ക്രൂഡ് വില മുകളിലേക്ക്
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.4 ഡോളറിലേക്ക് എത്തി. തെക്കന്‍ ഇറാനിലെ ഒരു വിവാഹ പാര്‍ട്ടിയിലേക്ക് യുഎസ് നടത്തിയ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും ഇറാന് സൈനിക കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും യുഎസ് പറഞ്ഞു. പ്രത്യാക്രമണം ശക്തമാക്കിയ ഇറാന് ജോര്‍ദാന്‍, ബഹ്റൈന്‍, കുവൈറ്റ്, ഇറാഖിലെ കുര്‍ദ് പ്രവിശ്യ എന്നിവിടങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി.
ഓട്ടോ ഓഹരികളില്‍ കനത്ത ഇടിവ്
എണ്ണ വില ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി സമ്മര്‍ദത്തിലായി. സെന്‍സെക്സ് 373.93 പോയിന്റ് താഴ്ന്ന് 76,570.35 ലും നിഫ്റ്റി 141.35 പോയിന്റ് നഷ്ടത്തില്‍ 23,914.45 ലും ക്ലോസ് ചെയ്തു. ആഗോള ബോണ്ട് യീല്‍ഡുകളുടെ വര്‍ധന, ദുര്‍ബലമായ ആഗോള വിപണികള്‍, ഇന്ത്യ വിക്സ് ഉയര്‍ന്നത് എന്നിവയും വിപണിയെ ബാധിച്ചു. മികച്ച വില്‍പ്പന കണക്കുകള്‍ക്കിടയിലും വാഹന ഓഹരികള്‍ ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ സൂചിക ഒരു ഘട്ടത്തില്‍ 3.3% വരെ താഴ്ന്നു. ഹീറോ മോട്ടോര്‍കോര്‍പ്പ് 6 ശതമാനവും ഐഷര്‍ മോട്ടോഴ്സ് 5 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റില്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 36% വര്‍ധിച്ച് ഏകദേശം 4.48 ലക്ഷം യൂണിറ്റായിരുന്നു.
വിദേശനിക്ഷേപകര്‍ തിരികെയെത്തുന്നു
ഓഗസ്റ്റ് മാസത്തില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (FII) ഇന്ത്യന്‍ ഓഹരികളില്‍ 29,631 കോടി രൂപ നിക്ഷേപിച്ചു. ഇത് കഴിഞ്ഞ 23 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ അറ്റനിക്ഷേപമാണ്. സെപ്റ്റംബര്‍ 2024ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപ ഒഴുക്കുമാണിത്. ജൂലൈയിലെ 20,200 കോടി രൂപ നിക്ഷേപത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മാസമാണ് വിദേശ നിക്ഷേപകര്‍ അറ്റവാങ്ങല്‍ നടത്തുന്നത്. ജൂലൈയും ഓഗസ്റ്റും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരികളിലേക്കുള്ള എഫ്ഐഐ നിക്ഷേപം 49,831 കോടി രൂപയായി.
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്
സ്വര്‍ണവിലയില്‍ കനത്ത ഇടിവ് തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 4320 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,935 രൂപയായി. പവന് 1520 രൂപ കുറഞ്ഞ് 1,11,480 രൂപയാണ് ഇന്നത്തെ വില. ഒരാഴ്ചക്കിടെ 9,000 രൂപയോളം ഇടിവ് സ്വര്‍ണത്തിനുണ്ടായി.
വൈദ്യുതി ഉപഭോഗം റെക്കോഡില്‍
രാജ്യത്ത് റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടതോടെ ഓഗസ്റ്റിലെ പരമാവധി വൈദ്യുതി ആവശ്യം 258.27 ഗിഗാവാട്ടായി. അഞ്ച് വര്‍ഷത്തിനിടയില്‍ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.4% വര്‍ധനയാണ് വൈദ്യുതി ആവശ്യകതയിലുണ്ടായത്. 1901ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് 2026ല്‍ രേഖപ്പെടുത്തിയത്. വൈദ്യുതി ഉപഭോഗം 12.85% ഉയര്‍ന്ന് 169.01 ബില്യണ്‍ യൂണിറ്റായി. 51 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം നിര്‍ണായക ലെവലിന് താഴെയയാത് ആശങ്കയുയര്‍ത്തുന്നുണ്ട്.




