ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടെ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ മൂന്ന് ദിവസത്തെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് താഴേക്കിറങ്ങി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 388 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 82,626.23 ല്‍ വ്യാപരം അവസാനിപ്പിച്ചു. നിഫ്റ്റി 50 97 പോയിന്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 25,327.05 ല്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.09 ശതമാനം ഇടിഞ്ഞെങ്കിലും സ്മോള്‍ക്യാപ് സൂചിക 0.16 ശതമാനം ഉയര്‍ന്ന് ട്രെന്‍ഡിനെ മറികടന്നു.
മിക്ക ഓഹരികളിലും ഇന്ന് ലാഭം ബുക്കിംഗ് ദൃശ്യമായി. നിഫ്റ്റി 50 സൂചികയില്‍ 27 ഓഹരികള്‍ നഷ്ടത്തിലും 23 എണ്ണം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
‘പുതിയ പോസിറ്റീവ് ട്രിഗറുകളുടെ അഭാവത്തില്‍ ഹ്രസ്വകാല വ്യാപാരികള്‍ ലാഭം ബുക്ക് ചെയ്തതിനാല്‍ വിപണികള്‍ നേരിയ തോതില്‍ താഴ്ന്നു,’ ഓണ്‍ലൈന്‍ ട്രേഡിംഗ്, വെല്‍ത്ത് ടെക് സ്ഥാപനമായ എന്റിച്ച് മണിയുടെ സിഇഒ പൊന്മുടി ആര് പറഞ്ഞു.
എന്‍ബിഎഫ്സികളില്‍ പ്രത്യേകിച്ച് മൈക്രോഫിനാന്‍സ്, വാഹന വായ്പകളില്‍ ഡിഫോള്‍ട്ടുകള്‍ ഉയരുന്നത് ധനകാര്യ ഓഹരികളില്‍ ലാഭം ബുക്ക് ചെയ്യുന്നതിന് കാരണമായി. യുഎസ് ഫെഡിന്റെ പലിശ നിരക്കിളവ് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും തുടര്‍ച്ചയായ ആഭ്യന്തര തിരിച്ചടികള്‍ ലാഭമെടുക്കലിന് കാരണമാകുന്നുണ്ടെന്നും പൊന്മുടി പറഞ്ഞു.
മേഖലാ സൂചികകള്‍ നഷ്ടത്തില്‍
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ യഥാക്രമം 0.48 ശതമാനത്തിന്റെയും 0.64 ശതമാനത്തിന്റെയും ഗണ്യമായ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് (0.65% ഇടിവ്), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.65% ഇടിവ്), മീഡിയ (0.50% ഇടിവ്), ഐടി (0.47% ഇടിവ്), എഫ്എംസിജി (0.44% ഇടിവ്), ഓട്ടോ (0.40% ഇടിവ്) എന്നിവയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പിഎസ്യു ബാങ്ക് (1.28%), റിയല്‍റ്റി (0.55%), ഫാര്‍മ (0.50%), മെറ്റല്‍ (0.35%) എന്നീ മേഖലകള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
വാണവരും വീണവരും
നിഫ്റ്റി 500 ല്‍ അദാനി പവര്‍ (12.36%), അലിവസ് ലൈഫ് സയന്‍സസ് (10.62%), അനന്ത് രാജ് ലിമിറ്റഡ് (9.38%), നെറ്റ്വെബ് ടെക്നോളജീസ് (7.96%), ടാന്‍ല പ്ലാറ്റ്ഫോംസ് (7.73%) എന്നീ കമ്പനികളാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ജൂബിലന്റ് ഇന്ഗ്രവിയ (5%) പിരമള്‍ എന്റര്‍പ്രൈസസ് (4.73%), ഡിസിഎം ശ്രീറാം (4.46%), വണ്‍97 കമ്യൂണിക്കേഷന്‍സ് (4.24%), ആഷി ഇന്ത്യ ഗ്ലാസ് 4.16%) എന്നിവയാണ് നിഫ്റ്റി 500 ല്‍ കൂടുതല്‍ നഷ്ടമുണ്ടായ കമ്പനികള്‍.
വിപണിയിലെ ഹ്രസ്വകാല പ്രവണത ബുള്‍സിന് അനുകൂലമായി തുടരുന്നുണ്ടെങ്കിലും, നിലവിലെ നിലവാരത്തില്‍ നിന്ന് നേരിയ പിന്‍വാങ്ങല്‍ സാധ്യമാണെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ പറയുന്നു. 25150 ലാണ് നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്. അതിന് താഴേക്ക് വീണാല്‍ ട്രെന്റ് മോശമായേക്കും. 25150 ന് മുകളില്‍ പിടിച്ചുനിന്നാല്‍ 25500 ലേക്ക് വിപണി നീങ്ങിയേക്കും. അതിന് മുകളിലുള്ള ഒരു നിര്‍ണായക നീക്കം 26,000 ലേക്ക് വഴി തുറന്നേക്കാമെന്നും ഡെ പറയുന്നു. നിഫ്റ്റിയിലെ 25,500 ലെവലിനു മുകളിലുള്ള നിര്‍ണായക നീക്കത്തിന് പ്രധാന ബാങ്കിംഗ് ഓഹരികളുടെ, പ്രത്യേകിച്ച് സ്വകാര്യ വായ്പാദാതാക്കളുടെ പ്രകടനം നിര്‍ണായകമായി തുടരുമെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റായ അജിത് മിശ്ര പറഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




