സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 1,09,920 രൂപയായി ഒരു പവന്റെ ഇന്നത്തെ വിപണിവില. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,740 രൂപയായി. അതേസമയം, ഇന്ന് വെള്ളിവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു കിലോഗ്രാമിന് 2,50,000 രൂപയായും ഉയർന്നിട്ടുണ്ട്.
അതേസമയം, ദിവസങ്ങൾക്കുള്ളിൽ എത്തുന്ന ഓണത്തോടനുബന്ധിച്ചുള്ള വിപണിയിൽ സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഭാഗിക ധാരണ രൂപപ്പെട്ടതിനെ തുടർന്ന് ആഗോള സാമ്പത്തിക വിപണികളിൽ അനുകൂല സൂചനകൾ പ്രകടമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്ണവിലയിലും യുഎസ് ട്രഷറി ബോണ്ട് യീൽഡിലും ഉണ്ടായ ഇടിവ് സ്വർണ നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കിയതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയിലെ ചലനങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ തുടരാനാണ് സാധ്യത.
ഈ വര്‍ഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് ഒരു പവന് സ്വര്‍ണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ ഡിസംബര്‍ 23-നാണ് കേരളത്തില്‍ ആദ്യമായി ഒരു പവന് സ്വര്‍ണവില ഒരു ലക്ഷം രൂപയുടെ ചരിത്രനാഴികക്കല്ല് പിന്നിട്ടത്.




