കോവിഡ് വന്നു… ലോകം ലോക്ക്ഡൗണിലായി. റഷ്യ-ഉക്രെയ്ന് യുദ്ധം വന്നു… ഇന്ധനവില കുതിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു… ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും സമ്മര്‍ദത്തിലായി. പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും തൊടാനാകാത്ത ഒരു ബിസിനസുണ്ട് ഇന്ത്യയില്‍. അതാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്… ഐപിഎല്‍. തുടക്കത്തില്‍ വെറും കുട്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് മാത്രമായി പലരും കണ്ടിരുന്ന ഐപിഎല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു.
ആഗോള ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഹൗലിഹാന്‍ ലോകിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, 11.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഐപിഎല്ലിന്റെ ബിസിനസ് മൂല്യം 20.6 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യന്‍ കറന്‍സിയില്‍ ഇത് ഏകദേശം 1.97 ലക്ഷം കോടി രൂപയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഐപിഎല്‍ ഇരട്ടയക്ക ബ്രാന്‍ഡ് വളര്‍ച്ച രേഖപ്പെടുത്തുന്നത്.
ഒരു മത്സരം സൃഷ്ടിക്കുന്ന സാമ്പത്തിക മൂല്യം പരിശോധിച്ചാല്‍, അമേരിക്കയിലെ നാഷണല്‍ ഫുട്ബോള്‍ ലീഗിന് പിന്നില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഐപിഎല്‍. അതായത്, ഇന്ത്യ ക്രിക്കറ്റ് മാത്രമല്ല സൃഷ്ടിച്ചത്; കാലത്തെ അതിജീവിക്കുന്ന ഒരു ആഗോള സ്പോര്‍ട്സ് ബിസിനസ് മോഡലാണ്. അതുകൊണ്ടാണ് ലോകത്തിലെ വമ്പന്‍ നിക്ഷേപകരുടെ കണ്ണും ഇപ്പോള്‍ ഐപിഎല്ലിലേക്ക് തിരിയുന്നത്.
ബ്ലാക്ക്സ്റ്റോണ്‍, ബോള്‍ട്ട് വെഞ്ച്വേഴ്സ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ സ്വന്തമാക്കാന്‍ ചെലവിട്ടത് 1.78 ബില്യണ്‍ ഡോളര്‍, അതായത് ഏകദേശം 17,000 കോടി രൂപ. ഏകദേശം 3,000 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി ഇന്ന് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയും ആര്‍സിബിയാണ്.
അംബാനി കുടുംബത്തിന്റെ മുംബൈ ഇന്ത്യന്‍സ്, 2,500 കോടി രൂപയിലധികം ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഷാരൂഖ് ഖാന്, ജൂഹി ചൗള, ഭര്‍ത്താവ് ജയ് മേത്ത എന്നിവരുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2,300 കോടി രൂപയിലധികം മൂല്യവുമായി മൂന്നാം സ്ഥാനത്തും, മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ ചെന്നൈ സൂപ്പര്‍ കിങ്സ് ഏകദേശം അതേ മൂല്യവുമായി നാലാമതുമുണ്ട്.
ഈ വര്‍ഷം മറ്റൊരു വമ്പന്‍ ഇടപാടും നടന്നു. മിത്തല്‍ കുടുംബവും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയും ചേര്‍ന്ന് രാജസ്ഥാന് റോയല്‍സ് ടീമിനെ സ്വന്തമാക്കാന്‍ ചെലവിട്ടത് 15,700 കോടിയിലധികം രൂപ.
ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ഐപിഎല്‍ ഇനി ഒരു ക്രിക്കറ്റ് ലീഗ് മാത്രമല്ല. സ്പോര്‍ട്സ്, മീഡിയ, ഡിജിറ്റല്‍ സ്ട്രീമിംഗ്, പരസ്യം, വിനോദം, ബ്രാന്‍ഡിംഗ്, നിക്ഷേപം എന്നിവയെല്ലാം ഒരുമിച്ച് ചേര്‍ന്ന ഒരു വമ്പന്‍ സാമ്പത്തിക ഇക്കോസിസ്റ്റമാണ്.
ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എങ്ങനെ ലക്ഷക്കണക്കിന് കോടികളുടെ ആഗോള ബിസിനസായി മാറുമെന്ന് നമ്മുടെ കണ്മുന്നില് വളര്‍ന്ന ഐപിഎല്‍ ഉത്തമ ഉദാഹരണമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കായിക ബ്രാന്‍ഡ് മാത്രമല്ല, ലോക സ്പോര്‍ട്സ് ബിസിനസിന്റെ ഭാവി എഴുതുന്ന ശക്തിയായി ഐപിഎല്‍ മാറിക്കൊണ്ടിരിക്കുകയാണ്.




