രാജ്യത്തെ ജനപ്രിയ മദ്യബ്രാന്ഡുകളായ ഓള്‍ഡ് മോങ്ക്, റോയല്‍ ചലഞ്ച്, ആന്റിക്വിറ്റി ബ്ലൂ, ബാഗ്പൈപ്പര്‍ ഡീലക്സ് എന്നിവയുടെ ചില വകഭേദങ്ങളുടെ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി എഫ്എസ്എസ്എഐ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് ഭക്ഷ്യസുരക്ഷാ-ഗുണനിലവാര അതോറിറ്റിയായ എഫ്എസ്എസ്എഐ ഈ ബ്രാൻഡുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിർമാണത്തിൽ കൃത്രിമ ഫ്ലേവറുകള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഡിയാജിയോ ഇന്ത്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ഇന്‍ബ്രൂ ബിവറേജസ്, മോഹന്‍ റോക്കി സ്പ്രിംഗ് വാട്ടര്‍ എന്നീ കമ്പനികള്‍ നിര്‍മിച്ച ചില ഉല്‍പ്പന്നങ്ങളാണ് നടപടിക്ക് വിധേയമായത്. എഫ്എസ്എസ്എഐയുടെ പരിശോധനയില്‍ റമ്മില്‍ റം ഫ്ലേവറും വിസ്കിയില്‍ വിസ്കി ഫ്ലേവറും കൃത്രിമമായി ചേര്‍ത്തതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മദ്യനിര്‍മാണ രീതിയല്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. സ്വാഭാവിക ചേരുവകളും ആവശ്യമായ പഴക്കമെത്തിക്കുന്ന പ്രക്രിയയും ഒഴിവാക്കി ഉല്‍പ്പന്നം തയ്യാറാക്കാന്‍ ഈ രീതി ഉപയോഗിക്കപ്പെടുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി.
വിലക്ക് ഏർപ്പെടുത്തിയ ഉല്‍പ്പന്നങ്ങളില്‍ മധ്യപ്രദേശില്‍ നിര്‍മിച്ച യുണൈറ്റഡ് സ്പിരിറ്റ്സിന്റെ റോയല്‍ ചലഞ്ച് വിസ്കി, ആന്റിക്വിറ്റി ബ്ലൂ വിസ്കി, ഇന്‍ബ്രൂ ബിവറേജസിന്റെ ബാഗ്പൈപ്പര്‍ ഡീലക്സ് വിസ്കി, ഓള്‍ഡ് കാസ്ക് ഡീലക്സ് XXX റം എന്നിവയും മഹാരാഷ്ട്രയില്‍ നിര്‍മിച്ച ഓള്‍ഡ് മോങ്കിന്റെ മൂന്ന് വകഭേദങ്ങളും ഉള്‍പ്പെടുന്നു.
പരിശോധിച്ച ഉല്‍പ്പന്നങ്ങളില്‍ “ബാഹ്യ കൃത്രിമ അല്ലെങ്കില്‍ നേച്ചര്‍-ഐഡന്റിക്കല്‍ ഫ്ലേവറുകള്‍” കണ്ടെത്തിയതിനാല്‍ അവയെ “ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍” (Sub-standard) ആയി കണക്കാക്കിയതായി എഫ്എസ്എസ്എഐ അറിയിച്ചു. എന്നാല്‍ വിലക്ക് രാജ്യവ്യാപകമാണോ, അതോ നിര്‍ദ്ദിഷ്ട നിര്‍മാണശാലകളില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണോ ബാധകമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ലേബലുകള്‍ നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതാണെന്നും, വിഷയം വ്യവസായമൊട്ടാകെ ബാധിക്കുന്നതാണെന്നും ഡിയാജിയോ ഇന്ത്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ് പ്രതികരിച്ചു. ചില ഉത്തരവുകള്‍ക്കെതിരെ കമ്പനി കോടതിയെ സമീപിച്ചിട്ടുമുണ്ട്.




