മാനവരാശിയുടെ പുരോഗതിയുടെ ആണിക്കല്ലാണ് പരിവര്‍ത്തനം. പരമ്പരാഗത പാതകളില്‍ നിന്ന് വഴിമാറി മനുഷ്യര്‍ സഞ്ചരിച്ചപ്പോഴൊക്കെയും നവം നവങ്ങളായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചക്രങ്ങളും ആവി യന്ത്രവും വൈദ്യുതിയും ഇന്റര്‍നെറ്റുമെല്ലാം ഇത്തരത്തില്‍ ക്രമമായി ലോകത്തെ പരിവര്‍ത്തനം ചെയ്തുപോന്നു. പുതിയതായി ഒരു കണ്ടെത്തലുണ്ടാവുമ്പോള്, മനുഷശ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്വെന്ഷന് അതാണെന്ന് ലോകം വിസ്മയിക്കും. എന്നാല്‍ അതിനെയും കടത്തിവെട്ടുന്ന വിസ്മയങ്ങള്‍ പിന്നാലെയെത്തും. ആ പട്ടികയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന നിര്‍മിതബുദ്ധിയാണ്.
- എഐ ബബിള്‍
- ഇന്ത്യയുടെ ഡിജിറ്റല്‍ വലിപ്പം
- ശക്തമായ ഐടി മേഖല
- സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ച
- എഐ ബബിള്‍ ആശങ്ക എത്രത്തോളം?
- വാല്യുവേഷനും വരുമാനവും തമ്മിലുള്ള അന്തരം
- പേരിനൊരു തട്ടിപ്പ്
- അടിസ്ഥാന സൗകര്യങ്ങളില്‍ അതിരുകടന്ന നിക്ഷേപം
- തൊഴില്‍ മേഖലയിലെ ആഘാതം
- ഹ്രസ്വകാല സമ്മര്‍ദ്ദം?
- ദീര്‍ഘകാല അവസരങ്ങള്‍
- സര്‍ക്കാരിന്റെ പങ്കും നയപരമായ വെല്ലുവിളികളും
- എഐ ബൂമിന് വെല്ലുവിളി
- ബബിളോ ദീര്‍ഘകാല വിപ്ലവമോ?
- English Summary
എഐയുടെ തുടക്കത്തെ പുരികം ചുളിച്ച് സംശയദൃഷ്ടിയോടെയാണ് ലോകം നോക്കിക്കണ്ടത്. എല്ലാം ഫേക്കാകുന്ന ഒരു കാലം വരുമോയെന്നാണ് ആശങ്കപ്പെട്ടത്. ഈ ആശങ്കകളെല്ലാം ശക്തമായി നിലനില്ക്കുമ്പോള് തന്നെ എഐ, ലോകമെമ്പാടും മിക്കവാറുമെല്ലാ മേഖലകളിലും മുഖ്യധാരയുടെ ഭാഗമായി മാറിയിരിക്കുന്നു. കമ്പനികളുടെ പ്രവര്‍ത്തന ശൈലികളില്‍, ആശയപദ്ധതികളില്, മൂല്യത്തില്‍, ലാഭമുണ്ടാക്കുന്നതില്‍- എല്ലാം മാറ്റം കൊണ്ടുവന്നിരിക്കുന്നു.
എഐ സുനാമി വീശാനൊരുങ്ങി നില്ക്കുമ്പോള് ഇന്ത്യ വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ? 2035 ഓടെ ആഗോള സമ്പദ് വ്യവസ്ഥയെ 15% മുന്നോട്ടു നയിക്കാന്‍ എഐക്ക് സാധിക്കുമെന്നാണ് പ്രൈസ്വാട്ടേഴ്സ്കൂപ്പര് അനുമാനിക്കുന്നത്. സമ്പദ് വ്യവസ്ഥയെയാകെ പരിവര്‍ത്തനം ചെയ്യാന്‍ എഐക്ക് സാധിക്കുമെന്ന് പിഡബ്ല്യുസി വിലയിരുത്തുന്നു. വരും വര്‍ഷങ്ങളില്‍ അതിവേഗമാകും എഐയിലേക്കുള്ള പരിവര്ത്തനമെന്നുറപ്പ്. എഐ സുനാമിയോട് ഏറ്റവുമധികം നേരിട്ട് ബന്ധമുള്ള പരമ്പരാഗത ഐടി മേഖല, ഇതിന്റെ ഏറ്റവുമധികം ആഘാതം പേറുന്ന വിഭാഗമായും മാറിയിട്ടുണ്ട്.
