”അടിയന്തിരമായി പണം ആവശ്യമുണ്ടോ? നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വഴി എടിഎമ്മില്‍ നിന്ന് തല്‍സമയം പണം ലഭിക്കും,” ബാങ്കുകളുടെ ഭാഗത്തുനിന്ന് വരുന്ന ഓഫര്‍ സന്ദേശം ഇപ്രകാരമായിരിക്കും. ഈ സന്ദേശം ലഭിക്കാത്തവര്‍ ചുരുക്കം. ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം ഒരു സാധാരണ വായ്പാ ഓഫര്‍ പോലെ ബാങ്കുകളില്‍ നിന്ന് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ഉപഭോക്താക്കളെ സഹായിക്കാന്‍ ബാങ്കിന്റെ ഒരു ഫീച്ചര്‍ എന്ന നാട്യത്തിലാണ് മിക്കപ്പോഴും ഇവ അവതരിപ്പിക്കപ്പെടുന്നതും, മിക്കവാറും ഒരു ഉപകാരം പോലെ.
ക്രെഡിറ്റ് കാര്‍ഡുള്ള പലരും ഈ വായ്പാ ഓഫര്‍ സ്വീകരിക്കാറുമുണ്ട്. ലോണിനായി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ട. സിബില്‍ സ്കോര്‍ ആരെയും ബോധിപ്പിക്കേണ്ട. ക്രെഡിറ്റ് കാര്‍ഡുമായി എടിഎമ്മില്‍ പോയി പിന് അടിച്ചു കൊടുത്താല്‍ പണം കൈയിലേക്ക്. വളരെ സുഗമം, പ്രഥമദൃഷ്ട്യാ മിക്കവാറും നിരുപദ്രവകരവും. അത്യാവശ്യത്തിനുള്ള പണം ആരോടും വായ്പ ചോദിക്കാതെ കൈയിലെത്തും. തുക മാസാമാസം ഇഎംഐയായി അടച്ചാല്‍ മതി.
ഏറ്റവും ചെലവേറിയ വായ്പ
ബാങ്കുകളില്‍ നിന്ന് ലഭിക്കാവുന്ന ഏറ്റവും ചെലവേറിയ വായ്പയാണ് വാസ്തവത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍. ഓഫര്‍ ചെയ്യപ്പെടുന്ന രീതിയും ക്രെഡിറ്റ് കാര്‍ഡുകളുടെ പൊതുസ്വീകാര്യതയുമെല്ലാം പരിഗണിക്കുമ്പോള്‍ ഇതൊരു കെണിയല്ലെന്ന് ഉപഭോക്താവിന് തോന്നുന്നത് സ്വാഭാവികമാണ്. കാര്‍ഡുണ്ടെങ്കില്‍ ഏത് എടിഎമ്മില്‍ നിന്നും പണം ലഭിക്കുമെങ്കില്‍ അത് പ്രയോജനപ്പെടുത്താമല്ലോ. എന്നാല്‍ വാസ്തവം ഇതില്‍ നിന്ന് ഏറെ അകലെയാണ്.
കണ്ണില്‍ച്ചോരയില്ലാത്ത പലിശ
വായ്പ എടുത്തുകഴിഞ്ഞ് ഇതിന്റെ പിന്നിലെ കെണികളെക്കുറിച്ച് അറിയുമ്പോഴാണ് അക്കിടി പറ്റിയെന്ന് മനസിലാവുക. ഉദാഹരണത്തിന് 10000 രൂപ ഒരാള്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന എടിഎമ്മില്‍ നിന്ന് വായ്പയായി എടുത്തെന്നു കരുതുക. ആദ്യ ദിവസം തന്നെ പണം പിന്‍വലിക്കല്‍ ഫീ ബാങ്ക് ഈടാക്കും. തുകയുടെ ഏകദേശം 2.5 മുതല്‍ 3 ശതമാനം വരെയാണ് ക്യാഷ് അഡ്വാന്‍സ് ഫീസ്. 10,000 രൂപ പിന്‍വലിക്കുന്നതിന് 300 മുതല്‍ 500 രൂപ വരെ കാഷ് അഡ്വാന്‍സ് ഫീ ഇനത്തില്‍ നല്‍കേണ്ടി വരും. ഇതോടൊപ്പം നികുതിയും. അതായത് തിരിച്ചടക്കേണ്ട തുക അപ്പോള്‍ തന്നെ 10,500 ആയി വര്‍ധിച്ചു.
