ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്ന വനിതകളെ സംബന്ധിച്ചിടത്തോളം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിസിബിലിറ്റി എന്നത് കേവലം ഒരു പരസ്യ തന്ത്രമല്ല, മറിച്ച് ബിസിനസ്സിന്റെ നിലനിൽപ്പിന് അനിവാര്യമായ ഒരു ‘സസ്റ്റൈനബിൾ സ്ട്രാറ്റജി ‘ ആണ്. വിപണിയിൽ നമ്മൾ സജീവമാണെന്ന് ഉപഭോക്താക്കളെ നിരന്തരം ഓർമ്മിപ്പിക്കാൻ വാട്സാപ്പ് സ്റ്റാറ്റസുകൾ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളെ ‘Daily Touchpoints’ ആയി ഉപയോഗിക്കണം. സംരംഭത്തിന്റെ ആദ്യ വർഷങ്ങളിൽ സുഹൃത്തുക്കളും ബന്ധുക്കളുമായിരിക്കും പ്രധാന പിന്തുണ. എന്നാൽ ഈ പരിമിതമായ വൃത്തത്തിന് പുറത്തേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ സംരംഭക തന്നെ മുൻകൈയെടുത്ത് ഉൽപ്പന്നങ്ങൾക്ക് വിസിബിലിറ്റി നൽകണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംരംഭക നിരന്തരം തന്റെ സംരംഭത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കണം. നിശബ്ദമായിരിക്കുന്ന ഒരു സംരംഭം പെട്ടെന്ന് വിസ്മരിക്കപ്പെടും. വെറുമൊരു ഉൽപ്പന്നം ലിസ്റ്റ് ചെയ്യുന്നതിന് പകരം സംരംഭകയുടെ സാന്നിധ്യത്തിൽ ഉപഭോക്താവുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്.
മുഖമാണ് ബ്രാൻഡ്: വിശ്വാസ്യത കെട്ടിപ്പടുക്കണം
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന കാലത്ത്, ഉടമസ്ഥ തന്റെ മുഖം വെളിപ്പെടുത്തുന്നത് ഉപഭോക്താക്കളിൽ വലിയ വിശ്വാസ്യത ഉണ്ടാക്കുന്നു. വലിയ ബ്രാൻഡിംഗ് ഏജൻസികളെയോ മോഡലുകളെയോ നിയമിക്കാൻ സാധിക്കാത്ത ചെറുകിട സംരംഭകർക്ക് ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗമാണ് ‘പേഴ്സണൽ ബ്രാൻഡിംഗ്’. ഒരേ മൽകോട്ടൺ സാരി പത്തുപേർ വിൽക്കുന്നുണ്ടാകാം, എന്നാൽ നിങ്ങളുടെ പക്കൽ നിന്ന് അത് വാങ്ങാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ വ്യക്തിത്വമാണ്. ഇവിടെ ഉടമസ്ഥയുടെ മുഖം തന്നെയാണ് ഉൽപ്പന്നത്തിന്റെ ‘ക്വാളിറ്റി വാറന്റി’. സംരംഭക എന്ന നിലയിലുള്ള ഊർജ്ജസ്വലതയും ആവേശവും കാണുമ്പോൾ, ആവശ്യമില്ലാത്ത സാധനങ്ങൾ പോലും നിങ്ങളെ പിന്തുണയ്ക്കാനായി വാങ്ങാൻ ഉപഭോക്താക്കൾ തയ്യാറാകുന്നു. ഈ വൈകാരികമായ ബന്ധമാണ് ഒരു ബ്രാൻഡിന്റെ യഥാർത്ഥ കരുത്ത്.