ഉദാഹരണത്തിന്, എതാനും മാസം മുന്‍പ് ഐടി മേഖലയെ വിറപ്പിച്ച ആന്ത്രോപിക് പ്രതിസന്ധി പരിശോധിക്കാം. യുഎസ് എഐ വമ്പനായ ആന്ത്രോപിക് പുറത്തിറക്കിയ ക്ലോഡ് 4.6, കോവര്‍ക്ക് തുടങ്ങിയ എഐ ഏജന്റുമാര്‍ ഐടി സേവന ബിസിനസിന് തന്നെ ഭീഷണിയായി. കോഡിംഗും ഡാറ്റ എന്ട്രിയുമടക്കം ഓട്ടോമേറ്റ് ചെയ്യപ്പെട്ടാല്‍ ഐടി സേവന കമ്പനികള്‍ പിന്നെയെന്ത് ചെയ്യും? ഐടി കമ്പനികളുടെ സേവനം തേടാതെ, ക്ലയന്റുകള്‍ക്ക് എഐ ഉപയോഗിച്ച് അനായാസം തങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കാം. ഈ വെല്ലുവിളിയെ നേരിടാന്‍ ഐടി കമ്പനികള്‍ക്ക് സാധിക്കുമെന്നും അതല്ല എഐ ഐടി മേഖലയെ തകര്‍ക്കുമെന്നും രണ്ട് വാദങ്ങളുണ്ട്. എഐ ബബിള്‍ എന്ന ആശയത്തിന്റെ സാംഗത്യം പരിശോധിക്കാം
എഐ ബബിള്‍
ഒരു ആസ്തിയുടെ യഥാര്‍ത്ഥ വരുമാന ശേഷിയെക്കാള്‍ വളരെ കൂടുതലായി അതിന്റെ വില ഉയരുമ്പോഴാണ് ഒരു ‘ബബിള്‍’ രൂപപ്പെടുന്നത്. സാധാരണയായി ഇത് സംഭവിക്കുന്നത് അതിരുകടന്ന പ്രതീക്ഷകളും നിക്ഷേപകരുടെ ഭയവും (ഫിയര്‍ ഓഫ് മിസിംഗ് ഔട്ട് – ഫോമോ) മൂലമാണ്. ഇന്നത്തെ എഐ ആവേശത്തെ പലരും ഡോട്ട് കോം ബബിള്‍ കാലഘട്ടവുമായി താരതമ്യം ചെയ്യുന്നുണ്ട്. അന്ന് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് വലിയ മൂല്യനിര്‍ണയം ലഭിച്ചിരുന്നുവെങ്കിലും പല കമ്പനികള്‍ക്കും വ്യക്തമായ വരുമാന മാതൃകകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എഐയില്‍ കാണുന്ന അവസ്ഥയും അതിനോട് സാമ്യമുള്ളതാണ്.

നാല് സ്വഭാവ സവിശേഷതകള്‍ എഐ ബൂമില് പ്രകടമാണ്. ആദ്യത്തേത് എഐ ഓഹരികളിലേക്കും കമ്പനികളിലേക്കുമുള്ള അതിരു കടന്ന നിക്ഷേപമാണ്. വലിയ ആത്മവിസ്വാസമാണ് എഐ മേഖലയില്‍ നിക്ഷേപകര്‍ പ്രകടമാക്കുന്നത്. എഐ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ചര്‍ ക്യാപിറ്റല്‍ ഒഴുക്കാണ് രണ്ടാമത്തേത്. ഡോട്ട് കോം കാലത്ത് ഐടി സ്റ്റാര്‍ട്ടപ്പുകളിലേക്കും സമാനമായ നിക്ഷേപ ഒഴുക്ക് പ്രകടമായിരുന്നു.
