വളരെ നാളുകൾക്ക് ശേഷം എണ്ണവില 80 ഡോളറിന് താഴെയെത്തി. മാസങ്ങള്‍ക്ക് ശേഷമാണ് ആഗോള എണ്ണവില വീണ്ടും ബാരലിന് 80 ഡോളറിന് താഴെയെത്തിയത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 78 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് മാത്രം എണ്ണവിലയില്‍ ഏകദേശം 1.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യവും വീണ്ടും ശക്തമായിട്ടുണ്ട്.
ലോകത്തെ സമുദ്രമാര്‍ഗ എണ്ണക്കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റമുണ്ടായതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച തന്നെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിക്കാന്‍ സാഹചര്യം ഒരുക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍ മുന്നേറുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
വിതരണ തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞത്. ഇന്നലെ മാത്രം ബ്രെന്റ് ക്രൂഡിന്റെ വില അഞ്ച് ശതമാനത്തിലേറെ താഴ്ന്നിരുന്നു. തുടര്‍ന്നാണ് മാസങ്ങള്‍ക്കു ശേഷമുള്ള ആദ്യമായി ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് താഴെയെത്തിയത്. വരും ദിവസങ്ങളിലെ നയതന്ത്ര ചര്‍ച്ചകളുടെയും വിതരണ സാഹചര്യമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ എണ്ണവിലയില്‍ കൂടുതല്‍ ചാഞ്ചാട്ടങ്ങള്‍ തുടരാനാണ് സാധ്യത.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Global crude oil prices have dropped below the $80-a-barrel mark for the first time in several months. Brent crude, the benchmark most closely tracked by India, has fallen to around $78 per barrel. Oil prices declined by nearly 1.5% today alone. The sharp decline has renewed speculation over whether the Indian government may consider reducing petrol and diesel prices if the downward trend in global crude oil prices continues.




