സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. തുടർച്ചയായ വിലയിടിവിന് പിന്നാലെയാണ് ഇപ്പോൾ സ്വർണത്തിന് ചെറിയ തോതിൽ വില വർധിച്ചിരിക്കുന്നത്. 80 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കൂടിയത്. ഇതോടെ പവന് 1,05,040 രൂപയായി ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ആനുപാതികമായി 10 രൂപയാണ് കൂടിയത്. ഇതോടെ 13,135 രൂപയാണ് ഇന്നത്തെ വിപണിവില.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണ് ഉണ്ടായത്. ജൂലൈ 3-ന് ഈ മാസത്തിലെ ഉയർന്ന നിരക്കായ 1,07,800 വരെ എത്തിയിരുന്ന പവൻവില പിന്നീട് തുടർച്ചയായി താഴ്ന്നിരുന്നു. ഇന്നത്തെ വർധനയോടെ വീണ്ടും വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായത്. ഇന്നലെ ഉച്ചയ്ക്കുശേഷവും സ്വർണവില ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു കിലോ വെള്ളിക്ക് 2,35,000 രൂപയുമാണ് ഇന്നത്തെ വിപണി വില.