മൂന്നാമത്തേത് കമ്പനികളുടെ റീബ്രാന്ഡിംഗാണ്. മറ്റ് പല സേവനങ്ങളും നല്‍കിയിരുന്ന കമ്പനികള്‍ പോലും പേരിനൊപ്പം ‘എഐ’ കൂട്ടിച്ചേര്‍ത്ത് റീബ്രാന്‍ഡിംഗ് നടത്തിവരികയാണ്. ഉദാഹരണത്തിന് ഇന്‍ഫിബീം അവന്യൂസ് എന്നൊരു ഇന്ത്യന്‍ ഐടി സേവന കമ്പനി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവന്യൂസ് എഐ എന്ന് പേര് മാറ്റുകയുണ്ടായി. ഇനി മുതല്‍ എഐ സേവനങ്ങളും നല്‍കുമെന്നാണ് കമ്പനി ഇതിന് കാരണമായി പറയുന്നത്. നാലാമത്തെ ഘടകം ഭാവി വളര്‍ച്ചയെക്കുറിച്ചുള്ള അമിത പ്രതീക്ഷകളാണ്. ഡോട്ട് കോം ബബിള്‍ കാലത്തും ഇത്തരമൊരു പ്രതീക്ഷയുടെ പുറത്താണ് വന്‍ നിക്ഷേപം ഒഴുകി വന്നത്.
എന്നാല്‍ ഒരു പ്രധാന വ്യത്യാസവുമുണ്ട്. ഡോട്ട് കോം കാലത്തെ പല കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ എഐ കമ്പനികള്‍ യഥാര്‍ത്ഥ വരുമാനം സൃഷ്ടിക്കുന്നുണ്ട്. ഉപഭോക്തൃ സേവനങ്ങള്‍, സൈബര്‍ സുരക്ഷ, ബാങ്കിംഗ്, ആരോഗ്യരംഗം, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് എന്നിവയില്‍ എഐ ഇതിനകം തന്നെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഡോട്ട് കോം ബബിള്‍ പോലെയാകും എഐ ബൂം എന്ന് പറയാന്‍ സാധിക്കില്ല.
ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ സാധ്യതകളാണ് എഐ തുറന്നിടുന്നതെന്നതില് സംശയമില്ല. ആ മേഖലയില്‍ ആഗോള ശക്തിയായി മാറാന്‍ മനസുവെച്ചാല്‍ ഇന്ത്യക്ക് സാധിക്കും. എഐയെ അനുഗുണമാക്കാനും ‘വികസിത ഭാരത’ത്തിന്റെ അടിത്തറയുടെ ഭാഗമാക്കാനും സാധിക്കുമെന്ന് പ്രത്യാശ നല്കുന്ന ഏതാനും ഘടകങ്ങളുണ്ട്.
ഇന്ത്യയുടെ ഡിജിറ്റല്‍ വലിപ്പം
ഇന്ത്യയുടെ ഡിജിറ്റല്‍ വലിപ്പമാണ് ഇതില്‍ ഏറ്റവും നിര്‍ണായകമാവുക. 95.8 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നാണ്. ഇതില്‍ 57% ആളുകളുള്ളത് ഗ്രാമീണ ഭാരതത്തിലാണ്. 94% ആളുകള്‍ മൊബൈല്‍ ഡേറ്റയെ ആശ്രയിക്കുന്നു. 2030 ഓടെ 110 കോടി സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് അടക്കം 10 പ്രമുഖ സാറ്റലൈറ്റ് ഓപ്പറേറ്റര്‍മാരാണ് ഈ വമ്പന്‍ ഡിജിറ്റല്‍ വിപണിക്ക് ഇന്റര്‍നെറ്റ് നല്കാന് മല്‍സരിക്കുന്നത്.

