2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ് ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിലെ മികച്ച വില്‍പ്പനയും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റവും റീട്ടെയില്‍ ശൃംഖലയുടെ വ്യാപനവും കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വന്‍ കുതിപ്പുണ്ടാക്കി.
കമ്പനിയുടെ ഏകീകൃത പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 7,300 കോടി രൂപയില്‍നിന്ന് 10,589 കോടി രൂപയായി വര്‍ധിച്ചു. ഏകദേശം 45 ശതമാനമാണ് വരുമാനത്തിലെ വര്‍ധന. അറ്റലാഭം 264 കോടിയില്‍നിന്ന് 32.2% വര്‍ധിച്ച് 349 കോടി രൂപയിലെത്തി.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാത്രം 38 ശതമാനത്തിലധികം വാര്‍ഷിക വരുമാന വളര്‍ച്ച കൈവരിച്ചതായും, നിലവിലുള്ള ഷോറൂമുകളിലെ വില്‍പ്പന അളക്കുന്ന സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് ഏകദേശം 28 ശതമാനമായിരുന്നുവെന്നും കമ്പനി അറിയിച്ചു. ആഭ്യന്തര വിപണിയില്‍ ശക്തമായ ഉപഭോക്തൃ ആവശ്യകത നിലനിന്നതാണ് വരുമാന വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണാഭരണങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ്: രമേഷ് കല്യാണരാമന്
‘ജൂണ്‍ പാദത്തിലുണ്ടായിരുന്നതുപോലെ തന്നെ സ്വര്‍ണാഭരണങ്ങള്‍ക്ക് ഇപ്പോഴും ശക്തമായ ആവശ്യകതയാണ് നിലനില്‍ക്കുന്നത്. സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ താല്‍ക്കാലികമായി മാറ്റിവെക്കാറുണ്ട്. എന്നാല്‍ വിവാഹ ആവശ്യങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ നീട്ടിവെക്കാന്‍ സാധിക്കില്ല. സ്വര്‍ണവില സ്ഥിരതയിലാകുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നുന്ന മുറയ്ക്ക് അവര്‍ വീണ്ടും വാങ്ങലിലേക്ക് മടങ്ങിയെത്തും. ഇപ്പോള്‍ അത്തരമൊരു മാന്ദ്യം ഞങ്ങള്‍ കാണുന്നില്ല. ജൂലൈ മാസവും ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്,’ കല്യാണ്‍ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ രമേഷ് കല്യാണരാമന് പറഞ്ഞു.
ഡിജിറ്റല്‍ വളര്‍ച്ച
ഡിജിറ്റല്‍ രംഗത്തും കമ്പനി മികച്ച മുന്നേറ്റം നടത്തി. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഡിജിറ്റല്‍-ഫസ്റ്റ് ലൈഫ്സ്റ്റൈല്‍ ജ്വല്ലറി പ്ലാറ്റ്ഫോമായ കാന്‍ഡറെ ആദ്യ പാദത്തില്‍ 112 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് പ്രധാന കരുത്താകുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി കാന്‍ഡറെ മാറിക്കൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
റീട്ടെയ്ല്‍ സ്റ്റോറുകള്‍ 524
റീട്ടെയില്‍ വ്യാപനത്തിന്റെ വേഗവും ആദ്യ പാദത്തില്‍ കൂടിയിട്ടുണ്ട്. 2026 ജൂണ്‍ 30 വരെ ലോകമെമ്പാടുമായി കമ്പനിയുടെ ഷോറൂമുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു. 2024 ഡിസംബര്‍ 31-ന് 349 ഷോറൂമുകളായിരുന്നു ഉണ്ടായിരുന്നത്. പുതിയ വിപണികളിലേക്കുള്ള വ്യാപനമാണ് ഈ വളര്‍ച്ചയ്ക്ക് കരുത്തായത്.
റീസൈക്കിളിംഗ് നേട്ടമായി
കമ്പനിയുടെ ‘ഷൈന്‍ വിത്ത് ഇന്ത്യ’ സ്വര്‍ണ പുനഃചംക്രമണ പദ്ധതിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ പാദത്തിലെ മൊത്തം വരുമാനത്തിന്റെ 46 ശതമാനത്തിലധികം റീസൈക്കിള്‍ ചെയ്ത സ്വര്ണത്തില്നിന്നായിരുന്നു. 2026 ജൂണ്‍ മാസത്തില്‍ ഈ വിഹിതം 55 ശതമാനവും കടന്നു. ഇതിലൂടെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും അസംസ്കൃത വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചതായി വിലയിരുത്തപ്പെടുന്നു.
———————–
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




