കൊച്ചി: ലോകത്തെ ഏക കുരുമുളക് അവധി വ്യാപാര കേന്ദ്രമായി കൊച്ചി. കമ്മോഡിറ്റി എക്സ്ചേഞ്ചായ എന്സിഡിഇഎക്സാണ് കൊച്ചി കേന്ദ്രമാക്കി കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിക്കുന്നത്. ഈ മാസം 15 മുതല്‍ കുരുമുളകിന്റെ ഫ്യൂച്ചര്‍ ട്രേഡിംഗ് ആരംഭിക്കും. ഏലം, റബ്ബര്‍ എന്നിവയുടെ അവധി വ്യാപാരവും കൊച്ചി കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് എന്‍സിഡിഇഎക്സ് എംഡിയും സിഇഒയുമായ അരുണ്‍ റാസ്തെ പറഞ്ഞു.
ലോകത്ത് നിലവില്‍ കുരുമുളകിനായി ഡെറിവേറ്റീവ് വിപണി ഇല്ലാത്ത സാഹചര്യത്തിലാണ് നാഷണല്‍ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്സ്ചേഞ്ച് കൊച്ചി കേന്ദ്രമാക്കി കുരുമുളക് അവധി വ്യാപാരം ആരംഭിക്കുന്നത്. ലോകത്തെ ഏക നിയന്ത്രിത കുരുമുളക് ബെഞ്ച്മാര്‍ക്കായി ഇത് മാറിയേക്കും. കുരുമുളക് വ്യാപാര കേന്ദ്രമെന്ന നിലയില്‍ കൊച്ചിയുടെയും കേരളത്തിന്റെയും ഗതകാല പ്രൗഢി വീണ്ടെടുക്കാന്‍ ഇതിലൂടെ സാധിക്കും. കൊച്ചിയില്‍ കുരുമുളക് ഫ്യൂച്ചേഴ്സ് പുനരാരംഭിക്കുന്നതിലൂടെ കാര്‍ഷിക മേഖലയെയും മൂലധന വിപണിയെയും ബന്ധിപ്പിക്കുന്നതില്‍ കേരളത്തിന് മുന്നില്‍ വലിയ സാധ്യതയാണ് തുറന്നു കിട്ടുന്നതെന്ന് അരുണ്‍ റാസ്തെ പറഞ്ഞു.

നിലവില്‍ 60,000 മെട്രിക് ടണ്‍ കുരുമുളകാണ് ഇന്ത്യയിലെ ഉല്‍പ്പാദനം. ഇതില്‍ 70 ശതമാനത്തോളം കര്‍ണാടകത്തിന്റെയും 20 ശതമാനത്തോളം കേരളത്തിന്റേയും സംഭാവനയാണ്. 90,000 മെട്രിക് ടണ്ണോളം കുരുമുളകാണ് ഇന്ത്യയുടെ പ്രതിവര്‍ഷ ആവശ്യകത. നിലവില്‍ 25,000 മെട്രിക് ടണ്‍ കുരുമുളക് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും ശ്രീലങ്കയില്‍ നിന്നാണ് ഇന്ത്യയുടെ ഇറക്കുമതി. ആഗോള തലത്തില്‍ കുരുമുളക് ഉല്‍പ്പാദനത്തില്‍ വിയറ്റ്നാമിനും ബ്രസീലിനും ഇന്തോനേഷ്യക്കും പിന്നില്‍ നാലാമതാണ് ഇന്ത്യ.
കുരുമുളക് അവധി വ്യാപാരം പ്രഖ്യാപിച്ചുള്ള എന്സിഡിഎക്സിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ബിസിനസ് ഓഫീസര്‍ കേദാര്‍ ദേശ്പാണ്ഡെ, ചീപ് ഓഫ് ഇക്വിറ്റി ടോജോ ബാനര്‍ജി എന്നിവരും പങ്കെടുത്തു. സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും മൂലധന വിപണിയിലെ നിക്ഷേപസാധ്യതകള്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഹര് ഘര്‍ ഇന്‍വെസ്റ്റര്‍ ക്യാംപെയ്നും എന്‍സിഡിഇഎക്സ് കൊച്ചിയില്‍ അവതരിപ്പിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




