ആഗോളവിപണിയിൽ എണ്ണവില ഇന്നും 80 ഡോളറിന് താഴെ തുടരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില നിലവിൽ ബാരലിന് 79 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയുമായുള്ള സമാധാന കരാറിലേക്കുള്ള നീക്കത്തിന്റെ ഭാഗമായി ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകൾ വിജയകരമാകുമെന്ന പ്രതീക്ഷ നിക്ഷേപകരിൽ ശക്തമായതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞത്.
അഞ്ച് മാസമായി പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി തുടരുന്ന യുദ്ധത്തിന് വിരാമമിടാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും സമാധാന കരാർ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ലോകത്തെ സമുദ്രമാർഗമുള്ള എണ്ണക്കടത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഈ പാതയിലൂടെയുള്ള എണ്ണഗതാഗതം സാധാരണ നിലയിലായാൽ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
ജൂൺ 17-ന് അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ച സമയത്തുണ്ടായിരുന്ന നിലവാരത്തിലേക്കാണ് ഇപ്പോൾ എണ്ണവില തിരിച്ചെത്തിയിരിക്കുന്നത്. അന്തിമ സമാധാന കരാറിലെത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമോയെന്നത് നിക്ഷേപകർ ആകാംക്ഷയോടെ നിരീക്ഷിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള കരാർ ഉടൻ നിലവിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കടലിടുക്കിന്റെ നിയന്ത്രണം ആരുടെ കൈവശമായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




