എക്കാലത്തെയും വലിയ പ്രതിരോധ ഇടപാടിനൊരുങ്ങുകയാണ് ഇന്ത്യ. ജര്‍മനിയുമായി ഒപ്പു വെക്കാനൊരുങ്ങുന്നത് അന്തര്‍വാഹിനികള്‍ക്കായുള്ള വമ്പന്‍ കരാറാണ്. 8 ബില്യണ്‍ ഡോളര്‍ അഥവാ 75,000 കോടി രൂപയാണ് പ്രൊജക്റ്റ് 75ഐ എന്ന കരാറിലെ ഇടപാട് തുക. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും. ജര്‍മനിയിലെ തൈസണ്ക്രൂപ്പ് മറൈന്‍ സിസ്റ്റംസും ഇന്ത്യയിലെ പൊതുമേഖലാ കമ്പനിയായ മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സുമാണ് ഈ കരാറിന്റെ ഭാഗമായി കൈകോര്‍ക്കുന്ന വമ്പന്‍ കമ്പനികള്‍.
യൂറോപ്പിന് പുറത്തുള്ള ഒരു രാജ്യത്തിന് ആദ്യമായാണ് ജര്‍മനി, അന്തര്‍വാഹിനി നിര്‍മാണ സാങ്കേതിക വിദ്യ കൈമാറുന്നത്. ഈ വര്‍ഷമാദ്യം ന്യൂഡെല്‍ഹി സന്ദര്‍ശിച്ച ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെഴ്സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ കരാറിന്റെ നീക്കുപോക്കുകളാരംഭിച്ചത്. പതിനേഴോളം അന്തര്‍വാഹിനികളാണ് നിലവില്‍ ഇന്ത്യന്‍ നാവികസേന ഉപയോഗിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം മാത്രമാണ് ആണവ അന്തര്‍വാഹിനികള്‍. 3000 ടണ്‍ വരുന്ന പ്രൊജക്റ്റ് 75ഐയിലെ ആറ് അന്തര്‍വാഹിനികള്‍, 40 വര്‍ഷമായി സേവനത്തിലുള്ള റഷ്യന്‍ നിര്‍മിത സിന്ധുഘോഷ് ക്ലാസ് മുങ്ങിക്കപ്പലുകള്‍ക്ക് പകരമായാണെത്തുക.
അടുത്തിടെ ചൈനയില്‍ നിന്ന് എട്ട് ഹാങ്ങര്‍ ക്ലാസ് മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാന് വാടകയ്ക്കെടുത്തിരുന്നു. മേഖലയില്‍ ചൈനയും മുങ്ങിക്കപ്പലുകലുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടാനുളള ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമാണ് ജര്‍മന്‍ സഹകരണം. മസഗണ്‍ ഡോക്കിന്റെ നിലവിലെ ഓര്‍ഡര്‍ ബുക്ക് ഏകദേശം 30,000 കോടി രൂപയാണ്. തൈസണ്ക്രൂപ്പുമായുള്ള കരാറില്‍ ഒപ്പുവെക്കുന്നതോടെ ഈ ഓര്‍ഡര്‍ ബുക്ക് 1 ലക്ഷം കോടി രൂപ കവിയുമെന്ന് കണക്കാക്കപ്പെടുന്നു. ഡിഫന്‍സ് മേഖലയില്‍ ഇപ്പോള്‍ത്തന്നെ നിക്ഷേപകരുടെ കണ്ണുള്ള ഓഹരികളിലൊന്നാണ് മസഗോണ്‍ ഡോക്. ഷിപ്പിംഗ് ഡിഫന്‍സ് മേഖലയിലെ, ലോകത്തെ തന്നെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായി മസഗോണിനെ വളര്‍ത്താന്‍ ഈ കരാര്‍ സഹായകമായേക്കും.