പിറ്റേന്ന് രാവിലെ മുതല്‍ പലിശ ഈടാക്കാനും തുടങ്ങും. മിക്ക കാര്‍ഡുകളും പണം പിന്‍വലിക്കലിന് എല്ലാ മാസവും ഏകദേശം 3 മുതല്‍ 3.5 ശതമാനം വരെ പലിശ ഈടാക്കുന്നു. ഒരു വര്‍ഷത്തേക്ക് കണക്കാക്കുമ്പോള്‍ ഇത് 40 ശതമാനത്തില്‍ കൂടുതലാണ്. അതായത് 10500 രൂപ ഒരു വര്‍ഷം കൊണ്ടാണ് തിരികെ അടക്കുന്നതെങ്കില്‍ 14000 രൂപയിലേറെ തിരികെ നല്‍കേണ്ടി വരും.
സ്വന്തം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുക എന്നതിലുപരി മറ്റൊന്നും നിങ്ങള്‍ ചെയതിട്ടില്ല. ഇത് എത്രമാത്രം യുക്തിരഹിതമാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ ഒരു സാമ്പത്തിക വിദഗ്ദ്ധനാകേണ്ടതില്ല. ഇത്രയും ചെറിയ തുകയ്ക്കും ഇത്രയും കുറഞ്ഞ സമയത്തിനും ഒരു വ്യക്തിഗത വായ്പയോ, ഓവര്‍ഡ്രാഫ്റ്റോ, ഒരു ഡിജിറ്റല്‍ ക്രെഡിറ്റ് ലൈനോ ഒരിക്കലും നിങ്ങളില്‍ നിന്ന് ഇത്രയും വലിയ തുക തിരികെ ഈടാക്കില്ല.
എങ്കിലും വേണം വായ്പ
ഭീമമായ നഷ്ടക്കണക്കുകള്‍ ഇത്ര വ്യക്തമായിട്ട് കൂടി എന്തുകൊണ്ടാവും ഇത്രയധികം ആളുകള്‍ ഇപ്പോഴും ക്രെഡിറ്റ് കാര്‍ഡ് വായ്പാ കെണിയില്‍ വീഴുന്നത്?
കൈവശം പണത്തിന്റെ കുറവുണ്ടാകുമ്പോള്‍ എടിഎം ഒരു ലൈഫ്ലൈന് പോലെ തോന്നുന്നെന്നതാണ് കാരണം. നിങ്ങളുടെ ക്രെഡിറ്റ് പരിധി പണമായി ലഭ്യമാണെന്ന് ബാങ്ക് നിങ്ങളോട് പറയുന്നു. ‘നിങ്ങള്‍ക്ക് തല്‍ക്ഷണം പണം പിന്‍വലിക്കാന്‍ കഴിയും’ എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആപ്പിലൂടെ അയയ്ക്കുന്നു. പ്രതിസന്ധിയില്‍ നില്ക്കുന്ന ഏതൊരാളിനും ആ സമയത്ത് ആശ്വാസം കണ്ടെത്തുകയെന്നത് മാത്രമാണ് ചിന്ത. ദിവസേനയുള്ള കോമ്പൗണ്ടിംഗ്, ഫീസ്, പലിശ എന്നിവയെക്കുറിച്ചൊന്നും അപ്പോള്‍ ചിന്തിക്കില്ല.
വളരെ വേഗം പണം തിരികെയടക്കാം എന്ന മാനസികനിലയാണ് ഇവിടെ വലിയ പങ്ക് വഹിക്കുന്നത്. അതിനാല്‍ അധിക ചെലവ് അവര്‍ കണ്ടില്ലെന്ന് നടിക്കും. എന്നാല്‍ കണക്കുകൂട്ടുന്നതു പോലെയല്ല ജീവിതം. അത് അപ്രവചനീയതകള്‍ നിറഞ്ഞതാണ്. ബില്ലുകള്‍ കുന്നുകൂടാം അടിയന്തര സാഹചര്യങ്ങള്‍ കൂടുതല്‍ നീണ്ടുനില്‍ക്കാം. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് വരുമ്പോഴേക്കും തിരിച്ചടവ് സംഖ്യ പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കും.
ബാങ്കുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, അനായാലം ലാഭമുണ്ടാക്കാനുള്ള ഉല്‍പ്പന്നമാണ്. അതിനാല്‍ ഈ ലാഭകരമായ ബിസിനസ് കൂടുതല്‍ വ്യാപിപ്പക്കാന് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. മിക്ക ആളുകളും പലിശ കണക്കാക്കില്ലെന്ന് അവര്‍ക്കറിയാം. ‘ഉടന്‍ പണം’ എന്ന വാഗ്ദാനം ചെറിയ അക്ഷരത്തില്‍ എഴുതിയ മുന്നറിയിപ്പുകളെയും ജാഗ്രതാ സന്ദേശത്തെയും മറികടക്കുമെന്ന് അവര്‍ക്കറിയാം.
