വിപണി നേട്ടത്തില്‍, വിദേശ നിക്ഷേപകരും ഐടിയും കരുത്തായി
ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 544 പോയന്റ് ഉയര്‍ന്ന് 78,639 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 24,750ന് മുകളിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, ഐടി, ധനകാര്യ ഓഹരികളിലെ മുന്നേറ്റവും വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് കരുത്തായി. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇന്ന് ഏകദേശം 5 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. നിഫ്റ്റി ഐടി സൂചിക 3.3% ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില താഴ്ന്നതും വിപണിയെ തുണച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.5 ഡോളറിലേക്കാണ് താഴ്ന്നത്.
പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാല് ശതമാനം ഉയര്‍ത്തി ബാങ്കുകള്‍
റിസര്‍വ് ബാങ്കിന്റെ പ്രത്യേക വിദേശനാണ്യ നിക്ഷേപ പദ്ധതിയുടെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങളുടെ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 3 മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള വിദേശനാണ്യ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇനി പരമാവധി 6.25% വരെ പലിശ ലഭിക്കും. വിദേശത്തുള്ള ഇന്ത്യക്കാരില്‍ നിന്ന് കൂടുതല്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് ബാങ്കുകളുടെ ലക്ഷ്യം.
ഇപിഎഫ് ശമ്പള പരിധി 25,000 രൂപയിലേക്ക് ഉയര്‍ത്തും
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലെ പ്രതിമാസ വേതനപരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്കി. ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇപിഎഫ് പദ്ധതിയുടെ പരിധിയില്‍ വരാനും ഉയര്‍ന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിരമിക്കല്‍ സമ്പാദ്യം വര്‍ധിപ്പിക്കാനുമാകും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഈ തീരുമാനത്തിന് ലഭിക്കേണ്ടതുണ്ട്.
ലുലു ഇന്ത്യക്ക് 15.8% വരുമാന വളര്‍ച്ച
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ റീട്ടെയില്‍, ഷോപ്പിംഗ് മാള്‍ ബിസിനസ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഏകീകൃത പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 5,448.5 കോടിയില്‍ നിന്ന് 15.8 ശതമാനം വര്‍ധിച്ച് 6,308.2 കോടി രൂപയായി. രണ്ട് പുതിയ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അടക്കം വലിയ വിപുലീകരണ പദ്ധതിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ലുലു ഇന്ത്യയില്‍ നടപ്പാക്കുക. ഇതിനായി 1000 കോടി രൂപയോളം ചെലവഴിക്കും.




