പതിനൊന്ന് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമം. കേരളത്തെ ഇനി വി ഡി സതീശന് നയിക്കും. കേരളത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡും മുതിര്‍ന്ന ദേശീയ, പ്രാദേശിക നേതാക്കളും നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ജനവികാരം കണക്കിലെടുത്താണ് കോണ്‍ഗ്രസ് വി ഡി സതീശന് എന്ന പേരിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡെല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
കെ സി വേണുഗോപാലിന്റെ പേരും അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നുവെങ്കിലും ജനവികാരം തള്ളാന്‍ ഹൈക്കമാന്‍ഡിന് സാധിച്ചില്ല. തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ യുഡിഎഫ് മുഖ്യമന്ത്രിയെ കണ്ടെത്താന്‍ പതിനൊന്ന് ദിവസം എടുത്തത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളും തുടക്കം മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
വിഡി സതീശന് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.




