ്മളെ സഹായിക്കേണ്ടത്. ഈ സ്വാതന്ത്ര്യമാണ് ഏതൊരു ആഡംബര വസ്തുവിനേക്കാളും വലിയ സമാധാനം നല്‍കുന്നത്.
ചുരുക്കത്തില്‍ പണം, കാണിക്കാനുള്ള ഒരു വസ്തുവല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള ഒരു ഉപകരണം മാത്രമാണ്. പണത്തെ ഒരു ഡ്രൈവിംഗ് ലൈസന്‍സോ അല്ലെങ്കില്‍ ഒരു വണ്ടിയോ പോലെ കാണുക. വണ്ടി നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ്. അതുപോലെ, പണം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സുഗമമാക്കാനും, രോഗവും മറ്റ് അടിയന്തിര സാഹചര്യങ്ങളും വരുമ്പോള്‍ സംരക്ഷണം നല്‍കാനും, ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാനുമുള്ള ഒരു ഉപകരണം മാത്രമാണ്.




