യുറേനിയം സമ്പുഷ്ടീകരണം: ട്രംപ് മയപ്പെടുന്നു
ഇറാന്റെ ആണവ നിര്‍വ്യാപന വിഷയത്തില്‍ ട്രംപ് അയയുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന് സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പകരം 20 വര്‍ഷത്തെ താല്‍ക്കാലിക വിലക്ക് പരിഗണിക്കാമെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് നിലപാട് മാറ്റം. നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനെ വീണ്ടും ആക്രമിക്കുന്നതിനുള്ള സന്നാഹങ്ങളും യുഎസ് സജ്ജമാക്കി വരികയാണ്.
ഇന്ത്യ ഇടപെടണമെന്ന് ഇറാന്
പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ കൂടുതല്‍ പങ്ക് വഹിക്കണമെന്നും ഇറാന് ആവശ്യപ്പെട്ടു. തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഛബഹാര്‍ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ നിക്ഷേപം തുടരണമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്ത്യയുടെ സുവര്‍ണ പ്രവേശന കവാടമായി ഛബഹാര്‍ മാറുമെന്നും അരാഗ്ചി പറഞ്ഞു. യുഎസിന്റെ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ ഛബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബ്രെന്റ് ക്രൂഡ് വില 110 ഡോളറിലേക്ക്
ഇറാന് സംഘര്‍ഷ സാധ്യത വീണ്ടും സജീവമാകുകയും യുഎഇയും ഖത്തറുമടക്കം രാജ്യങ്ങളുടെ നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ എണ്ണവില ഉയരങ്ങളിലേക്ക് തന്നെയാണ്. ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനം ഉയര്‍ന്ന് ബാരലിന് 109.3 ഡോളര്‍ എന്ന നിലയിലാണ്. യുഎസ് ക്രൂഡായ ഡബ്യുടിഐ ബാരലിന് 105.4 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വര്‍ണവില പവന് 720 രൂപ താഴ്ന്നു
കേരളത്തില്‍ സ്വര്‍ണവിലയില്‍ ശക്തമായ ഇടിവ് തുടരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,385 രൂപയായി. പവന് 720 രൂപ താഴ്ന്ന് 1,15,080 രൂപയിലെത്തി. അതേസമയം ഇടിവിന് ശേഷം അന്താരാഷ്ട്ര സ്വര്‍ണവില ഉയരുന്നുണ്ട്. ഔണ്‍സിന് 0.63% ഉയര്‍ന്ന് 4715 ഡോളര്‍ എന്ന നിലയിലാണ് അന്താരാഷ്ട്ര സ്വര്‍ണവില.
പ്രധാനമന്ത്രി നെതര്‍ലന്‍ഡ്സില്‍
മാറുന്ന കാലത്തിനനുസരിച്ച് സ്വയം ഉയര്‍ന്നില്ലെങ്കില്‍ പതിറ്റാണ്ടകള് കൊണ്ട് സ്വന്തമാക്കിയ നേട്ടങ്ങള്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതര്‍ലന്‍ഡ്സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഹേഗിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യന്‍ യുവത്വം സെമികണ്ടക്റ്ററും എഐയും പോലെയുള്ള മേഖലകളില്‍ രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ പ്രയത്നിക്കുകയാണെന്നും മോദി പറഞ്ഞു. അന്യാദൃശമായ പരിവര്‍ത്തനമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡച്ച് രാജാവ് വില്യം അലക്സാണ്ടറും മാക്സിമ രാജ്ഞിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.