മികച്ച ബദലുകള്‍
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം പിന്‍വലിക്കുന്ന ഈ അപകടകരമായ പ്രവൃത്തിക്ക് ബദലുകള്‍ ബാങ്കില്‍ തന്നെ ഉണ്ടെന്നതാണ് വാസ്തവം. ഒരു ചെറിയ വ്യക്തിഗത വായ്പയ്ക്ക് പ്രതിവര്‍ഷം 12 മുതല്‍ 18 ശതമാനം വരെയാണ് പരമാവധി പലിശ. ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ 40 ശതമാനം നിരക്കിനേക്കാള്‍ വളരെ കുറവാണിത്. ചില ബാങ്കുകള്‍ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങളും അനുവദിക്കുന്നു, അതും വളരെ കുറഞ്ഞ ചെലവില്‍. വിശ്വസനീയമായ ഒരു ഫിന്‍ടെക് ആപ്പില്‍ നിന്നുള്ള ഒരു ഹ്രസ്വകാല ഡിജിറ്റല്‍ ലോണ്‍ പോലും ക്രെഡിറ്റ് കാര്‍ഡ് വായ്പയേക്കാള്‍ ചെലവ് കുറഞ്ഞതായിരിക്കും.
എമര്‍ജന്‍സി ഫണ്ട്
ഏറ്റവും നല്ല ഓപ്ഷന് വായ്പയെടുക്കാതിരിക്കുക എന്നത് തന്നെയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു അടിയന്തര ഫണ്ട് തയാറാക്കാം. ഒരു സേവിംഗ്സ് അക്കൗണ്ടിലെ ഒരു ചെറിയ കരുതിവെപ്പ് ക്രെഡിറ്റ് കാര്‍ഡ് വായ്പ നിരാശാജനകമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. അതുകൊണ്ടാണ് പണം എവിടെയെങ്കിലും നിക്ഷേപിക്കുന്നതിന് മുമ്പ് ഒരു എമര്‍ജന്‍സി ഫണ്ട് തയാറാക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.
കാര്യം വളരെ ലളിതമാണ്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എല്ലായ്പ്പോഴും ഒരു തെറ്റായ നീക്കമാണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ഒരു മാര്‍ക്കറ്റ് അനലിസ്റ്റ് ആകേണ്ടതില്ല. ചെലവുകള്‍ കൂടുതലാണ്, മനഃശാസ്ത്രം വഞ്ചനാപരമാണ്, കൂടാതെ ബദലുകള്‍ ചെലവ് കുറഞ്ഞതും സുരക്ഷിതവുമാണ്.
ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങളുടെ ആകര്‍ഷണം വളരെ വലിയതാണ്. അവ നിങ്ങള്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന സൂക്ഷ്മമായ പ്രേരണകളാണ്. അവ നിങ്ങളുടെ സമ്പാദ്യത്തെ നിശബ്ദമായി ഇല്ലാതാക്കുന്നു. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് വ്യത്യസ്തമാണ്. നിങ്ങള്‍ വീണേക്കാവുന്ന ഏറ്റവും അപകടകരമായ ശീലങ്ങളില്‍ ഒന്നാണിത്, കാരണം ആദ്യ ദിവസം മുതല്‍ ആരംഭിച്ച് നിങ്ങള്‍ തിരിച്ചടവ് വൈകിപ്പിക്കുന്ന ഓരോ ദിവസവും ചെലവ് വര്‍ദ്ധിക്കുന്നു.
കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഷോപ്പിംഗ് നടത്തുന്നതു പോലെയല്ല, കാര്‍ഡ് ഉപയോഗിച്ചുള്ള വായ്പകള്‍. കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഒട്ടും സാമ്പത്തിക അച്ചടക്കമോ സാമ്പത്തിക സാക്ഷരതയോ ഇല്ലാത്ത പ്രവൃത്തിയാണ്. ഫീസും ദൈനംദിന പലിശയുമെല്ലാം ചേര്‍ന്ന് വലിയ ഒരു തുകയായി മാറാന്‍ അധികം സമയം വേണ്ടതില്ല. ഓരോ ആഴ്ചയും കടന്നുപോകുമ്പോള്‍ കടം വര്‍ധിക്കുകയും ചെയ്യും.
അതിനാല്‍ പണത്തിനായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നിര്‍ത്തുക. ആദ്യം മറ്റേതെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്കുക. അത്തരമൊരു വഴി കണ്ടെത്തിയാല്‍ നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ പടികൂടിയാവും അത്.