ബിസിനസ് എത്തിക്സും ഉത്തരവാദിത്തവും
നിങ്ങൾ ഒരു ബ്രാൻഡിന്റെ മുഖമാകുമ്പോൾ ആ ബിസിനസ്സിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. ‘ പരാതികൾ ഉണ്ടാകുമ്പോൾ മുഖം മറയ്ക്കുന്നത് വളർച്ചയെ തടയും. ഉദാഹരണത്തിന്, ഉത്തരവാദിത്തം ഭയന്ന് തന്റെ പ്രവൃത്തികളോ മുഖമോ വെളിപ്പെടുത്താത്ത ഒരു നെയിൽ ടെക്നീഷ്യൻ സത്യത്തിൽ തന്റെ ബിസിനസ്സിന്റെ വളർച്ചയാണ് പരിമിതപ്പെടുത്തുന്നത്. തെറ്റുകൾ സംഭവിക്കുമ്പോൾ അത് തിരുത്താനും പരാതികൾ പരിഹരിക്കാനും തയ്യാറാകുന്നത് നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കും.
ബ്രാൻഡിന്റെ മുഖമാകുമ്പോൾ പാലിക്കേണ്ട മര്യാദകൾ
- ഗുണമേന്മ ഉറപ്പാക്കൽ: ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നേരിട്ട് പരിശോധിച്ചു ഉറപ്പുവരുത്തുക.
- കൃത്യസമയത്തുള്ള സേവനം : പ്രൊഫഷണലിസം നിലനിർത്താൻ ഡെലിവറി കൃത്യസമയത്ത് നിർവ്വഹിക്കുക.
- സജീവ പരാതി പരിഹാരം : പരാതികളെ ഭയക്കാതെ അവയ്ക്ക് കൃത്യമായ പരിഹാരം (Return/Refund) നൽകുക.
അപകർഷതാബോധം മറികടക്കുക പ്രധാനം
“എന്റെ രൂപം പ്രസന്റബിൾ അല്ല” അല്ലെങ്കിൽ “നല്ല ക്യാമറയില്ല” എന്നൊക്കെയുള്ള ചിന്തകൾ വെറും ന്യായീകരണങ്ങൾ മാത്രമാണ്. സത്യത്തിൽ മോഡലുകളേക്കാൾ സാധാരണ മുഖങ്ങളെയാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുക്കുന്നത്. സ്വന്തം വീടിനുള്ളിലെ സ്വകാര്യ ഇടങ്ങളിൽ ഇരുന്ന് വീഡിയോകൾ ചെയ്യുന്നത് ഒരു ഇൻട്രോവേർട്ട് ആയ വ്യക്തിക്ക് പോലും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. നേരിട്ട് ഒരു ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടതില്ലാത്തതിനാൽ നിങ്ങൾക്ക് കൂടുതൽ സ്മാർട്ടായി സംസാരിക്കാൻ സാധിക്കും. തുടക്കത്തിൽ റീച്ച് കുറവാണെങ്കിൽ പോലും സോഷ്യൽ മീഡിയയിലെ ‘ബൂസ്റ്റിംഗ്’ സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് വലിയൊരു ജനവിഭാഗത്തിലേക്ക് എത്താൻ കഴിയും.
സാമ്പത്തിക സുരക്ഷിതത്വവും സാമൂഹിക പിന്തുണയും
പേഴ്സണൽ ബ്രാൻഡിംഗ് ബിസിനസ്സിനെ ഒരു വൈകാരിക തലത്തിലേക്ക് ഉയർത്തുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ യാത്രാചിലവ് പോലും നോക്കാതെ നിങ്ങളെ തേടിയെത്തുന്നത് ഈ വിശ്വാസ്യത കൊണ്ടാണ്. ഉടമസ്ഥയോടുള്ള ഈ ആദരവ് ബ്രാൻഡിനോടുള്ള വിശ്വസ്തതയായി മാറുന്നു. ഇത് ഓർഡറുകൾ കുറവുള്ള ദിവസങ്ങളിൽ പോലും ബിസിനസ്സിന് സ്ഥിരത നൽകുന്നു. നിങ്ങളുടെ ഐഡന്റിറ്റി തന്നെയാണ് നിങ്ങളുടെ ബിസിനസ്സിന്റെ ഏറ്റവും മൂല്യമുള്ള ആസ്തി. സ്വന്തം പേരും മുഖവും അഭിമാനത്തോടെ ബ്രാൻഡ് ചെയ്യുക; സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി അവിടെ തുടങ്ങുന്നു.




