ഇലക്ഷന് ശേഷം ഇന്ധനവില വര്‍ധന: റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം
പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധന വില വര്‍ധിപ്പിക്കുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും പടര്‍ത്താനാണ് ഇത്തരം വാര്‍ത്തകള്‍ ഉപയോഗിക്കപ്പെടുന്നതെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ധനവില വര്‍ധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ലിറ്ററിന് 25-28 രൂപ വരെ കൂട്ടുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടാക് ഇക്വിറ്റീസ് അഭിപ്രായപ്പെട്ടിരുന്നു. ഉയര്‍ന്ന വിലയ്ക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രതിമാസം 27,000 കോടി രൂപയുടെ അധിക ബാധ്യത എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
സെന്‍സെക്സില്‍ 2 ദിവസം കൊണ്ട് 1,609 പോയന്റ് ഇടിവ്
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 852 പോയന്റ് ഇടിഞ്ഞ് 77,664 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 205 പോയന്റ് ഇടിഞ്ഞ് 24,173 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഓട്ടോ സൂചിക 2.35 ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 2.19 ശതമാനവും ഇടിഞ്ഞു. ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളിലെ ഓഹരികളിലും ഇടിവ് ദൃശ്യമായി.
വ്യാപകമായ വില്‍പ്പനയാണ് ഇന്ന് വിപണിയില്‍ ദൃശ്യമായത്. രണ്ട് ദിവസത്തിനിടെ സെന്‍സെക്സ് 1609 പോയന്റും നിഫ്റ്റി 2 ശതമാനവും ഇടിഞ്ഞുകഴിഞ്ഞു. ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തു. എണ്ണവില 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതാണ് വിപണിക്ക് പ്രധാനമായും തിരിച്ചടിയായത്. ഏതാനും ദിവസത്തെ വാങ്ങലിന് ശേഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുത്ത് പുറത്തുകടക്കുകയാണ്.
ഇന്ധനവിലയില്‍ കുതിപ്പ്, സ്വര്‍ണം താഴേക്ക്
ഇറാന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതായതോടെ ഇന്ധനവില വീണ്ടും കുതിക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഹോര്‍മുസ് കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്‍ഷങ്ങളാണ് എണ്ണവില ഉയര്‍ത്തുന്നത്. ബ്രെന്റ് ക്രൂഡ് വില 1.02% വര്‍ധിച്ച് ബാരലിന് 103 ഡോളര്‍ എന്ന നിലയിലാണ്. അതേസമയം സ്വര്‍ണവില സമ്മര്‍ദ്ദത്തില്‍ പെട്ട് താഴേക്കാണ്. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ശതമാനത്തോളം താഴ്ന്ന് 4700 ഡോളറിനരികെയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപയിലെത്തി. പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയായി.




