യുഎഇ ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
ഇന്ത്യയില്‍ യുഎഇ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. അബുദാബി സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മൊഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഊര്‍ജം, പ്രതിരോധം, അടിസ്ഥാന സൗകര്യം, ഷിപ്പിംഗ്, ടെക്നോളജി എന്നീ മേഖലകളില്‍ ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. ഇന്ത്യയും യുഎഇയും കരുത്തുറ്റ സൗഹൃദമുള്ള രാഷ്ട്രങ്ങളാണെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുഎഇ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ എല്ലാ സഹായവും ചെയ്യാന്‍ തയാറാണെന്ന് മോദി പറഞ്ഞു. യുഎഇയില്‍ നിന്ന് പ്രധാനമന്ത്രി മോദി നെതര്‍ലന്‍ഡ്സ്, സ്വീഡന്, നോര്‍വേ, ഇറ്റലി സന്ദര്‍ശനങ്ങള്‍ക്കായി തിരിച്ചു.
സമാധാന ചര്‍ച്ചക്ക് യുഎസ് സന്ദേശമയച്ചെന്ന് ഇറാന്
സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ സന്നദ്ധതയറിയിച്ച് യുഎസില്‍ നിന്ന് പുതിയ സന്ദേശം ഇറാന് ലഭിച്ചെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചൈനയടക്കം സഹായിക്കാന്‍ പ്രാപ്തിയുള്ള ഏത് രാജ്യങ്ങളുടെ പിന്തുണയും സ്വാഗതം ചെയ്യുന്നെന്ന് അരാഗ്ചി വ്യക്തമാക്കി. യുഎസിനെ വിശ്വസിക്കാതിരിക്കാന്‍ ഇറാന് മതിയായ കാരണങ്ങളുണ്ട്. യുഎഇയും യുദ്ധത്തില്‍ സജീവമായ പങ്ക് വഹിച്ചു. ഇറാന് ഒരിക്കലും ആണവായുധമുണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഹോര്‍മുസിലൂടെ എല്ലാ കപ്പലുകളെയും കടത്തിവിടാന്‍ ഇറാന് തയാറാണെന്നും ഡെല്‍ഹിയില്‍ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കവെ അരാഗ്ചി വ്യക്തമാക്കി.
ക്രൂഡ് വില 109 ഡോളറിലേക്ക്
ഇറാന് സംഘര്‍ഷത്തിന്റെയും ഹോര്‍മുസ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 108.7 ഡോളറിലേക്ക് ഉയര്‍ന്നു. ഇന്ത്യയിലും ഇന്ന് ഇന്ധന വില വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും 3 രൂപയോളവും സിഎന്‍ജിക്ക് 2 രൂപയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.62 രൂപയും ഡീസലിന് 97.55 രൂപയുമാണ് പുതിയ വില.
രൂപ 96.14 ലേക്ക് താഴ്ന്നു
ഇന്ധനവില കുതിക്കുന്നതിനിടെ രൂപയുടെ താഴോട്ടിറക്കവും തുടരുകയാണ്. 96.14 എന്ന സര്‍വകാല റെക്കോഡ് ഇന്ന് രൂപ സൃഷ്ടിച്ചു. ഇതാദ്യമായാണ് ഡോളറിനെതിരെ 96 എന്ന മൂല്യം രൂപ ഭേദിക്കുന്നത്. 95.97 എന്ന നിലയിലാണ് വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ സ്ഥിതി. അനിശ്ചിതാവസ്ഥ ഉയരുന്നതിനിടെ ഡോളറിനെ സുരക്ഷിത ആസ്തിയായി നിക്ഷേപകര്‍ കാണുന്നതും രൂപയടക്കമുള്ള കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണമാകുന്നുണ്ട്. ഡോളര്‍ സൂചിക 0.4% വര്‍ധിച്ച് 99.21 ലേക്ക് എത്തിയിട്ടുണ്ട്.
സ്വര്‍ണത്തില്‍ കുത്തനെ ഇടിവ്
അതേസമയം മറ്റൊരു സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിയുകയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 405 രൂപ ഇടിഞ്ഞ് 14,475 രൂപയായി. പവന് 3,240 രൂപ ഇടിഞ്ഞ് 1,15,800 രൂപയാണ് വെള്ളിയാഴ്ചത്തെ വില. അന്താരാഷ്ട്ര സ്വര്‍ണവില 2.3 ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 4,541 ഡോളറിലെത്തി. ഒരാഴ്ചക്കിടയിലെ താഴ്ന്ന നിലയാണിത്.