അതിശക്തമായ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഇ-കൊമേഴ്സും യുപിഐയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളും വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. യുപിഐ പ്രതിമാസം ബില്യണ്‍ കണക്കിന് ഇടപാടുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ വന്‍ ഡാറ്റ ശേഖരം, എഐ പരിശീലനത്തിനും വികസനത്തിനും നിര്‍ണായകമാണ്. ആധാര്‍ പോലെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇ-കൊമേഴ്സ്, പൊതുഭരണം തുടങ്ങിയ മേഖലകളില്‍ എഐയുടെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുന്നു.
ശക്തമായ ഐടി മേഖല
ലോകത്തെ എണ്ണം പറഞ്ഞ ഐടി, ഐടി സേവന കമ്പനികളുടെ സാന്നിധ്യവും പരിചയ സമ്പന്നരായ തൊഴില്‍ശക്തിയുമാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികള്‍ എഐ അധിഷ്ഠിത സേവനങ്ങളിലേക്ക് വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. എഐ കോപൈലറ്റുകള്, ഓട്ടോമേഷന്‍ പ്ലാറ്റ്ഫോമുകള്, സ്മാര്‍ട്ട് വര്‍ക്ക്ഫ്ളോ സംവിധാനങ്ങള്‍ എന്നിവയിലൂടെ ആഗോള ക്ലയന്റുകള്‍ക്ക് പുതിയ സൊലൂഷനുകള്‍ ഇവര്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് മാറ്റത്തെ ഉള്‍ക്കൊള്ളാനും വെല്ലുവിളികളെ മറികടക്കാനുമുള്ള പോസിറ്റീവ് ട്രാക്ക് റെക്കോഡുണ്ടെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. മാറ്റങ്ങളോട് താദാത്മ്യം പ്രാപിക്കുകയും എഐ ഉപയോഗപ്പെടുത്തി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുകയും ചെയ്താന്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് അപകടസാധ്യതകളെ മറികടക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ച
ഇന്ത്യയുടെ ഗംഭീരമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് മറ്റൊരു പ്രത്യാശ പകരുന്ന സംഗതി. ആരോഗ്യം, ഭാഷാ സാങ്കേതികവിദ്യ, കൃഷി, ഫിന്‍ടെക് തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പുകള്‍ വേഗത്തില്‍ വളരുകയാണ്. വെഞ്ചര്‍ ക്യാപിറ്റല്‍ നിക്ഷേപകരുടെ വലിയ താല്പര്യവും ഈ മേഖലയിലേക്ക് ഒഴുകുന്നു. ഡിപിഐഐടി അംഗീകാരമുള്ള 2.2 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളുമായി ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റമാണ് ഇന്ത്യയിലേത്. എഐയെ ഏറ്റെടുക്കുന്നതില്‍ ഈ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് നിര്‍ണായകമാവും.
എഐ ബബിള്‍ ആശങ്ക എത്രത്തോളം?
എഐയുടെ സാധ്യതകള്‍ വളരെ വലുതാണെങ്കിലും ചില മുന്നറിയിപ്പുകളും വ്യക്തമാണ്. ബൂമിനൊപ്പം ബബിള്‍ സാധ്യതകളെയും ആശങ്കകളെയും വിലകുറച്ച് കാണാന്‍ ഈ മേഖലയിലെ വിദഗ്ധരെ പ്രേരിപ്പിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. എഐ മേഖലയുടെ ഓവര്‍ വാല്യുവേഷനും തൊഴില്‍ മേഖലയില്‍ എഐ സൃഷ്ടിക്കാവുന്ന വന്‍ പ്രതിസന്ധികളും അവഗണിച്ച് മുന്നോട്ടു പോകാനാവില്ല.
വാല്യുവേഷനും വരുമാനവും തമ്മിലുള്ള അന്തരം
പല കമ്പനികള്‍ക്കും എഐയും സംബന്ധിച്ച പ്രഖ്യാപനങ്ങളുടെ പേരില്‍ മാത്രം വലിയ മൂല്യനിര്‍ണയം ലഭിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഐയില്‍ നിന്നുള്ള വരുമാനം പലപ്പോഴും ആകെ വരുമാനത്തിന്റെ ചെറിയ ശതമാനം മാത്രമാണ്.
