വിപണിയില്‍ കനത്ത ഇടിവ്
തുടര്‍ച്ചയായി നാലാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1456 പോയന്റ് ഇടിഞ്ഞ് 74,559 ല്‍ എത്തി. നിഫ്റ്റി 436 പോയന്റ് നഷ്ടപ്പെട്ട് 23379 ലാണ് ക്ലോസ് ചെയ്തത്. ഇറാന്-യുഎസ് സംഘര്‍ഷവും എണ്ണവിലയും വര്‍ധിച്ചതാണ് വിപണി കൂപ്പുകുത്താന്‍ പ്രധാന കാരണം. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പ്രധാനമന്ത്രി മോദിയുടെ മുന്നറിയിപ്പും വിപണിയുടെ വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. മെറ്റല്‍ ഓഹരികളും ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും മാത്രമാണ് ഇന്ന് പിടിച്ചുനിന്നത്. നാല് ദിവസത്തിനിടെ നിക്ഷേപകരുടെ മൂലധനത്തില്‍ 11 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
എണ്ണവില 107 ഡോളറിന് മുകളില്‍, രൂപ വീണ്ടും വീണു
ക്രൂഡ് ഓയില്‍ വില 107 ഡോളര്‍ കടന്നതാണ് വിപണിയെ പിടിച്ചുലച്ചത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.3% ഉയര്‍ന്ന് 107.6 ഡോളറിലാണ് ട്രേഡ് ചെയ്യുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 95.74 ല്‍ എത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ 95.63 എന്ന നിലയിലാണ് മൂല്യം. രൂപയുടെ ഇടിയുന്ന മൂല്യം പിടിച്ചു നിര്ത്തുകയെന്നതാവും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന പരിഗണനാ വിഷയമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനാഗേശ്വരന്‍ പറഞ്ഞു.
സ്വര്‍ണവില ഉയരുന്നു
സ്വര്‍ണം വാങ്ങല്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തെ തുടര്‍ന്ന് സ്വര്‍ണ വിപണിയിലും അനിശ്ചിതാവസ്ഥ ശക്തമാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 14,115 രൂപയായി. പവന് 400 രൂപ വര്‍ധിച്ച് 1,12,920 രൂപയാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ചാഞ്ചാട്ടം ശക്തമായേക്കും. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില താഴേക്കാണ്. 1 ശതമാനത്തോളം ഇടിഞ്ഞ് ഔണ്‍സിന് 4700 ഡോളറിലാണ് അന്താരാഷ്ട്ര സ്വര്‍ണവില.
ആക്രമിച്ചാല്‍ ആണവായുധം നിര്‍മിക്കുമെന്ന് ഇറാന്
ഇറാന്-യുഎസ് സംഘര്‍ഷം കൂടുതല്‍ വഷളായേക്കുമെന്ന ആശങ്കക്കിടെ, ഇനി ആക്രമിച്ചാല്‍ കൈവശമുള്ള യുറേനിയം 90% സമ്പുഷ്ടീകരിച്ച് ആണവായുധം നിര്മിക്കാവുന്ന തലത്തിലേക്ക് എത്തിക്കുമെന്ന് ഇറാന്. ഇറാന് പാര്‍ലമെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ലമെന്ററി കമ്മീഷന് വക്താവ് ഇബ്രാഹിം റിസായി പറഞ്ഞു. 22,000 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഒരു ഭാഗം 60% വരെ സമ്പുഷ്ടീകരിച്ചിട്ടുണ്ടെന്ന് അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പറയുന്നു. വെപണ്‍ ഗ്രേഡിലേക്ക് ഇതിനെ സമ്പുഷ്ടീകരിക്കാന്‍ ഇനി വളരെ എളുപ്പം സാധിക്കും.
പണപ്പെരുപ്പം ഉയര്‍ന്ന് 3.48% ല്‍
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു. റീട്ടെയ്ല്‍ ഇന്‍ഫ്ളേഷന്‍ നാല് മാസത്തെ ഉയര്‍ന്ന നിലയായ 3.48 ശതമാനത്തിലെത്തി. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണം. മാര്‍ച്ചിലെ 3.87% ല്‍ നിന്ന് 4.2 ശതമാനത്തിലേക്കാണ് ഫുഡ് ഇന്‍ഫ്ളേഷന്‍ ഉയര്‍ന്നിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ നോക്കിയാല്‍, വെള്ളി ആഭരണങ്ങള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയത്. 144.3% വില വര്‍ധനയാണ് വെള്ളി ആഭരണങ്ങള്ക്കുണ്ടായത്. സ്വര്‍ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെ വില 40.7% ഉയര്‍ന്നു. തക്കാളി വില 35.3 ശതമാനവും തേങ്ങയുടെ വില 44.6 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചു.
—————–




