ഓഹരി വിപണിയിലെ യുക്തിപരമായ നിക്ഷേപം ഉയര്‍ന്ന ലാഭം നല്‍കാറുണ്ട്. എന്നാല്‍ ഇപിഎഫ്ഒ നിക്ഷേപങ്ങളോ? അതറിയാന്‍ പലപ്പോഴും വിരമിക്കല്‍ പ്രായം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷയ്ക്ക് കൂടുതല്‍ സ്ഥിരതയുള്ള മാര്‍ഗമാണ് ഇപിഎഫ്ഒ നിക്ഷേപങ്ങളെന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (EPFO) ചൂണ്ടിക്കാട്ടുന്നത്. ഇപിഎഫ്ഒയുടെ വാദങ്ങള്‍ പരിശോധിക്കാം.
ഇപിഎഫ് കേവലം ഒരു നിക്ഷേപ പദ്ധതി മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന നിയമപരമായ സാമൂഹിക സുരക്ഷാ സംവിധാനമാണ്. ഇപിഎഫ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ യോഗ്യരായ ജീവനക്കാര്‍ക്ക് പദ്ധതിയില്‍ അംഗത്വം നിര്‍ബന്ധമാണ്. ശമ്പളത്തില്‍നിന്നുള്ള നിശ്ചിത വിഹിതം എല്ലാ മാസവും ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ ജീവനക്കാര്‍ക്ക് ദീര്‍ഘകാല സമ്പാദ്യശീലം രൂപപ്പെടുന്നു. ഓഹരി വിപണിയിലെ ദീര്‍ഘകാല നിക്ഷേപങ്ങളും ഈ സമ്പാദ്യശീലത്തെ പിന്തുണയ്ക്കുന്നുണ്ട്.
അധിക സംഭാവന
ഇപിഎഫിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ജീവനക്കാരനും തൊഴിലുടമയും നല്കുന്ന സംഭാവനയാണ്. അടിസ്ഥാന നിയമപ്രകാരമുള്ള സംവിധാനത്തില്‍ ഇരുവിഭാഗവും വേതനത്തിന്റെ 12 ശതമാനം വീതം സംഭാവന ചെയ്യുന്നു. എന്നാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും നിക്ഷേപകന് സ്വന്തം പണത്തില്‍ നിന്ന് കണ്ടെത്തണം. തൊഴിലുടമയുടെ അധിക സംഭാവന എന്ന ആനുകൂല്യം അവിടെ ലഭിക്കുന്നില്ല.
നികുതി ഇളവുകള്‍
ഇപിഎഫിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശയാണ് ലഭിക്കുന്നത്. ഓഹരി വിപണിയിലെ വരുമാനം വിപണിയിലെ ചാഞ്ചാട്ടത്തിനനുസരിച്ച് മാറുകയും നഷ്ടസാധ്യത നിലനില്ക്കുകയും ചെയ്യും. ഇപിഎഫിലെ യോഗ്യമായ സംഭാവനകള്‍, പലിശ വരുമാനം, പിന്‍വലിക്കല്‍ എന്നിവയ്ക്ക് നികുതി ആനുകൂല്യങ്ങളുമുണ്ട്. ഓഹരി നിക്ഷേപത്തില്‍നിന്നുള്ള ലാഭത്തിന് ബാധകമായ നികുതി ചട്ടങ്ങള്‍ വ്യത്യസ്തമാണ്. ലോംഗ് ടേം ക്യാപ്പിറ്റല്‍ ഗെയ്നും ഷോര്‍ട്ട് ടേം ക്യാപ്പിറ്റല്‍ ഗെയ്നും അടക്കം നികുതികള്‍ ഓഹരി വിപണിയില്‍ നിക്ഷേപകന്റെ ലാഭത്തെ ബാധിക്കും.
പെന്‍ഷനും ഇന്‍ഷുറന്‍സും
വിരമിക്കുമ്പോള്‍ പെന്ഷന് ആനുകൂല്യവും ജോലി ചെയ്യുന്ന കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇപിഎഫ് സംവിധാനവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങളാണ്. ഓഹരി വിപണി നിക്ഷേപം ഇത്തരം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കുന്നില്ല.
അതേസമയം, ഇപിഎഫും ഓഹരി വിപണിയും ഒരേ ലക്ഷ്യത്തിനുള്ള നിക്ഷേപ മാര്‍ഗങ്ങളല്ലെന്ന് ഇപിഎഫ്ഒ തന്നെ വ്യക്തമാക്കുന്നു. സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് ഓഹരി വിപണിക്ക് അതിന്റേതായ സ്ഥാനമുണ്ട്. എന്നാല്‍ വിരമിക്കല്‍ കാലത്തെ സ്ഥിരതയും സുരക്ഷയും മാത്രം പരിഗണിക്കുമ്പോള്‍ ഇപിഎഫ് കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമായ അടിത്തറയാണെന്നാണ് ഇപിഎഫ്ഒയുടെ നിലപാട്.




