സൗദി-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ (എസ്ഐബിസി) ഇന്ത്യന്‍ ഭാഗത്തിന്റെ ചെയര്‍മാനായി പ്രവാസി വ്യവസായിയും ഇറാം ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദിനെ ഫിക്കി (ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) നാമനിര്‍ദേശം ചെയ്തു. ഫിക്കി അറബ് കൗണ്‍സിലിന്റെ കോ-ചെയര്‍മാനാണ് നിലവില്‍ ഡോ. സിദ്ദീഖ് അഹമ്മദ്. കെആര്‍ബിഎല്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ പ്രിയങ്ക മിത്തലിനെ സൗദി-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ ഇന്ത്യന്‍ ഭാഗത്തിന്റെ സഹ-ചെയര്‍മാനായും നാമനിര്‍ദ്ദേശം ചെയ്തെന്ന് ഫിക്കി അറിയിച്ചു.
ഫിക്കിയും സൗദി അറേബ്യയിലെ ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സും (എഫ്എസ്സി) സംയുക്തമായി സ്ഥാപിച്ച സജീവമായ സ്വകാര്യ മേഖലാ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് എസ്ഐബിസി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നിക്ഷേപ, വ്യാപാര പങ്കാളിത്തങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക, ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്നതില്‍ കൗണ്‍സില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.