പേരിനൊരു തട്ടിപ്പ്
പേരിനൊപ്പമോ സേവനങ്ങള്ക്കൊപ്പമോ എഐ ചേര്‍ത്ത് നിക്ഷേപകരെ കബളിപ്പിക്കുന്ന കമ്പനികള്‍ എഐ ബൂമിലെ വലിയ ആശങ്കയാണ്. ഡോട്ട് കോം കാലത്ത് കമ്പനികള്‍ പേരിനോട് ‘.കോം’ ചേര്‍ത്തു വെച്ചതുപോലെ ഇന്ന് പല സ്ഥാപനങ്ങളും പേരിനൊപ്പവും സേവനങ്ങളിലും ‘എഐ’ ചേര്‍ക്കുന്നുണ്ട്. എഐ സാങ്കേതികതാ ശേഷിയോ പരിജ്ഞാനമോ ഒരുപക്ഷേ ഈ കമ്പനികള്‍ക്ക് ഉണ്ടായേക്കില്ല. നിക്ഷേപകരും ഉപഭോക്താക്കളും കബളിപ്പിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്.
അടിസ്ഥാന സൗകര്യങ്ങളില്‍ അതിരുകടന്ന നിക്ഷേപം
എഐ ബൂം വന്നതോടെ ഡാറ്റയാണ് ഇനി രാജാവെന്ന ചൊല്ല് വ്യാപകമായിട്ടുണ്ട്. എഐയുടെ അടിസ്ഥാന സൗകര്യങ്ങളായ ഡാറ്റ സെന്ററുകള്‍, ക്ലൗഡ് സൗകര്യങ്ങള്‍, ജിപിയു അടിസ്ഥാന സംവിധാനങ്ങള്‍ എന്നിവയിലേക്ക് വലിയ നിക്ഷേപങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഈ നിക്ഷേപങ്ങള്‍ക്ക് തക്ക ആവശ്യകത ഭാവിയില്‍ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. ഇന്ത്യയില്‍ തന്നെ വിശാഖപട്ടണം ഒരു ഡാറ്റ സെന്റര്‍ ഹബ്ബായി ഉയര്‍ന്നു വരികയാണ്. ശതകോടികളുടെ നിക്ഷേപമാണ് ഗൂഗിളും റിലയന്‍സും അദാനി ഗ്രൂപ്പുമെല്ലാം ഇവിടെ നടത്തുന്നത്. എഐയുടെ സാധ്യതകള്‍ മുഴുവന്‍ അനാവരണം ചെയ്യപ്പെടുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങളില്‍ ഇത്രയും നിക്ഷേപം ആവശ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്.
തൊഴില്‍ മേഖലയിലെ ആഘാതം
കംപ്യൂട്ടറുകള്‍ വന്നപ്പോള്‍ ഇന്ത്യയില്‍ അതിനെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയത് തൊഴില്‍ നഷ്ടമാണ്. എന്നാല്‍ കംപ്യൂട്ടറുകള്‍ ഇന്ത്യയുടെ വികസനത്തെ എത്രമാത്രം നയിച്ചെന്നതിന് പില്ക്കാല ചരിത്രം സാക്ഷിയാണ്. കംപ്യൂട്ടറുകളെ എതിര്‍ത്തവര്‍ക്കു പോലും ഇന്ന് അവയില്ലാതെ ജീവിതമില്ല. ഇതേരീതിയിലുള്ള ഒരു വ്യര്‍ത്ഥമായ എതിര്‍പ്പും ആശങ്കയുമാണോ എഐയെ സംബന്ധിച്ചും നടക്കുന്നത്?
ഹ്രസ്വകാല സമ്മര്‍ദ്ദം?
