യുഎസിന്റേത് യുക്തിരഹിതമായ ആവശ്യങ്ങളെന്ന് ഇറാന്
നിയമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങള്‍ യുഎസ് ഉപേക്ഷിക്കണമെന്ന് ഇറാന്. വെടിനിര്‍ത്തലിനായി പുതിയ പ്രൊപ്പോസല്‍ യുഎസ് അവതരിപ്പിച്ച സാഹചര്യത്തിലാണ് ടെഹ്റാന്റെ പ്രതികരണം. സ്വതന്ത്ര രാജ്യങ്ങളുടെ മേല്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കരുത്ത് നഷ്ടപ്പെട്ട സ്ഥിതിയിലാണ് അമേരിക്ക ഉള്ളതെന്ന് ഇറാന് പ്രതിരോധ മന്ത്രാലയ വക്താവ് റേസ തലേനിക് പറഞ്ഞു. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അടിയന്തര യോഗം ഇന്ന് ജിദ്ദയില്‍ ചേരും.
ക്രൂഡ് വില 111 ഡോളറില്‍, സ്വര്‍ണം താഴേക്ക്
ഹോര്‍മുസില്‍ സംഘര്‍ഷം തുടരവെ അന്താരാഷ്ട്ര എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില 3% വര്‍ധിച്ച് 111 ഡോളര്‍ കടന്നു. സ്വര്‍ണവില മൂന്നാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി. കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് രണ്ട് തവണയായി 165 രൂപ കുറഞ്ഞ് 13,925 രൂപയിലെക്കെത്തി. പവന് 1320 രൂപ ഇടിഞ്ഞ് 1,11,400 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില 1.5% ഇടിഞ്ഞ് 4605 ഡോളറായി.
വിപണി വീണു
ഓഹരി വിപണിയില്‍ പ്രതിമാസ കോണ്‍ട്രാക്റ്റുകളുടെ എക്സ്പയറി ദിനമായ ഇന്ന് കനത്ത ചാഞ്ചാട്ടം ദൃശ്യമായി. 77,493 വരെ കുതിച്ച ശേഷം സെന്‍സെക്സ് 600 പോയന്റ് നഷ്ടപ്പെടുത്തി 76,886 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 24,181 വരെ മുന്നേറിയ ശേഷം 200 പോയന്റോളം നഷ്ടപ്പെടുത്തി 23,995 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എറ്റേണല്‍, ആക്സിസ് ബാങ്ക്, ഇന്‍ഡിഗോ തുടങ്ങിയ ഓഹരികള്‍ 4 ശതമാനം ഇടിഞ്ഞു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ 4% മുന്നേറി. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും എണ്ണവില 110 ഡോളറിലേക്ക് ഉയര്‍ന്നതും ബാങ്കിംഗ് ഓഹരികളിലെ തളര്‍ച്ചയും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലുമാണ് വിപണിക്ക് തിരിച്ചടിയായത്.
സൊമാറ്റോ ലാഭത്തില്‍, മാരുതിയുടെ ലാഭത്തില്‍ 6.5% ഇടിവ്
സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന് നാലാം പാദത്തില്‍ മികച്ച റിസല്‍ട്ട്. എറ്റേണലിന്റെ അറ്റലാഭം 346% വര്‍ധിച്ച് 174 കോടി രൂപയിലെത്തി. വരുമാനം 197% വര്‍ധിച്ച് 17,292 കോടി രൂപയായി. അതേസമയം മാരുതി സുസുക്കിയുടെ നാലാം പാദ ഫലങ്ങള്‍ അത്ര സുഖകരമല്ല. അറ്റ ലാഭം 6.5% ഇടിഞ്ഞ് 3,659 കോടി രൂപയായി. കമ്പനിയുടെ വരുമാനം 28% ഉയര്‍ന്ന് 52,462 കോടി രൂപയായി. 140 രൂപയുടെ ലാഭവിഹിതവും മാരുതി നിക്ഷേപകര്‍ക്ക് പ്രഖ്യാപിച്ചു.
എസ്-400 നാലാം യൂണിറ്റ് എത്തുന്നു
റഷ്യയില്‍ നിന്നുള്ള എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. പാകിസ്ഥാനെ ലക്ഷ്യമിട്ട് രാജസ്ഥാനിലാവും ഇവ സ്ഥാപിക്കുക. അഞ്ചാമത്തെ എസ്-400 സംവിധാനം നവംബറോടെ റഷ്യ ഇന്ത്യക്ക് കൈമാറും. ചൈനയെ പ്രതിരോധിക്കാന്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ ഇവ സ്ഥാപിക്കും. 12 പാന്റ്സീര് വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങും.
എസ്കോബാറിന്റെ ഹിപ്പോകളെ ഏറ്റെടുക്കാമെന്ന് വന്താര
മാഗ്ദലീന നദീതടത്തില്‍ വസിക്കുന്ന 80 ഹിപ്പൊപ്പൊട്ടാമസുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അനന്ത് മുകേഷ് അംബാനി കൊളംബിയ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ലഹരി മാഫിയ തലവന്‍ പാബ്ളോ എസ്കോബാര്‍ 1980 കളില്‍ ഇറക്കുമതി ചെയ്ത നാല് ഹിപ്പോകള്‍ വംശവര്‍ധന നടത്തി 200 ലേക്ക് എത്തിയതോടെയാണ് കൊന്നൊടുക്കാന്‍ കൊളംബിയ സര്‍ക്കാര്‍ തീരുമാനിച്ചത്. പാരിസ്ഥിതിക കാരണങ്ങളും ജനങ്ങളുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഹിപ്പോകളെ ഏറ്റെടുക്കാന്‍ തയാറാണെന്നും ഗുജറാത്തിലെ ജാംനഗറിലുള്ള വന്താര വന്യമൃഗ കേന്ദ്രത്തില്‍ ഇവയെ സുരക്ഷിതമായി പാര്‍പ്പിക്കാമെന്നും കൊളംബിയന്‍ സര്‍ക്കാരിനയച്ച കത്തില്‍ അനന്ത് അംബാനി പറയുന്നു.




