അമേരിക്കയുടെ താരിഫ് വിരട്ടല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചില്ല. ബോഫ സെക്യൂരിറ്റീസ് ഈ വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം 2026, 2027 സാമ്പത്തിക വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ച കുറയാനുള്ള സാധ്യതയും അവര്‍ ബോഫ മുന്നോട്ടുവെച്ചു. ആര്‍ബിഐ സാമ്പത്തിക സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോഫ സെക്യൂരിറ്റീസ് ഇന്ത്യ മേധാവനി രാഹുല്‍ ബജോരിയ പറഞ്ഞു.
ആഗോള തലത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അത് ബാധിക്കുന്നില്ലെന്നും അതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തുകയാണെന്നും ആഗസ്റ്റ് ആറിന് സാമ്പത്തിക നയ കമ്മിറ്റിയുടെ തീരുമാനം അറിച്ചുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലുള്ള കേന്ദ്രബാങ്കിന്റെ ആത്മവിശ്വാസമാണ് ഈ തീരുമാനത്തില്‍ പ്രകടമായത്.
അനിശ്ചിതത്വങ്ങള്ക്കിടെയും പ്രതീക്ഷയ്ക്ക് മങ്ങലില്ല
ആഗസ്റ്റ് ആറിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. നേരിട്ടും അല്ലാതെയും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള മറുപടിയായിട്ടായിരുന്നു നടപടി. ജൂലൈ 31ന് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് മുകളിലാണ് അധികമായി 25 ശതമാനം നികുതി ഏര്‍പ്പെടുത്തി മൊത്തത്തിലുള്ള തീരുവ 50 ശതമാനക്കിയത്.




