ഐഎസ്ആര്‍ഒ മാത്രമല്ല… ഇനി ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് സ്വകാര്യ കമ്പനികളും ചിറകേകും! ആ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് സ്കൈറൂട്ട് എയ്റോസ്പേസ്. ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍ ഒപ്പം പറന്നത് പോലോഡുകള്‍ മാത്രമല്ല, ആകാശത്തോളം വിശാലമായ സ്വപ്നങ്ങളുമായിരുന്നു.
1969-ലാണ് ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) രൂപം കൊണ്ടത്… 1975-ല്‍ ഇന്ത്യ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു… 2022-ല്‍ ഒരു സ്വകാര്യ കമ്പനി ആദ്യമായി ബഹിരാകാശത്ത് എത്തി… ഇപ്പോള്‍, 2026-ല്‍, ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ മറ്റൊരു നിര്‍ണായക അധ്യായം എഴുതപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ്, ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദൗത്യത്തിന്റെ പേര് ‘മിഷന് ആഗമന്‍’.
2022-ല്‍ വിക്രം-എസ് എന്ന സബ്-ഓര്‍ബിറ്റല്‍ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ച കമ്പനിയെന്ന നേട്ടം സ്കൈറൂട്ട് സ്വന്തമാക്കി. ആ വിജയത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത വിക്രം-1 ദൗത്യം. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ സ്മരണയ്ക്കാണ് ‘വിക്രം’ എന്ന പേര് റോക്കറ്റിന് നല്‍കിയത്.
വിക്രം-1 ഏകദേശം 350 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങളെ 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത റോക്കറ്റാണ്. ഇന്ത്യയുടെയും വിദേശ കമ്പനികളുടെയും ടെക്നോളജി പേലോഡുകളാണ് ഈ ദൗത്യത്തിലുണ്ടായിരുന്നത്.
സ്കൈറൂട്ട് എന്ന വിജയകഥ
2018-ല്‍ ഹൈദരാബാദ് ആസ്ഥാനമായി മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന് കുമാര്‍ ചന്ദന, നാഗ ഭരത് ഡാക്ക എന്നിവര്‍ ചേര്‍ന്ന് സാപിച്ച സ്പേസ് സ്റ്റാര്‍ട്ടപ്പാണ് സ്കൈറൂട്ട് എയ്റോസ്പേസ്. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം.
സ്കൈറൂട്ട് ഇതിനകം 1.1 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യയുടെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ ആയി മാറിക്കഴിഞ്ഞു. 1000 ല്‍ ഏറെ ജീവനക്കാരുണ്ട് ഇന്ന് കമ്പനിക്ക്. കമ്പനി അടുത്തതായി ഒന്നോ രണ്ടോ വികസന വിക്ഷേപണങ്ങള്‍ കൂടി നടത്തി, തുടര്‍ന്ന് സ്ഥിരമായ വാണിജ്യ വിക്ഷേപണ സേവനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ കണക്കുപ്രകാരം, ഭാവിയിലെ വിക്ഷേപണ ആവശ്യകതയുടെ 70 മുതല്‍ 80 ശതമാനം വരെ അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നായിരിക്കും എത്തുക.
സ്പേസ് ബിസിനസില്‍ 300 ലേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍
ഈ ദൗത്യം മറ്റൊരു വലിയ മാറ്റത്തിന്റെയും സൂചനയാണ്. 2020-ല്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്കായി ബഹിരാകാശ രംഗം തുറന്നതോടെ, ഇന്ന് 300-ലധികം സ്പേസ് സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സ്കൈറൂട്ട്, അഗ്നികുല്‍, ധ്രുവ സ്പേസ് തുടങ്ങി നിരവധി കമ്പനികള്‍ ആഗോള വാണിജ്യ ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുകയാണ്.
എന്തുകൊണ്ട്് സ്വകാര്യ മേഖല? ഐഎസ്ആര്‍ഒയ്ക്ക് സാമ്പത്തികമായുള്ള പരാധീനതയും അതുമൂലം വലിയ ദൗത്യങ്ങള്‍ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസവും നമുക്കറിയാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്ല. ഒരു ബിസിനസെന്ന തരത്തില്‍ സ്പേസ് ടെക്നോളജിയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സ്വകാര്യ കമ്പനികള്‍ക്കാകും. നാസയെക്കാള്‍ വളര്‍ന്ന ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് പോലെ ഐഎസ്ആര്ഒയെക്കാള് റിസര്‍ച്ചിലും ഇംപ്ലിമെന്റേഷനിലും കരുത്തുകാട്ടുന്ന ഇന്ത്യന്‍ സ്വകാര്യ കമ്പനികളെയാണ് നാം പ്രതീക്ഷിക്കുന്നത്.
വിക്രം-1 ഒരു റോക്കറ്റിന്റെ കഥ മാത്രമല്ല. ഐഎസ്ആര്‍ഒയുടെ വിജയങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ആഗോള ബഹിരാകാശ വിപണിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ്. ഇന്ത്യ ഇനി ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യം മാത്രമല്ല, ലോകത്തിനായി ബഹിരാകാശ സേവനങ്ങള്‍ വില്‍ക്കുന്ന ശക്തിയായി മാറാനുള്ള യാത്രയിലാണ്.




