റിലയന്‍സില്‍ കനത്ത ഇടിവ്
പിടിവിട്ടു താഴേക്ക് വീഴുകയാണ് വിപണി മൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. തിങ്കളാഴ്ച 2.15% ഇടിഞ്ഞ് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 1,259.20 ലേക്ക് റിലയന്‍സ് എത്തി. വിപണി മൂലധനം ഇതോടെ 17,33,789 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ 9 ദിവസത്തിനിടെ 7% ഇടിവാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നേരിട്ടത്. 1.29 ലക്ഷം കോടി രൂപയുടെ മൂല്യമിടിവാണ് 10 ദിവസത്തിനിടെ റിലയന്‍സിനുണ്ടായിരിക്കുന്നത്. 2026 ല്‍ ഇതുവരെ 19% ഇടിവ് റിലയന്‍സ് ഓഹരികളിലുണ്ടായി. ഇറാന് സംഘര്‍ഷം മൂലമുള്ള എണ്ണ വില വര്‍ധനവാണ് കമ്പനിക്ക് പ്രധാനമായും തിരിച്ചടിയായിരിക്കുന്നത്.
വിപണി സമ്മര്‍ദ്ദത്തില്‍
ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും കനത്ത സമ്മര്‍ദ്ദത്തില്‍. സെന്‍സെക്സ് 719 പോയന്റ് ഇടിഞ്ഞ് 73,524.26 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 1.04% (243.7 പോയന്റ്) ഇടിഞ്ഞ് 23,123 ല്‍ വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍ സൂചിക 2.33 ശതമാനവും ഓട്ടോ സൂചിക 1.85 ശതമാനവും ഐടി സൂചിക 1.23 ശതമാനവും ഇടിഞ്ഞു. ഹെല്‍ത്ത്കെയര്‍ മേഖലയില്‍ നിന്നുള്ള ഓഹരികള്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇറാന് സംഘര്‍ഷം രൂക്ഷമായതും എണ്ണവില വീണ്ടും ഉയര്‍ന്നതുമാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്.
മുത്തൂറ്റ്, മണപ്പുറം ഓഹരികളില്‍ 6% വരെ ഇടിവ്
സ്വര്‍ണത്തിന്റെ വിലയിടിവിനൊപ്പം ഗോള്‍ഡ് ഫിനാന്‍സ്, ജ്വല്ലറി ഓഹരികളിലും കനത്ത സമ്മര്‍ദ്ദം. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐഐഎഫ്എല്‍ ഫിനാന്‍സ് തുടങ്ങി സ്വര്‍ണ വായ്പാ രംഗത്തുള്ള കമ്പനികളുടെ ഓഹരികള്‍ 6 ശതമാനത്തോളം ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ് 6.35% ഇടിഞ്ഞ് 2,953 ലും മണപ്പുറം ഫിനാന്‍സ് 3.5% ഇടിഞ്ഞ് 297.3 ലും എത്തി. കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വില 5% ഇടിഞ്ഞു. ടൈറ്റന് കമ്പനി ഓഹരി വില 2 ശതമാനത്തിലെറെ താഴേക്കു വീണു. സ്വര്‍ണ വിലയിലെ ശക്തമായ ഇടിവാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് രാവിലെ ഔണ്‍സിന് 4276 ഡോളര്‍ വരെ ഇടിഞ്ഞ ശേഷം വൈകുന്നേരത്തോടെ 4335 ലേക്ക് നഷ്ടം നികത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയിലെത്തി. പവന് 760 രൂപ ഇടിഞ്ഞ് 1,11,240 രൂപയായി.
ഉടന്‍ വെടി നിര്‍ത്തണമെന്ന് ഇസ്രയേലിനോടും ഇറാനോടും ട്രംപ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഇസ്രയേലും ഇറാനും അടിയന്തരമായി വെടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ മഹഷര് പെട്രോകെമിക്കല്‍ പ്ലാന്റ് തകര്‍ത്തെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ട്രംപ് ഫോണില്‍ സംസാരിച്ചു. ഇറാന് അയച്ച 11 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ 80 ദിവസത്തേക്കുള്ള എണ്ണ
ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ അടുത്ത 76-80 ദിവസത്തേക്ക് ആവശ്യമായ എണ്ണയും പ്രകൃതി വാതകവും സ്റ്റോക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എന്നിരുന്നാലും മധ്യേഷ്യയില്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുന്നത് ആശങ്കാകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിലിന്റെയും പ്രകൃതി വാതകത്തിന്റെയും വില വൈകാതെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുരി പറഞ്ഞു.
——————