തൊഴില്‍ മേഖലയില്‍ എഐ, വിനാശം സൃഷ്ടിക്കുമെന്ന ആശങ്കകള്‍ക്ക് ഒരു പരിധിവരെ സാംഗത്യം നല്‍കുന്നതാണ് ഐടി മേഖലയില്‍ അടുത്തിടെ കാണുന്ന കൂട്ടപ്പിരിച്ചുവിടലുകള്. റിക്രൂട്ട്മെന്റുകളെയും ഇത് ബാധിച്ചിട്ടുണ്ട്. 2026 ന്റെ തുടക്കത്തില്‍ ടെക് മേഖലയില്‍ 93,000 ആളുകള്‍ക്ക് ജോലിനഷ്ടമുണ്ടായെന്നാണ് കണക്ക്. ആഗോള തലത്തില്‍ മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികളിലെല്ലാം കൂട്ടപ്പിരിച്ചുവിടലുകള് നടന്നു. ഇന്ത്യന്‍ ഐടി മേഖലയിലേക്കും ഇതിന്റെ അലയൊലികളെത്തി. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്ക് മാത്രമുള്ള ഒരു ഡിസ്റപ്ഷനാണെന്ന് വിദഗ്ദര്‍ നിരീക്ഷിക്കുന്നു. എന്‍ട്രി-ലെവല്‍ കോഡിംഗ്, ബിപിഒ, ടെസ്റ്റിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികള്‍ക്ക് ഓട്ടോമേഷന്‍ തീര്‍ച്ചയായും ഭീഷണിയാകാം. എന്നാല്‍ മാനുഷിക ബുദ്ധിക്കും വിചിന്തന ശേഷിക്കും ഒരിക്കലും പകരമാവില്ല എഐ. സങ്കീര്‍ണമായ ജോലികളില്‍ മനുഷ്യനോളം ആശ്രയത്വം എഐക്ക് ഉണ്ടായേക്കില്ല.
ദീര്‍ഘകാല അവസരങ്ങള്‍
എഐ തൊഴില്‍ നഷ്ടമുണ്ടാക്കാമെങ്കിലും തൊഴിലിന്റെ പുതിയ മേഖലകളും അവസരങ്ങളും അത് തുറന്നുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആദ്യം എതിര്‍പ്പുകള്‍ നേരിട്ട് പിന്നീട് ഒഴിച്ചുകൂടാനാവാത്തതായി മാറിയ എല്ലാ ടെക്നോളജികളും പോലെ എഐയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനവസമൂഹത്തിന് ഗുണകരമായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. എഐ തുറന്നിടുന്ന പുതിയ ചില മേഖലകള്‍ – എഐ ഗവേണന്‍സ്, പ്രോംപ്റ്റ് എന്‍ജിനീയറിംഗ്, എഐ സെക്യൂരിറ്റി, ഡാറ്റ ലേബലിംഗ്, മോഡല്‍ ഒപ്റ്റിമൈസേഷന്‍ – ഈ വാദത്തെ ശക്തിപ്പെടുത്തുന്നു. ഇന്ത്യ ഇവിടെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അതിവേഗം മാറുന്ന ആവശ്യകതകള്‍ക്ക് അനുസരിച്ച് തൊഴിലാളികളെ വേഗത്തില്‍ പുനര്പരിശീലിപ്പിക്കാന് കഴിയുമോ എന്നതാണ്.

സര്‍ക്കാരിന്റെ പങ്കും നയപരമായ വെല്ലുവിളികളും
കേന്ദ്ര സര്‍ക്കാര്‍ എഐയെ ഒരു തന്ത്രപ്രധാന മേഖലയായാണ് കാണുന്നത്. എഐ ഗവേഷണം, ചിപ്പ് നിര്‍മ്മാണം, കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം എന്നിവയ്ക്ക് സര്‍ക്കാര്‍ പിന്തുണ വര്‍ധിപ്പിക്കുകയാണ്. 2024 മാര്‍ച്ചില്‍ ഇന്ത്യഎഐ മിഷന്, സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്ക് 10,371 കോടി രൂപ എഐ മേഖലയുടെ വികസനത്തിനായി ചെലവഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളിലും വലിയ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. എഐ കംപ്യൂട്ടിംഗ് ശേഷി വര്‍ധിപ്പിക്കാന്‍ 38,,000 ജിപിയുകളാണ് രാജ്യമെങ്ങും വിന്യസിക്കുന്നത്. എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ എഐകോശ് എന്ന ഉന്നത നിലവാരമുള്ള പ്ലാറ്റ്ഫോമും തയാറാണ്. ഒരു കോടി യുവാക്കള്‍ക്ക് എഐ സംബന്ധിച്ച് പരിശീലനം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. 27 എഐ ലാബുകളും തയാറാക്കിയിരിക്കുന്നു.
എന്നാല്‍ സ്വകാര്യത, ഡാറ്റ സുരക്ഷ, വ്യാജ വിവരങ്ങള്‍, കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് നിയന്ത്രണവും നവീകരണവും അനിവാര്യമാണെന്നത് ഒരു വസ്തുതയായിത്തന്നെ നിലനില്ക്കുന്നു.
എഐ ബൂമിന് വെല്ലുവിളി
ഇതൊക്കെയാണെങ്കിലും എഐയെ ചുറ്റിപ്പറ്റിയുള്ള ആവേശം വേഗം കെട്ടടങ്ങാന്‍ കാരണമായേക്കാവുന്ന ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. എഐ പദ്ധതികളില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് ആദ്യത്തേത്. വന്‍ മുതല്‍മുടക്കും നിക്ഷേപവും നടത്തിയവരെയെല്ലാം പ്രതിസന്ധിയിലാക്കുന്ന ഒരു സാഹചര്യമാവും ഇത്. ആഗോള സാമ്പത്തിക മാന്ദ്യങ്ങളാണ് മറ്റൊരു അപായം. എപ്പോള്‍ വേണമെങ്കിലും രൂപപ്പെടാവുന്ന ഈ പ്രതിസന്ധി എഐയെയും വെറുതെ വിടില്ല. ഡാറ്റ സെന്ററുകളിലേക്കുള്ള അമിത നിക്ഷേപം മറ്റൊരു ആശങ്കയാണ്.
സര്‍ക്കാര്‍ തലത്തിലുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കപ്പെടുന്നതാണ് മറ്റൊരു സാഹചര്യം. എഐയെ നിയന്ത്രിക്കണമെന്ന മുറവിൡഇപ്പോഴേ ഉയരുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ വന്നാല്‍ പോസിറ്റീവ് വികാരത്തെ അത് ദോഷകരമായി ബാധിക്കും. ഉയര്‍ന്ന മൂല്യനിര്‍ണയമുള്ള കമ്പനികളുടെ നിരാശാജനകമായ ഫലങ്ങളാണ് മറ്റൊരു അപകടം. എഐ മേഖലയില്‍ ഇപ്പോല്‍ത്തന്നെ വാല്യുവേഷന് കൂടുതലാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
ബബിളോ ദീര്‍ഘകാല വിപ്ലവമോ?
എഐ ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയും സാമ്പത്തിക ആവേശത്തിന്റെ കേന്ദ്രവുമാണെന്നതില് തര്‍ക്കമില്ല. എന്നാല്‍ അത് ഒരു ബബിളാകുമോ വിപ്ലവമാകുമോയെന്നത് കാലത്തിന് മാത്രം പറയാവുന്ന ഉത്തരമാണ്. ചരിത്രം തെളിയിക്കുന്നത്, റെയില്‍വേ, വൈദ്യുതി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയെല്ലാം ആദ്യം ഹൈപ്പിന്റെയും പിന്നീട് സ്ഥിരതയുടെയും ഘട്ടങ്ങളിലൂടെ കടന്നുപോയവയാണെന്നാണ്. ഇന്ത്യയുടെ എഐ യാത്രയും അതേ വഴിയിലായിരിക്കാം. അന്തിമവിജയം എഐയെ ഒരു ഹൈപ്പില്‍ നിന്ന് യഥാര്‍ത്ഥ ലാഭത്തിലേക്കും ദീര്‍ഘകാല മൂല്യസൃഷ്ടിയിലേക്കും മാറ്റാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും.




